- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടക തർക്കത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് കൊച്ചിയിൽ 'റെഡ് കാർഡ്'; ഗേറ്റ് പൂട്ടിയതോടെ ഛേത്രിയും സംഘവും പുറത്ത്; പരിശീലനവും വാർത്താസമ്മേളനവും മുടങ്ങി; ആരാധകർക്കിടയിൽ വൻ പ്രതിഷേധം

കൊച്ചി: ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനായുള്ള പരിശീലനത്തിന് കൊച്ചിയിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് അധികൃതരുടെ 'റെഡ് കാർഡ്'. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ വാടകയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ദേശീയ ടീമിന്റെ പരിശീലന സെഷനും നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനവും മുടങ്ങി. ഒരു പതിറ്റാണ്ടിന് ശേഷം കൊച്ചിയിലെത്തിയ ടീമിന് നേരിടേണ്ടി വന്ന ഈ ദുരനുഭവം കായികപ്രേമികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനത്തിനായി ഇന്ത്യൻ കോച്ച് ഖാലിദ് ജമീലും മലയാളി താരങ്ങളും സ്റ്റേഡിയത്തിലെത്തിയെങ്കിലും അധികൃതർ ഗേറ്റ് തുറന്നുകൊടുക്കാൻ തയ്യാറായില്ല. സുനിൽ ഛേത്രി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ പരിശീലനത്തിനായി എത്തിയപ്പോഴും ഇതേ നിലപാടാണ് ജിസിഡിഎ സ്വീകരിച്ചത്.
മത്സരത്തിന് മുന്നോടിയായി നൽകേണ്ട 25 ലക്ഷം രൂപയുടെ സുരക്ഷാ നിക്ഷേപമോ, 3 ലക്ഷം രൂപയും ജിഎസ്ടിയും അടങ്ങുന്ന വാടകയോ കേരള ഫുട്ബോൾ അസോസിയേഷൻ (KFA) അടച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. തുക ലഭിക്കാതെ സ്റ്റേഡിയം വിട്ടുനൽകില്ലെന്ന നിലപാടിൽ ജിസിഡിഎ ഉറച്ചുനിന്നതോടെ ടീമിന് പുറത്തുനിൽക്കേണ്ടി വന്നു.
പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ കോച്ചും താരങ്ങളും മാധ്യമപ്രവർത്തകരും അരമണിക്കൂറോളം സ്റ്റേഡിയത്തിന് പുറത്ത് കാത്തുനിന്നു. എന്നാൽ അധികൃതർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് പത്രസമ്മേളനം ഉപേക്ഷിക്കുന്നതായി ടീം മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു. തുടർന്ന് ടീം മടങ്ങി.
മാർച്ച് 31-ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന നിർണ്ണായക മത്സരത്തിനുള്ള തയ്യാറെടുപ്പിനായാണ് ഖാലിദ് ജമീലിന്റെ കീഴിലുള്ള സംഘം കൊച്ചിയിലെത്തിയത്. ദേശീയ ടീമിനോട് കാട്ടിയ ഈ അവഗണനയ്ക്കെതിരെ കായികരംഗത്തെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നം അടിയന്തരമായി പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.


