പാരീസ്: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വെള്ളി മെഡല്‍ കിട്ടുമോയെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നു. കായിക കോടതി( സിഎഎസ്) തീരുമാനം വീണ്ടും മാറ്റി വച്ചു. പാരീസ് ഒളിമ്പിക്‌സ് തീരും മുമ്പേ വിധി പറയുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതു രണ്ടാം തവണയും വിധി പറയുന്നത് നീട്ടി. ആദ്യം ഓഗസ്റ്റ് 10 നായിരുന്നു വിധി തീയതി. പിന്നീട് ഓഗസ്റ്റ് 13 ലേക്ക് നീട്ടി. പുതിയ വിധി പ്രഖ്യാപന തീയതി ഓഗസ്റ്റ് 16 ആണ്.

ഒളിമ്പിക്‌സ് വനിതാ ഗുസ്തി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തിതാരമായി മാറിയ വിനേഷിന്റെ പതനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. 50 കിലോ വിഭാഗം ഫൈനലിന് മുന്നോടിയായി നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായി കണ്ടെത്തിയതോടെ വിനേഷിനെ അയോഗ്യയാക്കി.

ഇതേതുടര്‍ന്നാണ് 1984 ല്‍ നിലവില്‍ വന്ന സി എ എസ് എന്ന അന്താരാഷ്ട്ര സ്ഥാപനത്തെ വിനേഷ് സമീപിച്ചത്. മത്സരത്തിന്റെ ആദ്യനാളില്‍ അനുവദനീയ ഭാരപരിധിക്ക് ഉള്ളിലായിരുന്നു എന്ന വാദം ഉന്നയിച്ചാണ് അപ്പീല്‍. ഇനി വെള്ളിയാഴ്ച പാരീസ് സമയം ആറ് മണി വരെ കാത്തിരിക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഐഒഎ പ്രസിഡന്റ് പി ടി ഉഷയുമായും, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ആയുള്ള സിഎഎ ആര്‍ബിട്രേറ്റര്‍ ഡോ. അനബെല്‍ ബെന്നറ്റിന്റെ കൂടിക്കാഴ്ച നീട്ടി വച്ചു.

ക്യൂബന്‍ ഗുസ്തി താരം യുസ്‌നെലിസ് ഗുസ്മാന്‍ ലോപ്പസിനൊപ്പം തനിക്കും വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷിന്റെ ആവശ്യം. സെമിയില്‍ ക്യൂബന്‍ താരം വിനേഷിനോട് തോറ്റിരുന്നു. വിനേഷിനെ അയോഗ്യയാക്കിയതോടെയാണ് അവര്‍ ഫൈനലിലേക്ക് കടന്നത്.