- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
യന്ത്രം കൊണ്ട് കൊലചെയ്യുന്നത് ലോകത്തിന് പഠിപ്പിച്ചവർ; പൊട്ടിത്തെറിക്കുന്ന ഫോണുകളും, കൊലയാളി പുഷ്പങ്ങളും റേഡിയേഷനുമായി മരണം ഏതു രീതിയിലും വരാം; ഹണിട്രാപ്പിൽ കുടുക്കാൻ ചാരസുന്ദരിമാർ; ലോകമെമ്പാടും ആയിരക്കണക്കിന് ഇൻഫോർമർമാർ; സൈക്കിൾ തൊട്ട് വിമാനം വരെ ഓടിക്കാനും ഏത് ആയുധം ഉപയോഗിക്കാനും അറിയാവുന്ന കമാൻഡോകൾ; ലോകത്തെ വിറപ്പിക്കുന്ന മൊസാദിന്റെ കഥ
'ലോകം മുഴുവൻ ഞങ്ങളെ പട്ടികളെപ്പോലെ വേട്ടായാടുമ്പോൾ ഒരു യഹോവയും ഞങ്ങളുടെ രക്ഷക്ക് എത്തിയിരുന്നില്ല. ഞങ്ങളുണ്ടാക്കിയ ആയുധങ്ങളും സൈനിക ശക്തിയും ഞങ്ങളുടെ ചാര ശൃംഖലയും തന്നെയാണ് ഞങ്ങൾക്ക് സമാധാനം ഉണ്ടാക്കിത്തന്നത്. ആയിരക്കണക്കിന് ലിറ്റർ ചോര ഒഴുക്കിക്കളഞ്ഞാണ് ഞങ്ങൾ സ്വാതന്ത്ര്യം നേടിയത്'- ഇസ്രയേൽ മുൻ പ്രധാനമന്ത്രി എരിയൽ ഷാരോൺ ഒരിക്കൽ ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത് അങ്ങനെയാണ്. ഇസ്രയേൽ എന്ന ഇന്ന് അമേരിക്കപോലും ഭയക്കുന്ന കുഞ്ഞു രാഷ്ട്രത്തിന്റെയും ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം ശരിയാണെന്ന് മനസ്സിലാവും. ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനത ഏതാണെന്ന് ചോദിച്ചാൽ നമുക്ക് നിസ്സശയം പറയാൻ കഴിയുക അത് യഹൂദർ എന്നാണ്. ക്രിസ്താനികളും മുസ്ലീങ്ങും റോമാക്കാരും ഒടുവിൽ ഹിറ്റ്ലർവരെ മാറിമാറി അവരെ വേട്ടയാടി. തൂക്കുമരത്തിൽ പിടഞ്ഞും, ഗ്യാസ് ചേംബറിൽ ശ്വാസംമുട്ടിയും ലക്ഷക്കണക്കിന് യഹൂദരാണ് മരിച്ചുവീണത്.
