പാരീസ്: വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലില്‍ ഭാരക്കൂടുതല്‍ കാരണം വിനേഷ് ഫോഗട്ട് അയോഗ്യയായെന്ന ഹൃദയഭേദകമായ വാര്‍ത്തയാണ് പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് എത്തിയിരിക്കുന്നത്. ഒളിമ്പിക്‌സിലെ വനിതാ ഗുസ്തി ഫൈനലില്‍ എത്തിയ ആദ്യ വനിത എന്ന നിലയില്‍ സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും കായിക പ്രേമികള്‍ പ്രതീക്ഷിച്ചില്ല. വെറും 100 ഗ്രാം അധികമായതിനെ തുടര്‍ന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്.

വിനേഷ് സാധാരണ 53 കിലോ വിഭാഗത്തിലാണ് മത്സരിക്കാറുള്ളത്. പാരീസില്‍ 50 കിലോ വിഭാഗത്തിലേക്ക് മാറുകയായിരുന്നു. ഭാരം അനുവദനീയ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ വിനേഷ് അനുഭവിച്ച കഷ്ടപ്പാടുകള്‍ ചില്ലറയല്ല. കടുത്ത ഭാരക്രമീകരണ പരിശ്രമങ്ങളിലായിരുന്നു വിനേഷ്.

ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി വിനേഷ് മുടി മുറിച്ചു. പോരാത്തതിന് കുറച്ചുരക്തം ഞരമ്പുകളില്‍ നിന്ന് ഊറ്റി കലോറി കുറയ്ക്കാനും ശ്രമിച്ചു. ഇത്രയുമൊക്കെ പരിശ്രമിച്ചിട്ടും വിചാരിച്ച ഫലം ഉണ്ടായില്ല. കൂടുതല്‍ വിയര്‍ക്കാനായി സൈക്കിളിങ് പരിശീലനവും നോക്കിയിരുന്നു. എന്നാല്‍, അതും വേണ്ട പോലെ ഫലിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച രാത്രി വിനേഷിന്റെ ഭാരം ഒരു കിലോ കൂടിയിരുന്നു. രാവിലെയോടെ 900 ഗ്രാം കുറയ്ക്കുന്നതില്‍ വിജയിച്ചു. എന്നാല്‍, 100 ഗ്രാം അധികമായി കണ്ടതോടെ വിനേഷിനെ അയോഗ്യയാക്കി.

ഗുസ്തിയില്‍ താരങ്ങളുടെ ഭാരപരിശോധനയ്ക്കായി ഒരു പ്രത്യേക സമയമാണ് നിശ്ചയിക്കുക. ആ സമയത്ത് ഭാരം അനുവദനീയ പരിധിക്കുള്ളില്‍ ആയിരിക്കണം. ഉദാഹരണത്തിന് ഒരു ഗുസ്തി താരം രാത്രി 8.05 ന് അധിക ഭാരം ഉള്ളതായി കണ്ടെത്തിയാല്‍, 8.30 വരെ അധികൃതര്‍ ഭാരം കുറയ്ക്കാന്‍ അനുവദിക്കും. 8.31 നും ഭാരം പരിധിക്ക് മുകളിലാണെങ്കില്‍ ആശയ്ക്ക് വകയില്ല, മറ്റൊരു ഇന്ത്യന്‍ ഗുസ്തി താരമായ രവി ദഹിയ പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളില്‍ അത്‌ലറ്റുകള്‍ ഭാരം പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍, കടുത്ത പരിശീലന മുറകളാണ് പിന്തുടരാറുളളത്. ഇന്നലെ മത്സരത്തിന് ശേഷം വിനേഷ് നേരേ പരിശീലനത്തിനാണ് പോയത്. ഭക്ഷണം കഴിച്ചില്ല. ബുധനാഴ്ച രാവിലെ പരിശീലനത്തിനും ഇറങ്ങി.

50 കിലോ വിഭാഗത്തില്‍ മത്സരിക്കാന്‍ കടുത്ത സോന സെഷനുകള്‍ അടക്കം കഠിന പരിശീലനം നടത്തിയതായി ഒളിമ്പിക്‌സിന് മുമ്പ് തന്നെ വിനേഷ് പറഞ്ഞിരുന്നു. ഒളിമ്പിക്‌സിന് മുമ്പ് മുടി മുറിച്ച് 50 ഗ്രാം കുറയ്ക്കാന്‍ കോച്ച് ആലോചിച്ചെങ്കിലും, അദ്ദേഹം അതിന് മുതിര്‍ന്നില്ല. എന്നാല്‍, ഒളിമ്പിക്‌സിന് എത്തിയപ്പോള്‍ വിനേഷ് തന്നെ മുടി മുറിയ്ക്കുകയും ചെയ്തു. ഇത്രയും കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടും വിനേഷിന് നിരാശപ്പെടേണ്ടി വന്നു എന്നതാണ് സങ്കടകരം.