വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 ലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് (ആര്‍ആര്‍) തങ്ങളുടെ നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചു, പരിചയവും യുവത്വവും വാഗ്ദാനം ചെയ്യുന്ന താരങ്ങളെയാണ് ടീം നിലനിര്‍ത്തിയത്. 18 കോടി രൂപക്ക് നിലനിര്‍ത്തിയ സഞ്ജു സാംസണ്‍, യശ്വസി ജയ്സ്വാള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ടീം ഏറ്റവും കൂടുതല്‍ തുക മുടക്കിയത്.

147.59 എന്ന ശക്തമായ സ്ട്രൈക്ക് റേറ്റില്‍ 60 ഇന്നിംഗ്സുകളില്‍ നിന്ന് 1,835 റണ്‍സ് സഞ്ജു ഈ കാലയളവില്‍ നേടി. തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പേരുകേട്ട സാംസണിന്റെ നേതൃത്വം കഴിഞ്ഞ നാല് സീസണുകളില്‍ റോയല്‍സിനെ രണ്ട് തവണ പ്ലേ ഓഫിലേക്ക് നയിച്ചു, 2022 ലെ അവിസ്മരണീയമായ റണ്ണര്‍അപ്പ് ഫിനിഷ് ഉള്‍പ്പെടെ. 18 കോടി രൂപയില്‍ ടീമില്‍ തുടരുന്ന സഞ്ജു തന്നെയാ ടീമിന്റെ പ്രതീക്ഷയുടെ പ്രധാന കാരണം.

ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ യശസ്വി ജയ്സ്വാള്‍, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ധ്രുവ് ജുറെല്‍, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, പരിചയസമ്പന്നനായ മീഡിയം പേസര്‍ സന്ദീപ് ശര്‍മ എന്നിവരാണ് സാംസണെ കൂടാതെ ടീം നിലനിര്‍ത്തിയത്. എന്നിരുന്നാലും, ഇന്ത്യയുടെ രണ്ട് സ്റ്റാര്‍ സ്പിന്നര്‍മാര്‍ യുസ്വേന്ദ്ര ചാഹലും രവിചന്ദ്രന്‍ അശ്വിനും ഉള്‍പ്പെടെ, നിലനിര്‍ത്തല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

ചാഹല്‍, അശ്വിന്‍, ബട്ട്‌ലര്‍ തുടങ്ങിയ താരങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് ദ്രാവിഡ് പറഞ്ഞത് ഇങ്ങനെയാണ്. ''ഈ നിലനിര്‍ത്തലുകളില്‍ സഞ്ജുവിന് വലിയ പങ്കുണ്ട്. അവനും ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഒരു ക്യാപ്റ്റനെന്ന നിലയില്‍, ഈ കളിക്കാരുമായി അദ്ദേഹം ഒരുപാട് നല്ല ബന്ധം സ്ഥാപിച്ചതാണ്. ഞങ്ങള്‍ക്ക് നിലനിര്‍ത്താന്‍ കഴിയാത്ത കളിക്കാരെ ഓര്‍ത്ത് ഞങ്ങള്‍ക്ക് വളരെ സങ്കടമുണ്ട്, സഞ്ജു ഇപ്പോള്‍ 5-6 വര്‍ഷമായി ഈ കളിക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്,'' നിലനിര്‍ത്തല്‍ പട്ടിക പ്രഖ്യാപിച്ചതിന് ശേഷം ദ്രാവിഡ് പറഞ്ഞു.

''സഞ്ജു ഒരുപാട് ആലോചിച്ചാണ് പല തീരുമാനങ്ങളും എടുത്തത്. ഒഴിവാക്കപ്പെട്ട പലരും ഞങ്ങളുടെ മികച്ച താരങ്ങള്‍ ആയിരുന്നു. എന്നിട്ടും അവരെ ഞങ്ങള്‍ക്ക് ഒഴിവാക്കേണ്ടത് ആയി വന്നു. പക്ഷെ ഏറ്റവും മികച്ച താരങ്ങളെ തന്നെയാണ് ഞങ്ങള്‍ ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത് എന്ന് പറയാം.'' സഞ്ജു പറഞ്ഞു.