- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളോട് നിയമം അനുസരിക്കേണ്ട എന്നല്ല, പാർലമെന്റിനോട് നിയമം പിൻവലിക്കാനാണ് ആവശ്യപ്പെട്ടത്; കേന്ദ്ര നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭകൾ പ്രമേയം പാസാക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും സുപ്രീംകോടതി
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭകൾ പ്രമേയം പാസാക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസർക്കാരിന്റെ പൗരത്വനിയമം, കാർഷിക നിയമം എന്നിവയ്ക്കെതിരെ കേരള, പശ്ചിമബംഗാൾ നിയമസഭകൾ പ്രമേയം പാസാക്കിയതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. അതേസമയം, പ്രമേയങ്ങൾക്ക് നിയമപരമായ സാധുതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒ സംതാ ആന്ദോളൻ സമിതിയാണ് ഹർജി സമർപ്പിച്ചത്. പൗരത്വ നിയമത്തിനെതിരെ കേരളം, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്ക് പ്രമേയം പാസാക്കാൻ അവകാശമില്ലെന്നായിരുന്നു ഹർജിയിൽ പറഞ്ഞത്. പ്രമേയങ്ങൾ അസാധുവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. പ്രമേയങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായമാണ്. അതിന് നിയമപരായ പിൻബലമില്ലെന്നും കോടതി പറഞ്ഞു.
കേരളത്തിന്റെ പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെ മുൻനിർത്തിയായിരുന്നു പ്രധാനമായും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. സൗമ്യ ചക്രബർത്തിയുടെ വാദം. എന്നാൽ കേരള നിയമസഭയുടെ ഭൂരിപക്ഷാഭിപ്രായമാണ് അതെന്നായിരുന്നു കോടതിയുടെ മറുപടി. ‘അവർ ജനങ്ങളോട് നിയമം അനുസരിക്കേണ്ട എന്നല്ല പറഞ്ഞത്. പാർലമെന്റിനോട് നിയമം പിൻവലിക്കാനാണ് ആവശ്യപ്പെട്ടത്', ബോബ്ഡെ പറഞ്ഞു. എന്നാൽ നിയമം "നല്ലതാണോ ചീത്തയാണോ' എന്ന് കേരള നിയമസഭയ്ക്ക് അഭിപ്രായമുണ്ടാകരുതെന്ന് ഹർജിയിൽ പറഞ്ഞു.
"അവർക്ക് (സംസ്ഥാന നിയമസഭകൾക്ക്) യൂണിയൻ ലിസ്റ്റിലെ വിഷയങ്ങളിൽ നിയമങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതിനാൽ, അവയെക്കുറിച്ച് ഒരു സാധാരണ അഭിപ്രായം പറയാനും കഴിയില്ല," എന്നായിരുന്നു ഹർജിക്കാരുടെ വാദം.പൗരത്വ നിയമത്തിനെതിരെ 60 ഓളം ഹർജികൾ സുപ്രീം കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് പ്രമേയം കൊണ്ടുവന്നതെന്നും സൗമ്യ ചക്രബർത്തി പറഞ്ഞു.
എന്നാൽ പാർലമെന്റ് തയ്യാറാക്കിയ നിയമം മാറ്റിവയ്ക്കാൻ കേരള നിയമസഭയ്ക്ക് അധികാരമില്ലെന്ന് നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. എന്നാൽ ഒരു അഭിപ്രായം പ്രകടിപ്പിക്കാൻ അവർക്ക് അവകാശമില്ലേ?', എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. കേസിൽ നാലാഴ്ചയ്ക്ക് ശേഷം വീണ്ടും വാദം കേൾക്കും. 2019 ഡിസംബർ 31 നാണ് കേരള നിയമസഭ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