അതിന്റെയെല്ലാം പ്രായശ്ചിതമെന്നോണം അവർക്ക് 1948 തങ്ങളുടെ വാഗ്ദത്ത ഭൂമിയായി കരുതുന്ന ഇസ്രയേൽ എന്ന കൊച്ചു രാഷ്ട്രം കിട്ടിയപ്പോൾ, യുഎന്നിന്റെ വാക്കുപോലും കേൾക്കാതെ ചുറ്റുപാടുമുള്ള അറബ് രാഷ്ട്രങ്ങൾ വളഞ്ഞിട്ട് ആക്രമണിക്കയാണ് ചെയ്ത്. ചോരയിൽ കുളിച്ച് പിറന്ന വീണ ഒരു രാഷ്ട്രം. അതായിരുന്നു ഇസ്രയേൽ. അതുകൊണ്ടുതന്നെ ഇസ്രയേലിന് നന്നായി അറിയമായിരുന്നു, അത്യാധുനിക സൈനിക ശേഷിയും, പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന ശൈലിയിൽ ഉള്ള തിരിച്ചടിയും ഇല്ലായിരുന്നെങ്കിൽ തങ്ങളെ ഇവർ ബാക്കിവെച്ചക്കേല്ലെന്ന്. 'അവൻ എന്നെ അത്താഴമാക്കുന്നതിന് മുമ്പ് ഞാൻ അവനെ ഉച്ചഭക്ഷണമാക്കി' എന്നാണ് തങ്ങളുടെ രീതിയെന്ന് ബഞ്ചമിൻ നെതന്യാഹു അടക്കമുള്ള ഇസ്രായൽ നേതാക്കൾ പലതവണ പറഞ്ഞതാണ്. അതിജീവിക്കാൻ അവർക്ക് ഒരു ചാരസംഘടനയും ശക്തമായ പ്രതിരോധസംഘവും വേണമായിരുന്നു. എതിരാളികൾ ഈ പ്രതിരോധ സംഘത്തെ കൊലയാളി സംഘമെന്നാണ് പറയുക. അത് അവർ രൂപം കൊടുത്ത സംഘടനയാണ് ലോകത്തിലെ ഏറ്റവും അപകടകാരികൾ ആയ മൊസാദ് എന്ന ചാരസംഘടന.
ഇന്ന് മൊസാദ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇറാന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫക്രിസദെയെ കൊലപ്പെടുത്തിയത് ലോകത്തെ ഞെട്ടിച്ചിരിക്കയാണ്. പക്ഷേ മൊസാദ് ഇത് തീരുമാനിച്ച് ഉറപ്പിച്ചതാണ്. ഇറാന്റെ ആണവ പദ്ധതികൾ ആദ്യം ലക്ഷമിടുന്നത് ആരെയാണെന്ന് ഇസ്രയേലിന് നന്നായി അറിയാം. അതാണ് ഇസ്രയേലിന്റെ പ്രത്യേകയും. കൊല്ലുമെന്ന് പറയും. നമ്മുടെ മണിയാശാൻ പറഞ്ഞപോലെ വൺ ടൂ ത്രീയെന്ന് നമ്പറിട്ട് തീർക്കുയും ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ ഞങ്ങളുടെ രാജ്യം ബാക്കിയണ്ടാവില്ല എന്നാണ് ഇസ്രയേലിന്റെ വാദം.
ന. വർഷങ്ങൾ എടുത്ത് ഇരയെ തേടിപ്പിടക്കയാണ് മൊസാദ് ചെയ്യുക. ഓപ്പറേഷൻ കഴിഞ്ഞു മാത്രയമായിരക്കും നിങ്ങളുടെ തെരുവിൽ മോട്ടോർ മൊക്കാനിക്കായി പത്തവർഷം ജോലിചെയ്തിരുന്നു അയൽവാസി ഒരു മൊസാദ് കമാൻഡോ ആയിരുന്നുവെന്ന ഞെട്ടിക്കുന്ന സത്യം നിങ്ങൾ അറിയുക. ചാര സുന്ദരിമാരുടെ ഹണിട്രാപ്പ് തൊട്ട് പണവും സംരക്ഷണവും ഒരുക്കിക്കൊണ്ടുള്ള വിലക്കെടുക്കൽവരെ അറിയുന്ന സംഘടന. റഷ്യയുടെ മിഗ് വിമാനം തൊട്ട് കോഹിന്നുർ രത്നംവരെ അടിച്ചുമാറ്റാൻ കഴിയുന്ന ആസൂത്രണം.
