കൊച്ചി: വാടക കുടിശ്ശികയെച്ചൊല്ലി ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (ജിസിഡിഎ) കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുമായുണ്ടായ തർക്കങ്ങൾ പരിഹരിച്ചു. ഇതോടെ ഞായറാഴ്ച കലൂർ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഐഎസ്എൽ മത്സരം നിശ്ചയിച്ച പ്രകാരംതന്നെ നടക്കും. ഒരാഴ്ചയ്ക്കകം വാടകയും കുടിശ്ശികയും അടയ്ക്കാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറപ്പിൻമേലാണ് ജിസിഡിഎ സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്.

വാടക നൽകാത്തതിനെത്തുടർന്ന് ജിസിഡിഎ അധികൃതർ കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് പൂട്ടുകയും മത്സരത്തിനായുള്ള ഒരുക്കങ്ങൾക്കെത്തിയ പ്രതിനിധികളെ തടയുകയും ചെയ്തതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായത്. സ്റ്റേഡിയത്തിനുള്ളിലെ വസ്തുക്കൾ മാറ്റാനും ജിസിഡിഎ നിർദേശിച്ചിരുന്നു. വാടക സംബന്ധിച്ച തർക്കങ്ങൾക്കിടെ, കരാറുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിന് വേദി നിഷേധിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കുകയും പ്രീ-മാച്ച് വാർത്താസമ്മേളനം ഓൺലൈനായി സംഘടിപ്പിക്കേണ്ടിവരികയും ചെയ്തിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അബീക് ചാറ്റർജിയും ക്ലബ്ബിന്റെ ഉടമകളും ജിസിഡിഎ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. വാടക അടയ്ക്കാൻ കൂടുതൽ സമയം വേണമെന്ന് ബ്ലാസ്റ്റേഴ്സ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ധാരണയോടെ, ഞായറാഴ്ചത്തെ മത്സരത്തെക്കുറിച്ചുള്ള അനിശ്ചിതത്വം പൂർണ്ണമായും നീങ്ങുകയും ആരാധകർക്ക് ആശ്വാസമാകുകയും ചെയ്തു.

അതേസമയം, ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിനോട് കേരള ബ്ലാസ്റ്റേഴ്സ് 2-0ന് തോറ്റിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിൽ തട്ടകത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ടീം മാനേജ്മെന്റും ആരാധകരും. അതേസമയം, ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിനോട് കേരള ബ്ലാസ്റ്റേഴ്സ് 2-0ന് തോറ്റിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിൽ തട്ടകത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ടീം മാനേജ്മെന്റും ആരാധകരും.