ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ആരാധകന്റെ തൊപ്പി പിടിച്ച് മാറ്റിയെന്ന വിവാദത്തിൽ പ്രതികരണവുമായി പോളിഷ് ടെന്നീസ് താരം കാമിൽ മജ്‌ച്‌സ്രാക്ക്. സംഭവത്തിന്റെ വിഡിയോ വൈറലായതിനെത്തുടർന്നാണ് താരം പ്രതികരണവുമായി എത്തിയത്.

ചൊവ്വാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. കളി കഴിഞ്ഞ് ആരാധകരുമായി സംവദിക്കുന്നതിനിടെ മജ്‌ച്‌സ്രാക്ക് തന്റെ തൊപ്പി ഒരു കുട്ടിയുടെ നേരെ നീട്ടി. എന്നാൽ, കുട്ടിയുടെ തൊട്ടടുത്തുണ്ടായിരുന്ന ഒരാൾ അത് പെട്ടെന്ന് പിടിച്ചുവാങ്ങുകയായിരുന്നു. തൊപ്പി തിരികെ ലഭിക്കാനായി കുട്ടി കേണപേക്ഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

പിന്നീട്, കുട്ടിയുടെ പേര് ബ്രോക്ക് എന്നാണെന്ന് കണ്ടെത്തിയ മജ്‌ച്‌സ്രാക്ക്, കുട്ടിയെ നേരിൽ കാണുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടിയുടെ സന്തോഷം പങ്കുവെച്ചുകൊണ്ട് താരം ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്. "ഇന്ന് വാം അപ്പിന് ശേഷം ഞാൻ നല്ലൊരു കൂടിക്കാഴ്ച നടത്തി. നിങ്ങൾ ഈ തൊപ്പി തിരിച്ചറിയുന്നുണ്ടോ?" എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

ലോക റാങ്കിംഗിൽ 76-ാം സ്ഥാനത്തുള്ള മജ്‌ച്‌സ്രാക്ക്, റഷ്യൻ താരം കറൻ ഖാച്ചനോവിനെതിരെ മത്സരം ജയിച്ചിരുന്നു. എന്നാൽ, പിന്നീട് നടന്ന മത്സരത്തിൽ ഇന്റർകോസ്റ്റൽ പേശിക്കേറ്റ പരിക്കിനെത്തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്, തൊപ്പി പിടിച്ചുമാറ്റിയ വ്യക്തി പോളണ്ടിലെ ഒരു കമ്പനിയുടെ സിഇഒയായ പിയോറ്റർ ഷെസെറെക് ആണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.