ഏത് ആൾക്കൂട്ടത്തിൽനിന്നും ലക്ഷ്യമിട്ടവനെ മാത്രം വകവരുത്താനുള്ള പ്രാഫഷണൽ മികവ്. മറ്റ് കെട്ടിടങ്ങൾക്കൊന്നും കേടുപാടുകൾ കൂടാതെ ഭീകരകേന്ദം മാത്രം തകർക്കുന്ന ടെക്നിക്ക്. വിഷം കലർത്തിയ പേസ്റ്റും, പൊട്ടിത്തെറിക്കുന്ന ഫോണും, കൊലയാളി പുഷ്പങ്ങളും തൊട്ട് ഏത് രീതിയിലാണ് മൊസാദിനോട് കളിച്ചാൽ മരണം നിങ്ങളെ തേടിയെത്തുക എന്ന് പറയാൻ ആവില്ല. നമ്മുടെ പവനാഴി പറഞ്ഞ പോലെ 'മലപ്പുറം കത്തിയും അമ്പും വില്ലും തൊട്ട് അൾട്രാമോഡേൺ മെഷീൻ ഗണ്ണുവരെ' ഇവർക്ക് കൊലക്ക് ആയുധമാണ്. ലോകമെമ്പാടും ആയിരക്കണക്കിന് ഇൻഫോർമർമാരെയും കോടികൾ കൊടുത്ത് തീറ്റിപ്പോറ്റുന്നുണ്ട് മൊസാദ്. ഇന്ന് അമേരിക്കയ്ക്ക് പോലും നിർണ്ണായക വിവരങ്ങൾ നൽകുന്നത് ഇവർ ആണെന്നതിൽ തർക്കമില്ല.
ഫക്രിസദേയെ കൊന്നത് ചാര സുന്ദരി അടക്കമുള്ള 62 അംഗസംഘം
ഇറാനിലെ ആണവ ശാസ്ത്രജ്ഞനായ മൊഹ്സീൻ ഫക്രിസദേയുടെ കൊലപാതകം സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.കൊലപാതകം നടന്ന മണിക്കൂറുകൾക്ക് ശേഷം ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഇറാനിൽ നിന്ന് തന്നെ പുറത്തുവന്നിരിക്കുന്നു. 62 പേരുടെ ഉയർന്ന പരിശീലനം നേടിയ ഒരു ഹിറ്റ് സ്‌ക്വാഡാണ് കൊലപാതകം നടത്തിയതെന്നാണ് ഇറാനിലെ ചിലർ വെളിപ്പെടുത്തിയത്. കൃത്യമായ പ്ലാനിങും മാപ്പിങും നടത്തിയാണ് ദൗത്യം നടപ്പിലാക്കിയത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ബോംബുകൾ പ്രയോഗിച്ചു. ദൗത്യം കൃത്യമായി നടപ്പിലാക്കാൻ സ്നൈപ്പേർസിനെയും (വെടിവെക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവർ) ഉപയോഗിച്ചു. കില്ലർ സംഘത്തിൽ രണ്ടു സ്നൈപ്പർമാർ ഉണ്ടായിരുന്നു.
സംഭവ ദിവസം പ്രദേശത്തെ വൈദ്യുതി വിതരണം വരെ തകർത്താണ് ദൗത്യം നടത്തിയത്. ആറ് വാഹനങ്ങളിലായി വന്നവരാണ് കൊല നടത്തിയത്. ഇസ്രയേലിന്റെ മൊസാദ് സംഘമാണ് ഇതിനു പിന്നിലെന്ന് ഇറാനിലെ മുതിർ ഉദ്യേഗസ്ഥരെല്ലാം ആരോപിക്കുന്നുണ്ട്. പന്ത്രണ്ട് പേരാണ് ആ സമയത്ത്, വെള്ളിയാഴ്ച മൊഹ്സീൻ ഫക്രിസദേയെ വധിക്കൽ ദൗത്യം നടത്താൻ രംഗത്തുണ്ടായിരുന്നത്. എന്നാൽ, ഈ സമയവും സ്ഥലവും സജ്ജീവകരിക്കാൻ ദിവസങ്ങളോളം ആസൂത്രണം ചെയ്യാൻ 50 പേർ കൂടി സംഘത്തിലുണ്ടായിരുന്നു. ഇവരിൽ ചിലർ ഇറാനിലും കുറച്ചു പേർ വിദേശത്തുമാണെന്നുമാണ് അറിയുന്നത്.
