മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാംതവണയും കിരീടം ചൂടി ഇറ്റാലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍. ഞായറാഴ്ച റോഡ് ലേവര്‍ അരീനയില്‍ നടന്ന ഫൈനലില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴടക്കിയത്. സ്‌കോര്‍ 6-3, 7-6 (4), 6 - 3. മൂന്ന് സെറ്റുകളും നേടി സിന്നറിന്റെ സമ്പൂര്‍ണ ആധിപത്യമാണ് ഫൈനലില്‍ കണ്ടത്. കന്നി ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ട് മൂന്നാം ഗ്രാന്‍സ്ലാം ഫൈനലിന് ഇറങ്ങിയ ലോക രണ്ടാം നമ്പര്‍ താരം അലക്‌സാണ്ടര്‍ സ്വരേവിന് ഇത്തവണയും തോല്‍വി നേരിട്ടു.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ തുടര്‍ച്ചയായി രണ്ടുതവണ മുത്തമിടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഇരുപത്തിമൂന്നുകാരനായ യാനിക് സിന്നര്‍. 1992-93ല്‍ ജിം കൊറിയറാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്തിയ ഏറ്റവും പ്രായംകുറഞ്ഞ താരം. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നിലനിര്‍ത്തുന്ന 11-ാമത്തെ പുരുഷ ടെന്നീസ് താരവുമാണ് സിന്നര്‍. കഴിഞ്ഞവര്‍ഷം റഷ്യയുടെ ദാനില്‍ മെദ്വദേവിനെ തകര്‍ത്തായിരുന്നു സിന്നറിന്റെ കിരീട ധാരണം.

ഇതോടെ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച്, ആന്ദ്രെ അഗാസി എന്നിവര്‍ക്കു ശേഷം ഈ നൂറ്റാണ്ടില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ പുരുഷ താരമായും സിന്നര്‍ മാറി. ഇറ്റാലിയന്‍ താരത്തിന്റെ മൂന്നാം ഗ്രാന്‍സ്‌ലാം കിരീടം കൂടിയാണിത്. 2024ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനു പുറമേ, യുഎസ് ഓപ്പണിലും സിന്നര്‍ കിരീടം ചൂടിയിരുന്നു. മൂന്നു ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ ഇറ്റാലിയന്‍ താരം കൂടിയാണ് സിന്നര്‍.

നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് ഇരുപത്തേഴുകാരനായ അലക്സാണ്ടര്‍ സ്വരേവ്. 2019-ല്‍ ജോക്കോവിച്ച് നദാലിനെ തകര്‍ത്ത് കിരീടം നേടിയ ശേഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇതാദ്യമായാണ് ലോക ഒന്നാം നമ്പര്‍ താരവും രണ്ടാം നമ്പര്‍ താരവും തമ്മില്‍ പുരുഷ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

ഇതിനു മുന്‍പു രണ്ടു തവണ ഗ്രാന്‍സ്ലാം ഫൈനലില്‍ കടന്നപ്പോഴും, രണ്ടാം സ്ഥാനക്കാരനാകാനായിരുന്നു സ്വരേവിന്റെ വിധി. 2020ല്‍ യുഎസ് ഓപ്പണ്‍ ഫൈനലിലും 2024ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും തോറ്റ സ്വരേവ്, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സിന്നറിനെതിരായ തോല്‍വിയോടെ റണ്ണര്‍ അപ്പ് എന്ന നിലയില്‍ ഹാട്രിക്ക് തികച്ചു.

നേര്‍ക്കുനേര്‍ പോരാട്ടങ്ങില്‍ സിന്നറിനു മേലുള്ള ആധിപത്യവും മെല്‍ബണില്‍ സ്വരേവിനെ സഹായിച്ചില്ല. ഇതിനു മുന്‍പ് ഇരുവരും ഏറ്റുമുട്ടിയ ആറു മത്സരങ്ങളില്‍ നാലിലും സ്വരേവാണ് ജയിച്ചത്. ഗ്രാന്‍സ്ലാം വേദികളില്‍ മൂന്നു തവണ കണ്ടുമുട്ടിയപ്പോള്‍, യുഎസ് ഓപ്പണില്‍ രണ്ടുതവണയും സ്വരേവും ഫ്രഞ്ച് ഓപ്പണില്‍ 2020ല്‍ സിന്നറും ജയിച്ചു. അതേസമയം, ഇതിനു മുന്‍പ് ഇരുവരും ഏറ്റവും ഒടുവില്‍ നേര്‍ക്കുനേര്‍ എത്തിയ സിന്‍സിനാറ്റി ടൂര്‍ണമെന്റിന്റെ സെമിയില്‍ സിന്നര്‍ സ്വരേവിനെ വീഴ്ത്തിയിരുന്നു.

സെമിയില്‍ സെര്‍ബ് ഇതിഹാസം നൊവാക് ജോക്കോവിച്ച് ഇടതുകാലിലെ പേശിക്ക് പരിക്കേറ്റ് പിന്‍വാങ്ങിയതോടെ സ്വരേവ് ഫൈനല്‍ യോഗ്യത നേടുകയായിരുന്നു. സ്വരേവിനെതിരായ കളിയില്‍ ഒരു സെറ്റ് നഷ്ടമായതിനുശേഷമാണ് ജോക്കോവിച്ച് മടങ്ങിയത്. സിന്നര്‍ അമേരിക്കയുടെ 21-ാം സീഡ് ബെന്‍ ഷെല്‍ട്ടനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫൈനല്‍ പ്രവേശം നേടിയത്.

കിരീടത്തിലേക്ക് സിന്നറിന്റെ വഴി

ഒന്നാം റൗണ്ട് നിക്കോളാസ് ജാറി (7 - 6 (7 -2), 7 - 6 (7 - 5), 6 - 1)

രണ്ടാം റൗണ്ട് ട്രിസ്റ്റണ്‍ സ്‌കൂള്‍കെയ്റ്റ് (4 - 6, 6- 4, 6- 1, 6- 3)

മൂന്നാം റൗണ്ട് മാര്‍ക്കസ് ജിറോണ്‍ (6- 3, 6- 4, 6- 2)

നാലാം റൗണ്ട് ഹോള്‍ഗര്‍ റൂണ്‍ (6- 3, 3- 6, 6- 3, 6- 2)

ക്വാര്‍ട്ടര്‍ ഫൈനല്‍ അലക്‌സ് ഡി മിനോര്‍ (6- 3, 6- 2, 6- 2)

സെമിഫൈനല്‍ ബെന്‍ ഷെല്‍ട്ടന്‍ (7- 6 (7- 2), 6- 2, 6- 2)