- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു; 34 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു; ഉദയനിധിയില്ല, സഭയിൽ പതിനഞ്ച് പുതുമുഖങ്ങൾ; ചടങ്ങ് നടന്നത് രാജ്ഭവനിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെയുടെ എം.കെ. സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ബൻവാരിലാൽ പുരോഹിത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചെന്നൈയിലെ രാജ്ഭവനിൽ ലളിതമായാണ് ചടങ്ങ് നടന്നത്. സ്റ്റാലിനൊപ്പം 33 പേരും മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ 19 പേർ മന്ത്രിയായി മുൻ പരിചയമുള്ളവരാണ്.ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിൽ ഇല്ല. കമൽഹാസൻ, ശരത്കുമാർ, പി ചിദംബരം തുടങ്ങിയവർ ചടങ്ങിനെത്തി.
പത്ത് വർഷങ്ങൾക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെ അധികാരം പിടിച്ചത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടിൽ ഏപ്രിൽ 6ന് നടന്ന തിരഞ്ഞെടുപ്പിൽ 158 സീറ്റുകളിൽ ഡിഎംകെ സഖ്യം മുന്നേറിയപ്പോൾ അണ്ണാ ഡിഎംകെ 76 സീറ്റിലൊതുങ്ങി.ഇതിൽ എംഡിഎംകെയുടെ 4 പേരും എംഎംകെയുടെ രണ്ടും ടിവികെ, കെഎൻഎംകെ പാർട്ടികളുടെ ഓരോരുത്തരും ഡിഎംകെയും ചിഹ്നമായ ഉദയസൂര്യനിലാണ് ജയിച്ചുകയറിയത്.ഇത് ആറാം തവണയാണ് ഡിഎംകെ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നത്.
മന്ത്രിയും ഉപമുഖ്യമന്ത്രിയുമായി നേരത്തേ പ്രവർത്തിച്ച സ്റ്റാലിനു മുഖ്യമന്ത്രിക്കസേരയിൽ ഇത് ആദ്യ അവസരമാണ്. ഡിഎംകെ 13 വർഷത്തിന് ശേഷം ഭരണം പിടിച്ച 1989 ലാണ് സ്റ്റാലിൻ ആദ്യമായി നിയമസഭയിൽ എത്തുന്നത്. എന്നാൽ മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. വീണ്ടും 1996ൽ ഡിഎംകെ ഭരണത്തിലെത്തിയപ്പോഴും എംഎൽഎ ആയിത്തന്നെ തുടർന്നു. പിന്നീട് ചെന്നൈ മേയർ സ്ഥാനം ലഭിച്ചപ്പോൾ നടത്തിയ വികസനപ്രവർത്തനങ്ങളാണ് സ്റ്റാലിനെ കൂടുതൽ ജനശ്രദ്ധയിലേക്ക് എത്തിക്കുന്നത്.
സഖ്യകക്ഷി നേതാക്കളായ തമിഴ്‌നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. അളഗിരി, എംഡിഎംകെ മേധാവി വൈകോ, വിസികെ അധ്യക്ഷൻ തോൽ തിരുമാവലവൻ, സിപിഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരാശൻ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മുൻ ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം മുൻ സ്പീക്കർ പി.ധനപാൽ എന്നിവർ എഐഎഡിഎംകെയ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു. പിഎംകെ പ്രതിനിധിയായി അധ്യക്ഷൻ ജി.കെ. മണിയും പങ്കെടുത്തിരുന്നു. ബിജെപിക്കായി എൽ. ഗണേശൻ എംപിയും നടനും എംഎൻഎം അധ്യക്ഷനുമായ കമൽ ഹാസനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും സന്നിഹിതരായിരുന്നു.
സ്റ്റാലിന്റെ മകനും ആദ്യമായി എംഎൽഎയുമായ ഉദയനിധിയും സ്റ്റാലിന്റെ സഹോദരൻ എം.കെ. അഴഗിരിയുടെ മകൻ ദയാനിധിയും മകൾ കയൽവിഴിയും പങ്കെടുത്തു. സഹോദരന് ആശംസകൾ നൽകി അഴഗിരി വ്യാഴാഴ്ച വൈകുന്നേരം സന്ദേശം അയച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