മൊഹ്സീൻ ഫക്രിസദേയുടെ സുരക്ഷാ സംഘത്തിന്റെ ഓരോ ചലനത്തിന്റെയും തിയതിയും ഗതിയും തുടങ്ങി ചെറിയ വിശദാംശങ്ങൾ പോലുംം ഈ ടീമിന് കൃത്യമായി അറിയാമായിരുന്നു. അബ്സാർഡിലെ തന്റെ സ്വകാര്യ വില്ലയിലേക്ക് പോകുന്ന സമയത്താണ് ശാസ്ത്രജ്ഞനായ മൊഹ്സീൻ ഫക്രിസദേയെ വധിക്കാനുള്ള സമയം കൊലയാളികൾ തിരഞ്ഞെടുത്തത്.അവർ നേരത്തെ മാപ്പിങ് ചെയ്ത പ്രദേശത്തു കൂടെ മൊഹ്സീൻ ഫക്രിസദേ സഞ്ചരിക്കുന്നതിന് തൊട്ടുമുൻപ്, കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പെട്ടെന്ന് പ്രചരിക്കാതിരിക്കാനും അതിവേഗ വൈദ്യ സഹായം ലഭിക്കാതിരിക്കാനും കില്ലർ ടീം ഈ പ്രദേശത്തെ വൈദ്യുതി പൂർണമായും വിഛേദിച്ചിരുന്നു. ഹ്യൂണ്ടായ് സാന്റാ ഫിയിലാണ് നാലു കൊലയാളികൾ കാത്തിരുന്നത്. ഇതോടൊപ്പം നാലു മോട്ടോർസൈക്കിളുകളും.
മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകൾക്ക് നടുവിലാണ് മൊഹ്സീൻ ഫക്രിസദേ സഞ്ചരിച്ചിരുന്നത്. ആദ്യ കാർ റൗണ്ട്എബൗട്ടിൽ പ്രവേശിച്ചതിനു ശേഷമാണ് കൊലയാളികൾ ആക്രമണം നടത്തിയത്. ഫക്രിസാദെയുടെ പുറകിലത്തെ കാർ തടയാനായി നേരത്തെ സജ്ജമാക്കിവെച്ചിരുന്ന നിസ്സാൻ പിക്കപ്പ് വാൻ പൊട്ടിത്തെറിച്ചു. ഈ നേരത്ത് 12 തോക്കുധാരികൾ മൊഹ്സീൻ ഫക്രിസദേയുടെ കാറിനു നേരെ കുതിച്ചു. വാഹനത്തിൽ ബോംബ് വെക്കാനും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും സഹായിച്ചത് ഒരു സ്ത്രീയാണെന്നും ഇത് മൊസാദിന്റെ ചാര സുന്ദരിയാണെന്നും വിവിധ ട്വീറ്റുകളിൽ പറയുന്നുണ്ട്.
കാർ ബോംബ് പൊട്ടിത്തെറിച്ച ശേഷം 12 കൊലയാളികൾ മൊഹ്സീൻ ഫക്രിസദേയുടെ കാറിനും ഒന്നാമതായി കടന്നുപോയ സംരക്ഷണ വാഹനത്തിനും നേരെ വെടിയുതിർത്തു. ഇതിനു തൊട്ടുപിന്നാലെ കൊലപാതക സംഘത്തിന്റെ നേതാവ് മൊഹ്സീൻ ഫക്രിസദേയെ കാറിൽ നിന്ന് പുറത്തെടുത്ത് റോഡിലിട്ട് വെടിവച്ച് കൊന്നുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു.ഇറാന്റെ അംഗരക്ഷകരുമായുള്ള വെടിവയ്പിൽ കൊലയാളി സംഘത്തിലെ ഒരാൾക്ക് പരക്കേറ്റിരുന്നു. എന്നാൽ കൊലയാളികളെ ഒരാളെ പോലും പിടികൂടാൻ സാധിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. അയായത് കിറുകൃത്യമാണ് മൊസാദിന്റെ ആക്രണമെന്ന് ചുരുക്കം.
