മാഡ്രിഡ്: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം സെമിയിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത്. ക്വാർട്ടറിൽ നെതർലൻഡ്‌സ് താരം മാർക്ക് കാൾജൗവിനെ നേരിട്ടുള്ള ഗെമിയുകളിൽ വീഴ്‌ത്തിയാണ് ശ്രീകാന്ത് സെമിയിലേക്ക് മുന്നേറിയത്. സ്‌കോർ 21-8, 21-7. വെറും 26 മിനിറ്റുകളിലായിരുന്നു ശ്രീകാന്ത് ജയിച്ചു കയറിയത്.

ടൂർണമെന്റിലെ പന്ത്രണ്ടാം സീഡും ലോക റാങ്കിംഗിൽ പതിനാലാം സ്ഥാനക്കാരനുമായ ശ്രീകാന്ത് ആദ്യ ഗെയിമിൽ തുടക്കത്തിൽ തന്നെ 11-5ന് മുന്നിലെത്തി. പിന്നീട് 14-8ന് കാൾജൗ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും തുടർച്ചയായി ഏഴ് പോയന്റുകൾ നേടി ശ്രീകാന്ത് ആദ്യ ഗെയിം പോക്കറ്റിലാക്കി.

രണ്ടാം ഗെയിമും ആദ്യ ഗെയിമിന്റെ തനിയാവർത്തനമായിരുന്നു. തുടക്കത്തിൽ 4-3ന് കാൾജൗ പിടിച്ചു നിൽക്കാൻ് ശ്രമിച്ചെങ്കിലും പിന്നീട് തുടർച്ചയായി ഏഴ് പോയന്റ് നേടിയ ശ്രീകാന്ത് 11-3ൽ എത്തി. 17-7ന് പിടിച്ചു നിൽക്കാൻ കാൾജൗ ശ്രമിച്ചെങ്കിലും അവസാനം തുടർച്ചയായ നാലു പോയന്റ് പോക്കറ്റിലാക്കി ശ്രീകാന്ത് വിജയവും സെമി സ്ഥാനവും സ്വന്തമാക്കി.

ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡൽ നേടുന്ന മൂന്നാമത്തെ പുരുഷ താരമാണ് ശ്രീകാന്ത്. 1983ൽ പ്രകാശ് പദുക്കോണും 2019ൽ സായ് പ്രണീതുമാണ് ശ്രീകാന്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയവർ.

ശ്രീകാന്ത് ചരിത്രനേട്ടം സ്വന്തമാക്കിയപ്പോൾ വനിതകളിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന നിലവിലെ ചാമ്പ്യൻ പി വി സിന്ധു ക്വാർട്ടറിൽ വീണു. ചൈനീസ് തായ്പേയിയുടെ തായ് സു യിംഗാണ് നേരിട്ടുള്ള ഗെയിമുകളിൽ സിന്ധുവിനെ വീഴ്‌ത്തിയത്. സ്‌കോർ 21-17, 21-13.