ലിസ്ബൺ: അർജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി നേടിയ ലോകകപ്പ് കിരീട നേട്ടം അസാധാരണമായ ഒന്നല്ലെന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പ് കിരീടം എന്റെ സ്വപ്നമല്ല, അതില്ലെങ്കിലും തന്റെ പേരിന് ഒരു കോട്ടവും സംഭവിക്കില്ലെന്നും താരം വ്യക്തമാക്കി. അടുത്ത വർഷം അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന ലോകകപ്പിൽ കളിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് റൊണാൾഡോയുടെ ഈ തുറന്നുപറച്ചിൽ. ഇത് താരത്തിന്റെ ആറാം ലോകകപ്പാണ്.

പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള യൂട്യൂബ് അഭിമുഖത്തിലാണ് റൊണാൾഡോ തൻ്റെ നിലപാടുകൾ വ്യക്തമാക്കിയത്. മെസ്സിയുടെ വിജയത്തെക്കുറിച്ച് സംസാരിക്കവെ, 'മെസ്സിക്ക് മുമ്പ് അർജന്‍റീന ലോകകപ്പ് നേടിയത് രണ്ടുതവണയാണ്. അതുകൊണ്ട് അതൊരു സാധാരണ സംഭവമായി മാത്രമേ എനിക്ക് കാണാൻ കഴിയുന്നുള്ളൂ. ഇത്തരം രാജ്യങ്ങൾ വലിയ ടൂർണമെന്‍റുകളിൽ കിരീടം നേടുന്നത് പതിവാണ്. ബ്രസീൽ ലോകകപ്പ് നേടുന്നത് ലോകത്തിന് ഒരു അത്ഭുതമല്ല. മറിച്ച്, പോർച്ചുഗൽ ലോകകപ്പ് നേടുകയാണെങ്കിൽ അത് ലോകത്തെ ഞെട്ടിക്കും. എന്നാൽ, ഞാൻ അങ്ങനെയൊന്നും ചിന്തിക്കുന്നില്ല,' റൊണാൾഡോ പറഞ്ഞു.

കളിയിൽ ജയിക്കുക എന്നത് ഏതൊരു കളിക്കാരൻ്റെയും ലക്ഷ്യമാണെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ, ലോകകപ്പ് വിജയം തൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് റൊണാൾഡോ വ്യക്തമാക്കി. 'തീർച്ചയായും നമ്മളെല്ലാം ജയിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. മത്സരിക്കുമ്പോൾ ജയം മാത്രമാണ് ലക്ഷ്യം. ഞാൻ സത്യസന്ധനാണ്. പക്ഷേ, ലോകകപ്പ് വിജയമൊന്നും ഞാൻ കാര്യങ്ങളെ കാണുന്ന രീതിയിലും ഫുട്ബോളിനോടുള്ള അഭിനിവേശത്തിലും കാര്യമായ മാറ്റമുണ്ടാക്കില്ല,' താരം കൂട്ടിച്ചേർത്തു.

ലോകകപ്പ് കിരീടം തൻ്റെ സ്വപ്നമല്ലെന്നും, ഫുട്ബാളിലെ ഏറ്റവും വലിയ ട്രോഫി നേടാൻ കഴിഞ്ഞില്ല എന്ന കാരണം കൊണ്ട് മാത്രം ഒരു മികച്ച കളിക്കാരൻ്റെ കരിയറിനെ ചോദ്യം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും റൊണാൾഡോ തുറന്നടിച്ചു. 'ലോകകപ്പ് കിരീടം സ്വപ്നമാണോ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, 'ഇല്ല' എന്നേ ഞാൻ പറയൂ. ലോകകപ്പ് വിജയിച്ചാലും ഇല്ലെങ്കിലും ഫുട്ബാൾ ചരിത്രത്തിലെ എൻ്റെ പേരിന് ഒരു കോട്ടവും സംഭവിക്കില്ല. ഞാൻ നുണ പറയുകയല്ല. ഈ നിമിഷങ്ങൾ ഞാൻ ശരിക്കും ആസ്വദിക്കുകയാണ്. ആളുകൾ പറയുന്നു, ക്രിസ്റ്റ്യാനോ ലോകകപ്പ് നേടിയാൽ ഏറ്റവും മികച്ച കളിക്കാരനാകും എന്ന്. ഞാൻ അത് അംഗീകരിക്കുന്നില്ല. പോർച്ചുഗലിനായി ഞാൻ ഇതിനോടകം മൂന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്,' റൊണാൾഡോ പറഞ്ഞു.