ബ്രസ്സൽസ്: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളിൽ യൂറോപ്യൻ വമ്പന്മാർ കളത്തിലിറങ്ങിയപ്പോൾ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിക്ക് അപ്രതീക്ഷിത തോൽവി.സ്ലോവാക്യയാണ് ഗ്രൂപ്പ് 'എ' മത്സരത്തിൽ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. അതേസമയം, ഫ്രാൻസ്, സ്പെയിൻ, ബെൽജിയം ടീമുകൾ ജയിച്ചു.

ബ്രാട്ടിസ്ലാവയിൽ നടന്ന മത്സരത്തിൽ 42-ാം മിനിറ്റിൽ ഡേവിഡ് ഹാൻകോയും 55-ാം മിനിറ്റിൽ ഡേവിഡ് സ്ട്രിലെക്കും നേടിയ ഗോളുകളാണ് ജർമ്മനിക്കെതിരെ വിജയമുറപ്പിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇത് നാലാം തവണയാണ് ജർമ്മനി പരാജയപ്പെടുന്നത്. 1985-ൽ പോർച്ചുഗൽ, 2001-ൽ ഇംഗ്ലണ്ട്, 2021-ൽ നോർത്ത് മാസിഡോണിയ എന്നിവരാണ് ഇതിനുമുമ്പ് ജർമ്മനിയെ യോഗ്യതാ റൗണ്ടിൽ തോൽപ്പിച്ചത്. യൂലിയൻ നഗ്ൾസ്മാൻ പരിശീലകനായുള്ള ജർമ്മൻ ടീമിന് ഇത് വലിയ തിരിച്ചടിയാണ്.

ഗ്രൂപ്പ് 'ജെ'യിൽ ബെൽജിയം ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ലിഷൻസ്റ്റീനെ തകർത്തു. യൂറി ടെലെമാൻസ് (2), കെവിൻ ഡിബ്രൂയിൻ എന്നിവർ ബെൽജിയത്തിനായി ഗോൾ നേടി. ഗ്രൂപ്പ് 'ഇ'യിൽ സ്പെയിൻ ബൾഗേറിയയെ 3-0ന് പരാജയപ്പെടുത്തി. മൈകൽ മെറിനോ, മാർക്ക് കുക്രല്ല, മൈകൽ ഒയാർസബൽ എന്നിവർ സ്പെയിനിനായി ലക്ഷ്യം കണ്ടു. ഗ്രൂപ്പ് 'ഡി'യിൽ മുൻ ലോകജേതാക്കളായ ഫ്രാൻസ് യുക്രെയ്‌നെ 2-0ന് പരാജയപ്പെടുത്തി. കിലിയൻ എംബാപ്പെയും മൈക്കൽ ഒലിസയുമാണ് ഫ്രാൻസിനായി ഗോളടിച്ചത്.