ചിറകുവിരിച്ചു നിൽക്കുന്ന ആ പരുന്ത്
ചിറകുവിരിച്ചു നിൽക്കുന്ന ആ പരുന്താണ് മൊസാദിന്റെ എംബ്ലം. അതിൽ എല്ലാമുണ്ട്. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാൻ നടക്കുന്ന പരുന്തുകളാണവർ. 1949 ഡിസംബർ 13ന് രൂപീകരിച്ചതു മുതൽ ആക്രമണങ്ങളുടെ നീണ്ട നിരയാണ് ഇവർക്ക് നേരിടേണ്ടി വന്നത്. ഇതോടെയാണ് 1951 ഏപ്രിലിൽ മൊസാദ് രൂപവത്ക്കരിച്ചത്. ഇസ്രയേലി പൗരന്മാരെ വധിക്കരുതെന്ന ഉദ്ദേശം പുലർത്തുന്ന ഈ സംഘടനയ്ക്ക് സഖ്യരാജ്യങ്ങളിൽ വച്ച് വധം നടത്താൻ അനുവാദമുണ്ട്. മൊസാദിന്റെ അംഗങ്ങളിൽ പലരും ഇസ്രയേൽ പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിച്ചവരും, അതിലെ ഉയർന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 1600 പേർ ഇതിൽ ഒദ്യോഗികമായി പ്രവർത്തിക്കുന്നു.
ലോകത്തിലെ ഏറ്റവും കഠിനമായ പരിശീലനമാണ് ഒരു മൊസാദ് കമാൻഡോയുടേത്. കരയിലും കടലിലും മരുഭൂമിയിലും ലോകത്ത് എവിടെ വെച്ചും പോരാടൻ അയാൾക്ക് പരിശീലനം കിട്ടും. വെള്ളം കുറച്ച് ഉപയോഗിച്ച് എങ്ങനെ മാസങ്ങൾ അതിജീവിക്കാം, ഭക്ഷണമില്ലാതെ എങ്ങനെ ജീവിക്കാം തൊട്ട്. സൈക്കിൾ തൊട്ട് വിമാനംവരെ ഓടിക്കാനും പഠിപ്പിക്കും. ലോകത്തിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കാനും പരിശീലനം കിട്ടും. ചരുക്കത്തിൽ ഒരു ശരാശരി ഇന്ത്യൻ സൈനികനുമായൊക്കെ താരതമ്യം ചെയ്യുമ്പോൾ ബാഹുബലിയാണ് ഒരു മൊസാദ് കമാൻഡോ. മൊസാദിലേക്ക് ആളുകളെ റിക്രൂട്ടു ചെയ്യുന്നതുപോലും അതീവ രഹസ്യമായാണ്. കൂട്ടത്തിൽ ഒരാൾ ഒറ്റിയാൽ അയാളുടെ ആയുസ് എണ്ണപ്പെട്ടെന്നാണ് നിയമം. ഭൂമിയിൽ അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മൊസാദ് തങ്ങളുടെ കരുത്തു തെളിയിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.
്
വിവരശേഖരണം, രാഷ്ട്രീയ കൃത്യനിർവ്വഹണം, വധം, അട്ടിമറി, ഗവേഷണം, സാങ്കേതികവികസനം എന്നീ കാര്യ നിർവ്വഹണത്തിനായി എട്ടു വകുപ്പുകൾ മൊസാദിന്റെ കീഴിൽ പ്രവർത്തിക്കുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ്സിൽ, സ്റ്റാലിനെ തള്ളിപ്പറഞ്ഞുകൊണ്ട് ക്രൂഷ്ചേവ് നടത്തിയ പ്രസംഗം പുറത്തു കൊണ്ടു വന്നത്, 1972 ലെ മ്യൂണിച്ച് ഒളിമ്പിക്സ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ വധിച്ചത്, അഡോൾഫ് ഇച്മാനെ തട്ടിക്കൊണ്ടു പോയത്, ഇറാഖിലെ ഒസിറാഗ് അണു നിലയത്തെക്കുറിച്ച് രഹസ്യ വിവരം ശേഖരിച്ച് 1981ൽ ഇസ്രയേലി വ്യോമാക്രമണത്തിലൂടെ അതു തകർത്തത് എന്നിവ മൊസാദിന്റെ പ്രമുഖ ഓപ്പറേഷനുകളാണ്.സ്ഥാപക ഡയറക്ടറായ റൂവൻ ഷില്ലോവ മുതൽ നിലവിലെ ഡയറക്ടർ യോസി കോഹൻവരെയുള്ളവർ മൊസാദിന്റെ രഹസ്യപാരമ്പര്യം കാത്തുസൂക്ഷിച്ചവരാണ്.
