ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ മെഡല്‍ നേടാനായില്ലെങ്കിലും ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ബ്രാന്‍ഡ് മൂല്യം കുതിച്ചുയര്‍ന്നു. ഒളിംപിക്‌സില്‍ 50 കിലോ ഗ്രാം വനിതാ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഫൈനലില്‍ കടന്നിരുന്നു. ഫൈനലിനു തൊട്ടുമുന്‍പ് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ വിനേഷിനെ സംഘാടകര്‍ അയോഗ്യയാക്കിയതു വന്‍ വിവാദമായിരുന്നു. മെഡല്‍ നേടാന്‍ സാധിച്ചില്ലെങ്കിലും രാജ്യത്തു തിരിച്ചെത്തിയ വിനേഷിന് ഗംഭീര സ്വീകരണമാണു ലഭിച്ചത്. ഡല്‍ഹി വിമാനത്താവളത്തിലും, സ്വന്തം നാടായ ഹരിയാനയിലും വിനേഷിനെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.

പാരീസ് ഒളിമ്പിക്സിന് മുമ്പ് വാങ്ങുന്നതിനേക്കാള്‍ നാലിരട്ടിയോളം കൂടുതല്‍ പ്രതിഫലമാണ് വിനേഷ് ഇപ്പോള്‍ വാങ്ങുന്നതെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസ് ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ നീരജ് ചോപ്രയും മനു ഭാക്കറും പരസ്യപ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്.

പാരീസ് ഒളിമ്പിക്സിന് ശേഷം വിനേഷിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ന്നിട്ടുണ്ട്. ഒളിമ്പിക്സിന് മുമ്പ് ഓരോ എന്‍ഡോഴ്സ്മെന്റ് ഡീലിനും 25 ലക്ഷം രൂപയാണ് താരം വാങ്ങിയിരുന്നത്. ഇപ്പോള്‍ അത് 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാരീസ് ഒളിമ്പിക്സില്‍ മെഡല്‍ നേടാനായില്ലെങ്കിലും വിനേഷ് ഫൈനലിന് മുമ്പ് അയോഗ്യയാക്കപ്പെട്ടത് രാജ്യത്തെയൊന്നാകെ ഞെട്ടിച്ചിരുന്നു. ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടു.

ഒളിംപിക്‌സിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ വിനേഷിന്റെ 'ബ്രാന്‍ഡ് വാല്യു' കുതിച്ചുയര്‍ന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് വിനേഷ് ഫോഗട്ട് ഇപ്പോള്‍ വാങ്ങുന്നത്. അയോഗ്യയാക്കിയതിനു പിന്നാലെ കായിക തര്‍ക്ക പരിഹാര കോടതിയില്‍ വിനേഷ് ഫോഗട്ട് അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അനുകൂല വിധിയായിരുന്നില്ല ലഭിച്ചത്.

വെള്ളി മെഡല്‍ അനുവദിക്കണമെന്നായിരുന്നു വിനേഷിന്റെ ആവശ്യം. എന്നാല്‍ രാജ്യാന്തര കോടതി വിനേഷിന്റെ അപ്പീല്‍ തള്ളിക്കളഞ്ഞു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ബന്ധുവും ബിജെപി നേതാവുമായ ബബിത ഫോഗട്ടിനെതിരെ വിനേഷ് മത്സരിച്ചേക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാരിസ് ഒളിംപിക്‌സില്‍ രണ്ടു വെങ്കല മെഡലുകള്‍ നേടിയ ഷൂട്ടിങ് താരം മനു ഭാകറിന്റെയും ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നിട്ടുണ്ട്. ഒരു കരാറിന് 25 ലക്ഷം രൂപവരെ വാങ്ങിയിരുന്ന മനുവിന് ഇപ്പോള്‍ 1.5 കോടി രൂപയാണു ലഭിക്കുന്നത്. ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിച്ചിട്ടുണ്ട്.