- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വർഷത്തിനിടയിൽ കേരളത്തിൽ ആരംഭിച്ചത് 3000 സ്റ്റാർട്ടപ്പുകൾ എന്ന് മുഖ്യമന്ത്രി; സഹായം നൽകിയത് 64 എണ്ണത്തിന് മാത്രമെന്ന് കെ എസ് ഐ ഡി സിയുടെ വിവരാവകാശവും; അനുവദിച്ചത് വെറും 12.24 കോടിയും; പിണറായിയുടെ പോസ്റ്റും വിവരാവകാശവും ചർച്ചയാകുമ്പോൾ
കൊച്ചി: കഴിഞ്ഞ 6 വർഷത്തിനിടയിൽ കേരളത്തിൽ ആരംഭിച്ചത് 3000 സ്റ്റാർട്ടപ്പുകൾ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് അവകാശ വാദം. അതുവഴി സൃഷ്ടിക്കപ്പെട്ടത് 35,000 തൊഴിലവസരങ്ങൾ. 2026 ആകുമ്പോളേയ്ക്കും 15,000 സ്റ്റാർട്ടപ്പുകളും 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നതെന്നും പറയുന്നു. എന്നാൽ 2016 മെയ് മുതൽ 2022 ഫെബ്രുവരി 5 വരെ കെ.എസ്‌ഐ.ഡി.സി ധനസഹായം നൽകിയ സ്റ്റാർട്ടപ്പുകളുടെ എണ്ണം 64 ആണെന്ന് വിവരാവകാശ രേഖ. 12.24 കോടി (12,24,14,313) രൂപയാണ് ഇക്കാലയളവിൽ അനുവദിച്ചതെന്നും വിവരാവകാശം വിശദീകരിക്കുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ 3000 സ്റ്റാർട്ടപ്പുകൾ എന്നത് സംശയത്തിലാകുകയാണ്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിലാണ് കെ.എസ്‌ഐ.ഡി.സി സഹായം നൽകിയ സ്റ്റാർട്ടപ്പുകളുടെ കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയാണ് എഫിബിയിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഗോവിന്ദൻ നമ്പൂതിരിയുടെ വിവരാവകാശ രേഖയും ചർച്ചയാകുന്നത്. ഇക്കാലയളവിൽ വിജയം രുചിച്ച സ്റ്റാർട്ടപ്പുകളുടെ എണ്ണം 52 ആണ്. ഏകദേശം 51 സ്റ്റാർട്ടപ്പുകൾ തുക തിരിച്ചടയ്ക്കാൻ തുടങ്ങിയിട്ടുണ്ട് വിവരാവകാശ രേഖ പറയുന്നു.
കെ എസ് ഐ ഡി സിയാണ് സ്റ്റാർട്ട്പ്പ് മിഷനുമായി ബന്ധപ്പെട്ട സർക്കാരിന്റെ പ്രധാന ഏജൻസി. ഇതിനൊപ്പം സ്റ്റാർട്ട് അപ്പ് മിഷനുമുണ്ട്. അതുകൊണ്ട് തന്നെ കെ എസ് ഐ സിക്ക് പുറത്ത് മറ്റേതെങ്കിലും സംവിധാനങ്ങളിലൂടെ 3000 സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ സഹായം നൽകിയിരുിന്നോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രി ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിലും അക്കാര്യം പറയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ എസ് ഐ ഡി സി നൽകുന്ന വിവരാവകാശ മറുപടി ചർച്ചയാകുന്നത്.
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനും സമ്പദ് വ്്യവസ്ഥയെ വളർച്ചയിലേയ്ക്ക് നയിക്കാനും സ്റ്റാർട്ടപ്പ് മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. സംസ്ഥാനത്തെ ഇൻകുബേറ്ററുകളുടെ എണ്ണം വർദ്ധിപ്പിക്കുക, ആശയ വികസനം മുതൽ കൂടുതൽ ധനസഹായം നൽകുക, മെന്റർഷിപ്പ് പരിപാടികൾ കൂടുതലായി നടത്തുക എന്നീ നടപടികളിലൂടെ സ്റ്റാർട്ടപ്പുകൾക്ക് മികച്ച പിന്തുണ സർക്കാർ ഉറപ്പു വരുത്തുന്നുണ്ട്. നിക്ഷേപം ലഭ്യമാക്കുന്നതിലും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 2016 ൽ ഏകദേശം 50 കോടി രൂപ ആയിരുന്നെങ്കിൽ ഇന്നത് ഏകദേശം 3200 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
കേരളത്തിലുടനീളമുള്ള എഞ്ചിനീയറിങ് കോളേജുകൾ, പോളിടെക്‌നിക്കുകൾ, പ്രൊഫഷണൽ കോളേജുകൾ തുടങ്ങിയവയിലായി 341 ഇന്നവേഷൻ & ഓൻട്രപ്രനർഷിപ് സെന്ററുകൾ ആരംഭിക്കുകയും അവ മുഖാന്തരം കേന്ദ്ര-സംസ്ഥാന സർക്കാർ-സ്വകാര്യ സാങ്കേതിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യാ വിനിമയത്തിനുള്ള ഒരു ശൃംഖല രൂപീകരിക്കുകയും ചെയ്തു. എഞ്ചിനീയറിങ് കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ.ടി.ഐ.കൾ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവയോട് ചേർന്ന് ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ചെറിയ വ്യവസായ യൂണിറ്റുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവ സജ്ജീകരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ഇതുവഴി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉൽപാദന പ്രക്രിയയിൽ പങ്കാളികളാകാനും പരിശീലനം നേടാനും വരുമാനമുണ്ടാക്കാനും ഉള്ള അവസരം സൃഷ്ടിക്കുകയും ചെയ്യും. പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ അഭ്യസ്തവിദ്യരായ ആളുകളെ ഈ സംരംഭങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യാം. കേരളത്തിലെ 14 ജില്ലകളിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ തുടങ്ങാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 25 കോടി രൂപ വകയിരുത്തുകയും ചെയ്തുവെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി വിശദീകരിക്കുന്നു.
സംസ്ഥാനത്ത് സ്‌കിൽ എക്കോ സിസ്റ്റം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്‌കിൽ കോഴ്‌സുകൾ ഏറ്റെടുക്കുന്നതിന് സർക്കാർ പ്രോത്സാഹനം നൽകും. വിദ്യാഭ്യാസ സ്ഥാപനത്തോട് അനുബന്ധിച്ച് ഉൽപാദന കേന്ദ്രങ്ങൾ കൂടി വികസിപ്പിക്കുന്നതിന് സഹായകരമായിട്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരു നിയോജക മണ്ഡലത്തിൽ ഒരു സ്ഥാപനം എന്ന ക്രമത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും. നോളജ് ഇക്കണോമി മിഷനിൽ പങ്കാളികളായി കെ-ഡിസ്‌ക്കുമായി സഹകരിച്ച് കോഴ്‌സകൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കാൻ സഹായം നൽകും.
ഇതിനായി കിഫ്ബിയിൽ നിന്നും 140 കോടി രൂപ വകയിരുത്തും. ജ്ഞാന സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ കുതിപ്പിനു കരുത്തു പകരാൻ ഇത്തരം ഇടപെടലുകളിലൂടെ നിശ്ചയമായും സാധിക്കുമെന്നാണ് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