കിഡോൺ എന്ന കൊലയാളി സംഘം
ഇസ്രയേലിനെ സംബന്ധിച്ച് നിർണ്ണായകമായിരുന്നു 1967ലെ യുദ്ധം. അറബ് രാഷ്ട്രങ്ങൾ വളഞ്ഞിട്ട് പോരാടിച്ചിട്ടം എല്ലാവരും തോറ്റമ്പി. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന കാടൻ തന്ത്രം 1967-ലെ അറബ് - ഇസ്രയേൽ യുദ്ധത്തോടെ അവസാനിക്കുകയും ഇസ്രയേൽ, ഭൂമി പിടിച്ചെടുത്ത് തങ്ങളുടെ അതിരുകൾ അറബ് ആവാസപ്രദേശങ്ങളിലേക്ക് നീട്ടുകയും ചെയ്തു.അപ്പോഴേക്കും കൂടുതൽ ഗൂഡവും പ്രച്ഛന്നതരത്തിലുള്ളതുമായ ഒരു അടിച്ചമർത്തൽ ശൈലി ഇസ്രയേൽ സ്വീകരിച്ചിരുന്നു: കൊലപാതകം അല്ലെങ്കിൽ രഹസ്യായി ഇല്ലാതാക്കൽ. മ്യൂണിക് ഒളിംപിക്സിലെ (1972) കൂട്ടക്കൊലയ്ക്ക് ശേഷം ഇസ്രയേലിന്റെ തിരിച്ചടിയുടെ പ്രധാന ഭാഗമായി മാറിയ ദ കിഡോൺ 'കുന്തമുന' എന്ന മൊസാദിലെ ഈ ചെറിയ സംഘം കൊലയാളി വിഭാഗം പിന്നെ ലോകം മുഴുവനായുമുള്ള നടപടികൾക്ക് ഉപയോഗിക്കപ്പെട്ടു.
ഇനി മൊസാദിന് ആരെയും കൊല്ലാനുള്ള അനുമതിയുണ്ടെന്നും കരുതരുത്. എതിരാളികളുടെ വധങ്ങൾ തോന്നും പോലെ കൈവിട്ടുപോകുമോ എന്നു ഇസ്രയേലിനും ആശങ്കയുണ്ടായിരുന്നു. മൊസാദിന്റെ ആദ്യകാല തലവന്മാരിലൊരാളായ മെയിർ അമീറ്റിന്റെ കാലത്തുണ്ടാക്കിയ അതിന്റെ കൊലപാതക നിയമങ്ങളിൽ, നിയമസംവിധാനത്തിന് മുന്നിൽ നിരത്താവുന്ന തരം തെളിവുകളും വ്യക്തമായ രാഷ്ട്രീയ അനുമതിയും വേണമെന്നുണ്ട്. ഗോർഡൻ തോമസിന്റെ Gideon's Spies എന്ന പുസ്തകത്തിൽ പറഞ്ഞപോലെ ഈ നിയമങ്ങളിൽ, 'ഓരോ കൊലപാതകത്തിനും പ്രധാനമന്ത്രിയുടെ അനുമതി വേണം. ചട്ടമനുസരിച്ചേ എന്തും ചെയ്യാവൂ. തീരുമാനങ്ങളുടെ രേഖകൾ സൂക്ഷിക്കണം. നമ്മുടെ ദൗത്യങ്ങൾ ഭരണകൂടം നടത്തുന്ന കൊലപാതകങ്ങളായി കാണാൻ ഇടവരരുത്. മറിച്ച് രാഷ്ട്രത്തിന് കൊണ്ടുവരാവുന്ന അവസാനത്തെ നിയമനടപടി എന്ന നിലയ്ക്കാകണം. ഒരു ആരാച്ചാറിൽ നിന്നോ നിയമം ഏർപ്പാടാക്കിയ കൊലയാളിയിൽ നിന്നോ നാം വ്യത്യസ്തരല്ല,' എന്ന് പറയുന്നുണ്ട്.
