കേരളത്തിന്റെ മണ്ണിനെ ഇപ്പോൾ ഏവരും വിശേഷിപ്പിക്കുന്നത് ചായയിൽ മുക്കിയ ബൺ പോലെയെന്നാണ്. കാരണം ഒരു മഴയിൽ നനഞ്ഞു കുതിർന്നു ഇടിഞ്ഞു വീഴാൻ കാത്തിരിക്കുകയാണ് കേരളത്തിന്റെ പല ഭാഗങ്ങളും. തുടർച്ചയായ പ്രകൃതി ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾ പോലും തയാറാകാത്തപ്പോൾ ലോകത്തെവിടെയും എന്നത് പോലെ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും ഉരുൾ പൊട്ടലിന്റെയും വേദന മുഴുവൻ ഏറ്റുവാങ്ങേണ്ടി വരുന്നത് പാവങ്ങളിൽ പാവപെട്ടവർക്കാണ്. ആധുനിക ലോകം ചൂഷണം നടത്തി സൃഷ്ടിക്കുന്ന വികസനം ഒരിക്കലും നേരിട്ട് അനുഭവിക്കാത്ത ജനങ്ങൾക്ക് മേലാണ് പ്രകൃതി താണ്ഡവം പലപ്പോഴും സംഭവിക്കുക. കവളപ്പാറയിലും പത്തുമലയിലും പെട്ടിമുടിയിലും എല്ലാം സംഭവിച്ചതിന്റെ തുടർച്ചയാണ് മൂന്നു മാസം മുൻപ് കൂട്ടിക്കലിലും സംഭവിച്ചത്. 

പതിവ് പോലെ ലഘു മേഘ വിസ്ഫോടനം എന്നൊക്കെ പറഞ്ഞു വിദഗ്ദ്ധർ ആവശ്യത്തിനേറെ ന്യായീകരണവും ആയി എത്തിയിട്ടുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും മാത്രം കണ്ടുശീലിച്ചിട്ടുള്ള മലവെള്ളപ്പാച്ചിലിൽ കെട്ടിടങ്ങൾ ഒന്നാകെ അടിയോടെ പിഴുതെറിഞ്ഞു പോകുന്ന ഭീകര കാഴ്ചകൾ ലോകമെങ്ങും മലയാളികളുടെ ഫോണിലേക്കു ഞടുക്കുന്ന കാഴ്ചയായി എത്തിയതോടെ അടിയന്തിര സഹായ വാഗ്ദാനങ്ങൾ മലവെള്ളത്തെക്കാൾ വേഗത്തിലാണ് കൂട്ടിക്കലിൽ എത്തിയത്. ദുരിത ബാധിതർ പോലും പറഞ്ഞു, ഇനിയൊന്നും വേണ്ട, ഞങ്ങൾക്ക് ആവശ്യത്തിന് വേണ്ടതൊക്കെയായി. പക്ഷെ മലയോര ഗ്രാമീണ മനസിന്റെ നിഷ്‌കളങ്കതയിൽ അവർ പറഞ്ഞ സത്യസന്ധമായവാക്കുകൾ ഇപ്പോൾ സർക്കാർ സംവിധാനങ്ങൾ ഒരുക്കേണ്ട സഹായ വാഗ്ദാനങ്ങളെ മറ്റെല്ലായിടത്തും പോലെ പിന്നോട്ടടിച്ചിരിക്കുകയാണ്.

