മൊണാക്കോ: യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പുതിയ പതിപ്പിന്റെ നറുക്കെടുപ്പ് പൂർത്തിയായി. മൊണാക്കോയിൽ നടന്ന ചടങ്ങിൽ, ലീഗ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ 36 ടീമുകളെ നാല് പോട്ടുകളിലായാണ് തിരിച്ചിരിക്കുന്നത്. ഓരോ പോട്ടിലും ഒമ്പത് ടീമുകൾ വീതമുണ്ട്. പരമ്പരാഗത ഗ്രൂപ്പ് സ്റ്റേജിന് പകരം, പ്ലേ ഓഫിലൂടെ യോഗ്യത നേടുന്ന ടീമുകളടക്കം ഒറ്റ ലീഗ് ഘട്ടമായാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്.

സീസണിലെ ചാമ്പ്യൻമാരായ പി.എസ്.ജി, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, ലിവർപൂൾ, ഇന്റർ മിലാൻ, ചെൽസി, ബൊറൂസിയ ഡോർട്ട്മുണ്ട്, ബാഴ്സലോണ എന്നീ ടീമുകളാണ് ആദ്യ പോട്ടിലുള്ളത്. പോട്ട് രണ്ടിൽ ആഴ്സണൽ, ലെവർകുസൻ, അത്ലറ്റിക്കോ മാഡ്രിഡ്, ബെൻഫിക, അറ്റ്ലാന്റ, വിയ്യാറയൽ, യുവന്റസ്, ഫ്രാങ്ക്ഫർട്ട്, ക്ലബ് ബ്രൂഗ് തുടങ്ങിയ പ്രമുഖ ടീമുകൾ ഇടം നേടിയിട്ടുണ്ട്.

ഓരോ ടീമും നാല് പോട്ടുകളിൽ നിന്നുള്ള രണ്ട് ടീമുകളുമായി ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി, ബയേൺ (ഹോം), ബാഴ്സലോണ (എവേ), അറ്റ്ലാന്റ (ഹോം), ബയർ ലെവർകുസൻ (എവേ), ടോട്ടൻഹാം (ഹോം), സ്പോർട്ടിങ് (എവേ), ന്യൂകാസിൽ (ഹോം), അത്ലറ്റിക് ക്ലബ് (എവേ) ടീമുകളുമായി കളിക്കും.


മാഞ്ചസ്റ്റർ സിറ്റിക്ക് ബൊറൂസിയ (ഹോം), റയൽ (എവേ), ബയർ ലെവർകുസൻ (ഹോം), വിയ്യാ റയൽ (എവേ), ഗലറ്റസാരെ (ഹോം), മൊണാക്കോ (എവേ) ടീമുകളാണ് എതിരാളികൾ. ലിവർപൂൾ സ്വന്തം മൈതാനത്ത് റയൽ മാഡ്രിഡിനെ നേരിടും. ബാഴ്സലോണ പി.എസ്.ജി, ചെൽസി, ഫ്രാങ്ക്ഫർട്ട്, ന്യൂകാസിൽ, കോപൻഹാഗൻ ടീമുകളുമായി ഏറ്റുമുട്ടും. സെപ്റ്റംബർ മുതൽ ജനുവരി വരെയാണ് ലീഗ് മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ സീസണിൽ ലീഗ് ഘട്ടത്തിൽ കളിച്ച 16 ടീമുകൾ മാത്രമാണ് ഇത്തവണയും യോഗ്യത നേടിയിരിക്കുന്നത്