- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രായേലിനെ അന്താരാഷ്ട്ര കായിക വേദികളിൽ നിന്ന് വിലക്കണം; ഇസ്രായേൽ യോഗ്യത നേടിയാൽ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് സ്പെയിൻ
മാഡ്രിഡ്: ഗാസയിൽ ഇസ്രായേൽ നടത്തിവരുന്ന നടപടികളിൽ പ്രതിഷേധമറിയിച്ച് 2026 ഫുട്ബോൾ ലോകകപ്പിൽ നിന്ന് സ്പെയിൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇസ്രായേൽ യോഗ്യത നേടുകയാണെങ്കിൽ ലോകകപ്പിൽ സ്‌പെയിൻ ടീമിനെ അയക്കണമോയെന്ന് ആലോചിക്കുമെന്ന് സ്പെയിൻ ഭരണകൂടം അറിയിച്ചു. അടുത്ത വർഷം ജൂണിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ടൂർണമെന്റ് വേദിയാകുന്നത്.
ഗാസയിലെ വിഷയത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ ശക്തമായി പ്രതികരിച്ചിരുന്നു. ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലകൾ തുടരുന്ന കാലം അവരെ അന്താരാഷ്ട്ര കായിക വേദികളിൽ നിന്ന് വിലക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
നിലവിൽ യോഗ്യതാ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്പെയിൻ കിരീട സാധ്യതയുള്ള ടീമുകളിലൊന്നാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇസ്രായേൽ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് ജേതാക്കൾക്ക് നേരിട്ടും, മികച്ച രണ്ടാം സ്ഥാനക്കാർക്ക് പ്ലേ ഓഫ് വഴിയും യോഗ്യത നേടാം. ഇസ്രായേൽ യോഗ്യത നേടിയാൽ ലോകകപ്പ് ബഹിഷ്കരിക്കാൻ സ്പാനിഷ് പാർലമെന്റിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പ് വക്താവ് പാറ്റ്ക്സി ലോപ്പസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനും (ഫിഫ), യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനും (യുവേഫ) ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.