താല്ക്കാലികമായി രൂപം നൽകിയദുരിതാശ്വാസ ക്യാമ്പിൽ എത്രകാലം എന്ന് കരുതി പ്രായപൂർത്തിയായ പെണ്മക്കളുമായി കഴിയും? നാടെങ്ങും അത്തരം വർത്തമാനങ്ങൾ അല്ലെ കേൾക്കുന്നത്? ഈ ചോദ്യം ക്യാമ്പിൽ നിന്നും രണ്ടു പെണ്മക്കളുമായിതാത്കാലികമായി വാടക വീട് അന്വേഷിച്ചു പോയ കൊക്കയാറിലെ സുശീല ചോദിക്കുമ്പോൾ ഒരു 'അമ്മ മനസിന്റെ മുഴുവൻ വേദനയും ആവലാതിയും നമുക്കതിൽ വായിച്ചെടുക്കാം. ഇത്തരം അനേകം അമ്മമാരുടെ കൂടി നാടാണിപ്പോൾ ദുരന്തം വീശിയടിച്ച കൂട്ടിക്കൽ. പ്രിയ വായനക്കാർ ഒന്ന് മനസ് വച്ചാൽ കൂട്ടിക്കലിലെ ഏറ്റവും ആവശ്യക്കാരായി മാറിയിട്ടുള്ള പത്തു കുടുംബങ്ങളുടെ എങ്കിലും ജീവിതത്തിൽ ഒരു നേർവെട്ടമായിമാറാൻ നമുക്കാകും.

2021ഒക്ടോബർ പതിനാറാം തിയതിഉണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കുട്ടികളുടെ സ്‌കൂൾ ബാഗും ഏതാനും സർട്ടിഫിക്കറ്റുകളും മാത്രമായി ജീവൻ കയ്യിൽപിടിച്ച് രക്ഷപെടേണ്ടി വന്നകൊക്കയാർ പതിനൊന്നാം വാർഡിലെ സുശീലയുടെയും കുടുംബത്തിന്റെയും കരളലിയിക്കുന്ന സങ്കടമാണ് പങ്കുവെയ്ക്കാനുള്ളത്.സുശീലയുടെ മൂന്നു സഹോദരിമാരുടെയും വീട് വെള്ളപ്പൊക്കത്തിൽ നഷ്ടമായി, അവർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നു.പ്ലസ് ടൂവിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന പെൺകുട്ടികളെയും കൊണ്ട് ക്യാംപിൽ താമസിക്കുക സുരക്ഷിതമല്ലാത്തതുകൊണ്ട് ഒരു കഴിഞ്ഞ മാസം വാടക വീട്ടിലേയ്ക്ക് ഈകുടുംബം താമസം മാറി, ഇവരുടെ കഷ്ട സ്ഥിതി കണ്ട് ആദ്യമൂന്നുമാസം വാടകഇളവ് ലഭിച്ചിട്ടുമുണ്ട്.

സുശീല രാജേന്ദ്രനും കുടുംബവും സുശീലയുടെ കുടുംബ വീതമായി കിട്ടിയ തറവാട്ടു വീട്ടിലായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി കഴിഞ്ഞിരുന്നത്. സുശീല പതിനാറു വർഷം ഗുജറാത്തിൽ സിഎംഐ അച്ചന്മാർ നടത്തുന്ന സ്‌കൂളിൽ കണക്ക് ടീച്ചറായി ജോലി ചെയ്തിരുന്നു. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അനാഥാലയത്തിലെ അന്തേവാസിയും കഠിനാദ്ധ്വാനിയുംആയഭർത്താവ്രാജേന്ദ്രൻ, വിവാഹശേഷംഗുജറാത്തിൽ ചെറിയ ചായക്കട നടത്തുക ആയിരുന്നു. മൂത്ത മകൾ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ നാട്ടിൽ 'അമ്മ മരിച്ചതോടെ അനാഥമായ തറവാട്ട് വീട്ടിലേക്ക് ഗുജറാത്ത്ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയതാണ്. നാട്ടിൽ ടീച്ചർ ജോലി അന്വേഷിച്ചെങ്കിലും കോവിഡ് ലോക് ഡൗൺ കാരണം സ്‌കൂളുകൾ ഓൺലൈൻ പഠനം മാത്രമായിരുന്നതുകൊണ്ട് സ്ഥിര ജോലി ലഭിച്ചില്ല. എങ്കിലും കൊക്കയാർ ശ്രീ നാരായണ പബ്ലിക് സ്‌കൂളിൽ ആഴ്ചയിൽ രണ്ട് ദിവസം ഏതാനുംമണിക്കൂറുകൾ ഓൺലൈൻ മാത്സ് ക്ലാസ് എടുത്ത് ലഭിക്കുന്ന നാലായിരം രൂപ പ്രതിമാസ വരുമാനം ഉണ്ടായിരുന്നു. നാട്ടിലെത്തിയത്തിനു ശേഷം ഭർത്താവ് രാജേന്ദ്രൻ കോഴിക്കോട് നിന്ന് മൊബൈൽ അസസറീസ് മൊത്തമായി വാങ്ങി കടകളിൽ എത്തിച്ചിരുന്നു. ഗുജറാത്ത് ജീവിതത്തിലെ സേവിങ്സ് കൊണ്ട് വാങ്ങിയ പുര വയ്ക്കാൻ അനുയോജ്യമായ 22സെന്റ്സ്ഥലംഇവർക്കുണ്ട്. ഇത് കാണിച്ച് ദുരിതബാധിതർക്കുള്ള സഹായത്തിനു അപേക്ഷിച്ചിട്ടുണ്ട്. ഇത് വരെ സർക്കാർ തലത്തിൽ നിന്ന് ഉറപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.

