ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര കഴിഞ്ഞ് മടങ്ങിയെത്തിയ സഞ്ജു സാംസണ്‍ രഞ്ജി ട്രോഫിയ്ക്കുള്ള കേരള ടീമിനൊപ്പം ചേര്‍ന്നു. സഞ്ജുവിനൊപ്പം ഫാസ്റ്റ് ബൗളര്‍ ബേസില്‍ എന്‍ പിയും കേരള ടീം ക്യാംപില്‍ എത്തിയിട്ടുണ്ട്. മൂന്നാം ടി20യില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ സഞ്ജുവിന്റെ വരവ് കേരളത്തിന്റെ ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ ശക്തി പകരുമെന്ന് ഉറപ്പാണ്.

ഒക്ടോബര്‍ 18 മുതല്‍ ബെംഗളൂരുവിലാണ് കേരളത്തിന്റെ രണ്ടാം മത്സരം. അലൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയെയാണ് കേരളം നേരിടുന്നത്. രണ്ടാം മത്സരത്തിനുള്ള കേരള ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളം പഞ്ചാബിനെ തകര്‍ത്തിരുന്നു.

അതേസമയം ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണിന്റെ വരവ്. ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. എങ്കിലും മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ നിര്‍ണായക സെഞ്ച്വറി നേടിയാണ് സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചത്. ബംഗ്ലാദേശിനെതിരെ 47 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു 111 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് സിക്‌സും 11 ഫോറും അതില്‍ ഉള്‍പ്പെടുന്നു. മത്സരത്തില്‍ ഒരോവറില്‍ അഞ്ചുസിക്സുകളും സഞ്ജു നേടി.

ഓപ്പണറായി കളിക്കാന്‍ ഇറങ്ങിയ സഞ്ജു തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണ് കാഴ്ച വെച്ചത്. ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ അടക്കം 19 തവണ പന്ത് അതിര്‍ത്തി കടത്തിയ താരം ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് കുറിച്ചത്. ടി20 യില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച താരം മറ്റൊരു റെക്കോര്‍ഡും കൂടി സ്വന്തമാക്കി. ഇതാദ്യമാണ് ടി20യില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സെഞ്ച്വറി തികയ്ക്കുന്നത്.