ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയത്തുടക്കമിട്ട് ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ സിറ്റി, ഫ്രാങ്ക്ഫര്‍ട് ടീമുകള്‍. ബയര്‍ ലെവര്‍കൂസനെ കോപെന്‍ഹഗന്‍ സമനിലയില്‍ തളച്ചു. സ്‌പോര്‍ടിങ്, ക്ലബ് ബ്രുഗ്ഗെ ടീമുകളും ജയത്തുടക്കമിട്ടു.

ലണ്ടനിൽ നടന്ന മത്സരത്തിൽ ന്യൂകാസിലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സലോണ ലീഗിൽ തുടക്കം കുറിച്ചത്. കളിയുടെ 58, 67 മിനിറ്റുകളിൽ മാർക്കസ് റാഷ്ഫോർഡിന്റെ ഗോളുകളാണ് ബാഴ്സലോണയുടെ വിജയമുറപ്പിച്ചത്. 90-ാം മിനിറ്റിൽ ആന്തണി ഗോർഡൻ ന്യൂകാസിലിനായി ആശ്വാസഗോൾ നേടി. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.

സ്വന്തം തട്ടകമായ എത്തിഹാദിൽ നടന്ന മത്സരത്തിൽ നാപ്പോളിയെ 2-0 ന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയിച്ചത്. 56-ാം മിനിറ്റിൽ എർലിങ് ഹാളണ്ടും 65-ാം മിനിറ്റിൽ ജെറെമി ഡോക്കുവുമാണ് സിറ്റിക്കുവേണ്ടി വലകുലുക്കിയത്. കളിയുടെ 21-ാം മിനിറ്റിൽ നാപ്പോളി താരം ഗിവാനി ഡി ലോറൻസോ ചുവപ്പ് കാർഡ് വാങ്ങി പുറത്തായത് അവർക്ക് തിരിച്ചടിയായി.

ഇതിനെത്തുടർന്ന് 10 പേരുമായാണ് നാപ്പോളി ശേഷിച്ച സമയം കളിച്ചത്. മറ്റ് മത്സരങ്ങളിൽ ഫ്രാങ്ക്ഫർട്ട് ഗലാത്സരയെ 5-1 ന് തകർത്തു. ക്ലബ് ബ്രുഗ്ഗെ മൊണാക്കോയെ 4-1 ന് അട്ടിമറിച്ചു. ബയർ ലെവർകൂസനെ കോപ്പൻഹേഗൻ 2-2 ന് സമനിലയിൽ തളച്ചു