- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്‍ത്തവം ഇളവിനുള്ള ഉപാധിയല്ല; ഭാരം നിയന്ത്രണം താരത്തിന്റെ ഉത്തരവാദിത്തം; 1 ഗ്രാം കൂടിയാലും അയോഗ്യത! വിനേഷിന്റെ അപ്പീലില്‍ വിധി പകര്‍പ്പ് ഇങ്ങനെ
പാരീസ്: ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വെള്ളി മെഡലിന് സംയുക്ത ജേതാവായി പരിഗണിക്കണമെന്ന് കാണിച്ച് വിനേഷ് ഫോഗാട്ട് നല്കിയ അപ്പീലില്‍ കായിക തര്‍ക്ക പരിഹാര കോടതിയുടെ റിപ്പോര്‍ട്ട് പുറത്ത്.24 പേജുള്ള വിശദമായ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഭാരം നിലനിര്‍ത്തേണ്ടത് താരത്തിന്റെ ഉത്തരവാദിത്തമാണെന്നും ഒരു ഗ്രാം കൂടിയാല്‍പ്പോലും അയോഗ്യതയാണെന്നും വിധിയില്‍ വ്യക്തമാക്കുന്നു.എന്നാല്‍ നിയമത്തിലെ പോരായ്മയും വിധി പകര്‍പ്പില്‍ ചൂണ്ടിക്കാട്ടുന്ന കോടതി നിര്‍ദയം എന്നാണ് നിയമത്തിലെ ചില മാനദണ്ഡങ്ങളെ വിശേഷിപ്പിച്ചത്. ഭാരം സംബന്ധിച്ച നിയമം വിനേഷിനും അറിയാവുന്നതാണെന്നും നിയമം […]
പാരീസ്: ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വെള്ളി മെഡലിന് സംയുക്ത ജേതാവായി പരിഗണിക്കണമെന്ന് കാണിച്ച് വിനേഷ് ഫോഗാട്ട് നല്കിയ അപ്പീലില്‍ കായിക തര്‍ക്ക പരിഹാര കോടതിയുടെ റിപ്പോര്‍ട്ട് പുറത്ത്.24 പേജുള്ള വിശദമായ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഭാരം നിലനിര്‍ത്തേണ്ടത് താരത്തിന്റെ ഉത്തരവാദിത്തമാണെന്നും ഒരു ഗ്രാം കൂടിയാല്‍പ്പോലും അയോഗ്യതയാണെന്നും വിധിയില്‍ വ്യക്തമാക്കുന്നു.എന്നാല്‍ നിയമത്തിലെ പോരായ്മയും വിധി പകര്‍പ്പില്‍ ചൂണ്ടിക്കാട്ടുന്ന കോടതി നിര്‍ദയം എന്നാണ് നിയമത്തിലെ ചില മാനദണ്ഡങ്ങളെ വിശേഷിപ്പിച്ചത്.
ഭാരം സംബന്ധിച്ച നിയമം വിനേഷിനും അറിയാവുന്നതാണെന്നും നിയമം എല്ലാ താരങ്ങള്‍ക്കും ഒരു പോലെ ബാധകമാണെന്നും
കായിക കോടതിയുടെ വിധിയില്‍ പറയുന്നു.ആര്‍ത്തവ ദിവസങ്ങള്‍ കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.ഇത്തരം ഇളവ് നല്കാന് നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും 50 കിലോയെക്കാള്‍ ഒരു ഗ്രാം പോലും കൂടരുതെന്നാണ് ചട്ടമെന്നും കായിക കോടതിയുടെ വിധിയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ നിയമത്തിലെ പോരായ്മകളെക്കുറിച്ച് ശ്രദ്ധേയമായ പരാമര്‍ശങ്ങളും കായിക കോടതിയുടെ വിധിയിലുണ്ട്.രണ്ടാമത്തെ ഭാരപരിശോധനയുടെ പ്രത്യാഘാതം നിര്‍ദയമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. താരം മനഃപൂര്‍വം വരുത്താത്ത പിഴവിനും കടുത്ത ശിക്ഷയാണ് അനുഭവിക്കുന്നത്. പൂര്‍ത്തിയായ മത്സരങ്ങള്‍ക്ക് അനുസരിച്ച് ഫലപ്രഖ്യാപനം നടത്തുകയാണ് അനുയോജ്യം. എങ്കിലും യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് (യുഡബ്ല്യുഡബ്ല്യു) നിയമത്തിന് അപ്പുറത്തേക്ക് പോകുന്നതിന് കോടതിക്ക് പരിധിയുണ്ടെന്നും വിധിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.
50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനാണ് അയോഗ്യയാക്കിയത്.100 ഗ്രാം ഭാരകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഫൈനല്‍ വരെ മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആവശ്യം. എന്നാല്‍ നിയമത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ വാദം അംഗീകരിച്ചാണ് വിനേഷിന്റെ അപ്പീല്‍ കോടതി തള്ളിയത്.
അതേസമയം അപ്രതീക്ഷിത തിരിച്ചടി നേരിട്ടിട്ടും വിനേഷ് ഫോഗട്ട് രാജ്യത്ത് തിരിച്ചെത്തിയപ്പോള്‍ ഉജ്ജ്വലസ്വീകരണമായിരുന്നു ലഭിച്ചത്.ആര്‍പ്പും ആരവവും ആഹ്ലാദവും ഉയര്‍ത്തി ഡല്‍ഹി വിമാനത്താവളത്തില്‍ തുടങ്ങി, 20 ഓളം സ്വീകരണയോഗങ്ങളില്‍ പങ്കെടുത്ത് വിനേഷ് സ്വന്തം ഗ്രാമത്തിലെത്തിയപ്പോള്‍ പുലര്‍ച്ചെ ഒരു മണിയായിരുന്നു. നീണ്ട യാത്രയ്ക്കൊടുവില്‍ ഹരിയാണയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ ബാലാലി ഗ്രാമത്തിലെത്തിയപ്പോഴേക്കും വിനേഷ് ക്ഷീണിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പ്രിയ താരത്തെ കാത്ത് നൂറു കണക്കിന് ഗ്രാമീണര്‍ ഉറക്കമിഴിച്ച് അവിടെ തടിച്ചുകൂടിയിരുന്നു.
'ഒളിമ്പിക്സ് മെഡല്‍ നഷ്ടമായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ മുറിവ് ഉണക്കാന്‍ എത്ര സമയമെടുക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ സഹ ഇന്ത്യന്‍ താരങ്ങളില്‍ നിന്നും എന്റെ ഗ്രാമത്തില്‍ നിന്നും എന്റെ കുടുംബാംഗങ്ങളില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള സ്നേഹം, ഈ മുറിവ് ഉണക്കാന്‍ എനിക്ക് കുറച്ച് ധൈര്യം ലഭിക്കും. ഒരുപക്ഷേ, എനിക്ക് ഗുസ്തിയിലേക്ക് മടങ്ങാം. ഞാന്‍ ഗുസ്തി പിന്തുടരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഇന്ന് എനിക്ക് ലഭിച്ച ധൈര്യം, അത് ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടം തുടരും, സത്യം ജയിക്കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു' വിനേഷ് തന്റെ ഗ്രാമത്തിലുള്ളവരോട് പറഞ്ഞു.