- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടർ 17 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് പോർച്ചുഗൽ; ഫൈനലിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; ഗോൾഡൻ ബോൾ മാറ്റിയസ് മൈഡിന്; ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ജോഹന്നാസ് മോസർ
ദോഹ: യൂറോപ്യൻ ശക്തികളായ പോർച്ചുഗലിന് ഫിഫ അണ്ടർ 17 ലോകകപ്പിൽ ചരിത്രകിരീടം. ഖത്തറിലെ ദോഹയിൽ നടന്ന ഫൈനലിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പോർച്ചുഗീസ് യുവനിര ലോകചാമ്പ്യന്മാരായത്. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ അണ്ടർ 17 ലോകകപ്പ് നേട്ടമാണിത്. ഈ വർഷം യൂറോപ്യൻ അണ്ടർ 17 കിരീടം നേടിയതിന് പിന്നാലെ ലോകകപ്പും സ്വന്തമാക്കി പോർച്ചുഗൽ "ഗോൾഡൻ ഡബിൾ" തികച്ചു.
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരം ഇരുടീമുകൾക്കും അവരുടെ ചരിത്രത്തിലെ ആദ്യത്തെ അണ്ടർ 17 ലോകകപ്പ് ഫൈനൽ പോരാട്ടമായിരുന്നു. കളി തുടങ്ങി 32-ാം മിനിറ്റിൽ ലഭിച്ച അവസരം ഗോളാക്കി മാറ്റിയ മുന്നേറ്റനിര താരം അനീസിയോ കബ്രാലാണ് പോർച്ചുഗലിന്റെ വിജയശിൽപി. വലത് വിങ്ങിൽ നിന്നുള്ള മനോഹരമായൊരു മുന്നേറ്റത്തിനൊടുവിൽ ലഭിച്ച ക്രോസ് കൃത്യസമയത്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ട് കബ്രാൽ പോർച്ചുഗലിന് നിർണ്ണായകമായ ലീഡ് സമ്മാനിച്ചു. ടൂർണമെന്റിൽ കബ്രാലിന്റെ ഏഴാം ഗോളായിരുന്നു ഇത്.
85-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡാനിയേൽ ഫ്രോഷർ തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ഓസ്ട്രിയൻ ആരാധകർക്ക് നിരാശയായി. കളിയിലുടനീളം ശക്തമായ പ്രതിരോധം തീർക്കാനും മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കാനും പോർച്ചുഗലിന് കഴിഞ്ഞു. ആദ്യമായി ഒരു ലോക ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയ ഓസ്ട്രിയയുടെ കുതിപ്പ് ഫൈനലിൽ അവസാനിച്ചെങ്കിലും, ജോഹന്നാസ് മോസറിൻ്റെ മികവ് ശ്രദ്ധേയമായിരുന്നു.
കിരീട നേട്ടത്തിന് പുറമെ വ്യക്തിഗത അവാർഡുകളിലും പോർച്ചുഗൽ തിളങ്ങി. പോർച്ചുഗലിൻ്റെ മധ്യനിര മാന്ത്രികൻ മാറ്റിയസ് മൈഡ് ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടി. എട്ട് ഗോളുകളുമായി ഓസ്ട്രിയയുടെ ജോഹന്നാസ് മോസർ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയപ്പോൾ, പോർച്ചുഗൽ ഗോൾകീപ്പർ റൊമാരിയോ കുൻഹ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവ് അവാർഡ് നേടി.