എങ്ങനെയെങ്കിലുംനിത്യച്ചെലവിനെങ്കിലും വക കണ്ടെത്തണം എന്നആഗ്രഹവുമായി ഭർത്താവ് തിരികെ ജോലി തേടിഗുജറാത്തിലേക്കു പോയെങ്കിലും സുശീലയുടെ അസുഖ വിവരമറിഞ്ഞു തിരികെ പോരേണ്ടി വന്നു. കുട്ടികൾക്ക് ട്യൂഷൻ എടുത്തും മറ്റുമായി രണ്ടറ്റവും കൂട്ടിമുട്ടിക്കാൻശ്രമിക്കുന്നതിനിടയിൽ അശനിപാതം പോലെയാണ്സുശീലയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബർ 14 നു കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ഓപ്പറേഷനിലൂടെ ട്യൂമർ എടുത്തു കളഞ്ഞെങ്കിലും തുടർചികിത്സയ്ക്കായി കാത്തിരിക്കുന്നു. അതിന്റെ ചെലവ് പറയാറായിട്ടില്ല.

ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം അവിടുത്ത വാർഡ് മെമ്പർ സജിത്ത് കുമാർ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. തകർന്ന പാലത്തിനക്കരെ താമസിക്കുന്ന ജനങ്ങൾക്ക് പൊതുജന സഹായമൊന്നും എത്തുന്നില്ല എന്നും അദ്ദേഹം അറിയിച്ചു. കൈവശ അവകാശം മാത്രമുണ്ടായിരുന്ന ആറ്റിറമ്പിലെ വീടും അഞ്ച് സെന്റ് പുരയിടവും പൂർണ്ണമായും നഷ്ടപ്പെട്ട് പോയി. രണ്ട് പെൺകുട്ടികളുടെ പഠനം, സുശീലയുടെ തുടർചികിത്സ, സ്വന്തമായൊരു ഭവനം എന്നിവയ്ക്കായി ഈ കുടുംബത്തിന് സ്വന്തമായുള്ള 22 സെന്റ് വിൽക്കാനും ഇവർ തയ്യാറാണ്. എന്നാൽ ഇപ്പോൾനിത്യചെലവിനുപോലും വലയുന്ന അവസ്ഥയിലായതുകൊണ്ടാണ് നമ്മുടെ മുൻപിൽ കൈനീട്ടുന്നത്. നിങ്ങളുടെ ഒരു ചെറിയ സഹായം ആ കുടുംബത്തിന് ജീവിക്കാനുള്ള ഊർജ്ജമാകും.

ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക

Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM