- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യയുടേത് 'രണ്ടാം നിര ടീം'; വിമർശനങ്ങൾക്ക് പിന്നാലെ രണ്ടാം നിരയെ ഇറക്കാൻ ശ്രീലങ്ക!; ലങ്കൻ ബോർഡിന് 'തിരിച്ചടിയായി' പ്രതിഫല തർക്കവും താരങ്ങളുടെ പിന്മാറ്റവും
കൊളംബോ: ശ്രീലങ്കൻ പര്യടനത്തിന് രണ്ടാം നിര ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അയച്ചുവെന്ന വിമർശനം നിലനിൽക്കെ,ശ്രീലങ്കയും രണ്ടാം നിര ടീമിനെ തിരഞ്ഞെടുക്കാൻ സാധ്യതയേറി. കളിക്കാരും ക്രിക്കറ്റ് ബോർഡുമായുള്ള തർക്കമാണ് ശ്രീലങ്കൻ ടീം രണ്ടാം നിര ടീമിനെ തിരഞ്ഞെടുക്കാനുള്ള സാധ്യത വർധിപ്പിക്കുന്നത്.
ഇന്ത്യയുടെ പ്രമുഖ താരങ്ങൾ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പോയതുകൊണ്ടാണ് ശേഷിക്കുന്ന താരങ്ങളിൽനിന്ന് ബിസിസിഐ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുത്തതെങ്കിൽ, താരങ്ങളുടെ പ്രതിഫല തർക്കം പരിഹരിക്കാനാവാത്തതാണ് ലങ്കൻ ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കുന്നത്. പ്രതിഫല കാര്യത്തിൽ ഉടക്കിയതിനെ തുടർന്ന് വാർഷിക കരാർ പുതുക്കാൻ ശ്രീലങ്കൻ താരങ്ങൾ ഇതുവരെ തയാറായിട്ടില്ല.
ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽ കളിക്കാനുള്ള ഹ്രസ്വകാല കരാറിനും താരങ്ങൾ വിസമ്മതിച്ചാൽ രണ്ടാം നിര താരങ്ങളെ വച്ച് ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമെന്ന് ശ്രീലങ്കൻ ബോർഡ് സൂചന നൽകി. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം. വാർഷിക കരാർ പുതുക്കാത്ത സാഹചര്യത്തിൽ ഒരു താൽക്കാലിക കരാർ പ്രകാരമാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ടീമിനെ അയച്ചത്.
ഇംഗ്ലണ്ട് പര്യടനം പൂർത്തിയാകുന്നതോടെ വാർഷിക കരാർ പുതുക്കുന്ന കാര്യത്തിൽ ബോർഡും താരങ്ങളും തമ്മിൽ യോജിപ്പിലെത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, ഇതുവരെ ഇക്കാര്യത്തിൽ കാര്യമായ നീക്കുപോക്കുണ്ടായിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിനു സമാനമായി ഇനി താൽക്കാലിക കരാറിൽ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും കുറഞ്ഞപക്ഷം, സമ്പൂർണ പര്യടനത്തിനുള്ള കരാറിൽ ഒപ്പിട്ടാൽ മാത്രമേ ഇന്ത്യയ്ക്കെതിരെ കളിപ്പിക്കുകയുള്ളൂ എന്നുമാണ് ബോർഡിന്റെ നിലപാട്.
ഇന്ത്യയ്ക്കെതിരായ പരമ്പരയിൽനിന്ന് വിശ്വ ഫെർണാണ്ടോ ഉൾപ്പെടെ അഞ്ച് താരങ്ങൾ പിന്മാറിയതായി ശ്രീലങ്കൻ ബോർഡ് അറിയിച്ചിട്ടുണ്ട്. ബോർഡിന്റെ നിർദ്ദേശപ്രകാരം പര്യടന കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചാണ് ഇവരുടെ പിന്മാറ്റം. ഫെർണാണ്ടോയ്ക്കു പുറമെ ലസിത് എംബുൽദേനിയ, ലഹിരു കുമാര, ആഷൻ ബണ്ഡാര, കസൂൻ രജിത എന്നിവരാണ് പരമ്പരയിൽനിന്ന് പിന്മാറിയത്.
സ്പോർട്സ് ഡെസ്ക്