- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു;ഫോൺ പിടിച്ചെടുത്തു; പരാതി നൽകാതെ ഇടപെടാൻ കഴിയില്ലെന്ന് പൊലീസ്; ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകാതെ മുക്കാൻ നീക്കം; നടപടി ഒഴിവാക്കാൻ എസ്എൻഡിപി യോഗ നേതൃത്വവും ഇടപെടുന്നുവെന്ന് ആക്ഷേപം
പത്തനംതിട്ട: എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഡിഇഓയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പ്രഥമാധ്യാപകനെ വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സന്ദേശം അയയ്ക്കാൻ ഉപയോഗിച്ച ഫോണും പിടിച്ചെടുത്തു. എന്നാൽ, ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകാനോ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകാനോ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തയാറായിട്ടില്ല.
എസ്എൻഡിപി യോഗത്തിന്റെ കീഴിൽ മുട്ടത്തുകോണത്തുള്ള എസ്എൻഡിപി എച്ച്എസ്എസിലെ പ്രഥമാധ്യാപകൻ എസ്. സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മറ്റു പരീക്ഷകളുടെ ചോദ്യക്കടലാസും ഇതേ പോലെ പുറത്തു വിട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉപഡയറക്ടർ പറഞ്ഞു. ഇന്നലെ രാവിലെ 10.30 നാണ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഡിഇഓയുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യം സംഭവം നിസാരവൽക്കരിക്കുകയാണു ണ്ടായത്. മറുനാടനാണ് സംഭവം പുറത്തു വിട്ടത്. ഇതോടെ ചാനലുകളും ഏറ്റു പിടിച്ചു. ഉച്ചയ്ക്ക് തന്നെ പറഞ്ഞു തീർപ്പാക്കിയ വിവാദം ചൂടുപിടിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് നിൽക്കക്കള്ളിയില്ലാതായി.
ഇടതു അദ്ധ്യാപക സംഘടനയുടെ സജീവ പ്രവർത്തകനാണ് സന്തോഷ്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ ഉപഡയറക്ടറും പത്തനംതിട്ട ഡിഇഓയും സ്കൂളിൽ പാഞ്ഞെത്തി. പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ. സ്വന്തം സ്കൂൾ ഗ്രൂപ്പിലെ കണക്ക് അദ്ധ്യാപകർക്ക് അയച്ചു കൊടുത്ത ചോദ്യക്കടലാസ് അബദ്ധത്തിൽ ഡിഇഓയുടെ ഗ്രൂപ്പിലേക്ക് പോയതാണെന്ന് കരുതുന്നു. ഇംഗ്ലീഷ് പരീക്ഷയ്ക്കും ഇതേ പോലെ ചോദ്യക്കടലാസ് അദ്ധ്യാപകർക്ക് അയച്ചു കൊടുത്തതായി ആരോപണം ഉയർന്നിട്ടുണ്ട്.
പ്രയാസമേറിയ ചോദ്യങ്ങളുടെ ഉത്തരം അതാത് വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരെ കൊണ്ട് തയാറാക്കി തിരികെ വാങ്ങി കുട്ടികൾക്ക് നൽകിയിരുന്നോയെന്ന് അന്വേഷിക്കും. രാവിലെ 9.40 നാണ് കുട്ടികളെ പരീക്ഷയ്ക്കായി ക്ലാസിൽ കയറ്റുന്നത്. 10 മണിക്ക് കുട്ടികൾക്ക് ചോദ്യക്കടലാസ് നൽകും. 12 മണിക്ക് കുട്ടികൾ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതു വരെ ചോദ്യക്കടലാസ് രഹസ്യ സ്വഭാവമുള്ള രേഖയാണ്. ഇന്നലെ രാവിലെ 10 മണിക്ക് ചോദ്യപേപ്പർ നൽകി 10.30 ആയപ്പോഴാണ് ഡിഇഓയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ അടുത്തു നിന്ന് എടുത്തതാണ്.
അതേസമയം, ശാരീരികമായി ശേഷിക്കുറവുള്ള വിദ്യാർത്ഥികളെ മാസ്ക് ധരിപ്പിക്കാൻ സഹായിക്കുന്നതിനിടെ തന്റെ ഫോണിൽ നിന്ന് താൻ അറിയാതെ ചിത്രം വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നുവെന്ന വിശദീകരണമാണ് അദ്ധ്യാപകൻ നൽകിയത്. മുൻപും ചോദ്യക്കടലാസ് പുറത്തു വിട്ടിട്ടുണ്ടാകാമെന്നും ഇതേപ്പറ്റി അന്വേഷിക്കണമെന്നുമുള്ള ആവശ്യത്തെ തുടർന്നാണ് അദ്ധ്യാപകന്റെ ഫോൺ പിടിച്ചെടുത്തത്. അദ്ധ്യാപക സംഘടനാ നേതാക്കൾ ഇടപെട്ട് ഉച്ചയ്ക്ക് തന്നെ വിഷയം പറഞ്ഞു തീർക്കുകയും ഗ്രൂപ്പിൽ നിന്ന് പടം നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ചിലർ ഇത് സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചിരുന്നു. ഈ ചിത്രം മാധ്യമങ്ങൾക്ക് ലഭിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഉണർന്ന് പ്രവർത്തിക്കാൻ തുനിഞ്ഞത്.
അതിനിടെ അദ്ധ്യാപകന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത് തടയാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. മുൻ പരീക്ഷകളുടെ ചോദ്യവും ഇതേ പോലെ ചോർത്തപ്പെട്ടിട്ടുണ്ടോയെന്ന് ഫോറൻസിക് പരിശോധനയിൽ അറിയാൻ കഴിയും. ഇതൊഴിവാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഫോറൻസിക് പരിശോധന നടക്കണമെങ്കിൽ പൊലീസിൽ പരാതി നൽകണം. ഇന്ന് പൊലീസിൽ പരാതി കൊടുക്കുമെന്നാണ് ഇന്നലെ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിരുന്നത്. ഇന്ന് ഇതുവരെ പരാതി നൽകിയിട്ടില്ല.
നേരത്തേയും ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ടെങ്കിൽ സ്കൂളിന്റെ ഭാവിയെയും പ്രതികൂലമായി ബാധിക്കും. സ്കൂളിലെ പരീക്ഷാ സെന്റർ അടക്കം നഷ്ടമാകും. ഇതോടെ സ്കൂളിലെ കുട്ടികൾ ടിസി വാങ്ങി മറ്റു സ്കൂളുകളിലേക്ക് പോകാനുള്ള സാധ്യതയും ഉണ്ട്. അപകടം മുൻകൂട്ടിക്കണ്ട് എസ്എൻഡിപി യോഗം നേതാക്കൾ കേസൊതുക്കാൻ ഇടപെടുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്