ഇസ്രയേലിന്റെ ശത്രുക്കൾക്കെതിരെ തീവ്രമായ ആക്രമണങ്ങൾ നടത്തുന്നതായുള്ള വിമർശനം മൊസ്സാദിനെതിരെ പലപ്പോഴും ഉയരാറുണ്ട്. കൊലപാതകങ്ങൾ ,തട്ടിക്കൊണ്ടുപോകൽ പീഡിപ്പിക്കൽ എന്നിവയും ഇതിന്റെ ഭാഗമായി മൊസ്സാദ് ചെയ്യുന്നു.. മാത്രമല്ല അന്തർദേശീയ നിയമങ്ങൾ ലംഘിക്കുന്നതായും ആരോപണം ഉണ്ട്. ഹമാസ് സൈനിക കമാണ്ടർ മഹ്മൂദ് അൽ മഫൂഹ്, 2010 ജനുവരി 19 ന് ദുബായിലെ ഒരു ഹോട്ടലിൽ കൊലചെയ്യപ്പെട്ടതിനു പിന്നിലും ഇസ്രയേൽ ചാര സംഘടനായായ മൊസ്സദ് ആണെന്ന് ശക്തമായി സംശയിക്കപ്പെടുന്നു.
യന്ത്രക്കൊലയാളികളെ ലോകത്ത് ആദ്യം ഉപയോഗിച്ചു
ലോകത്ത് ആദ്യമായി യന്ത്രക്കൊല നടത്തിയത് മൊസാദ് ആണ്. അതായത് ഡ്രോണുകളുടെ രൂപത്തിൽ. നിങ്ങൾ എവിടെയാണെങ്കിലും റിമോട്ടിൽ നിയന്ത്രിക്കാവുന്ന ഡ്രോൺ ഒരു പറവയെപ്പോലെ എത്തി കൃത്യം നിർവഹിച്ച് മടങ്ങും. ഇപ്പോൾ മൊസാദ് നടത്തുന്ന പല കൊലകൾക്ക് പിന്നിലും മനുഷ്യനല്ല. യന്ത്രമാണ്
വിഷം കലർത്തിയ ടൂത്ത് പേസ്റ്റ്, ആയുധധാരികളായ ഡ്രോണുകൾ, പൊട്ടിത്തെറിക്കുന്ന മൊബൈൽ ഫോണുകൾ, റിമോട്ട് കൺട്രോൾ ബോംബ് ഘടിപ്പിച്ച സ്‌പെയർ ടയറുകൾ, റേഡിയേഷൻ - എതിരാളികളെ കൊലപ്പെടുത്താൻ കഴിഞ്ഞ 70 വർഷത്തിനിടെ ഇസ്രയേൽ നടത്തിയ 2700നടുത്ത് വരുന്ന ശ്രമങ്ങളിൽ ഉപയോഗിച്ച രീതികളിൽ ചിലതാണ് ഇവ. ഇസ്രയേലിന്റെ കൊലപാതക ഓപ്പറേഷനുകളെപ്പറ്റി വിവരിക്കുന്ന േറൈസ് ആൻഡ് കിൽ ഫസ്റ്റ് എന്ന പുസ്തകത്തിൽ പറയുന്നത്. എതിരാളികളായ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തുക, മുസ്ലിം പുരോഹിതന്മാരുടെ രഹസ്യ പ്രണയബന്ധങ്ങൾ അന്വേഷിക്കുക, അവരെ ഹണി ട്രാപ്പിൽപെടുത്തി വിവരം ചോർത്തുക. തുടങ്ങിയവയെല്ലാം ഇസ്രയേൽ ചെയ്യുന്നു. ലോകത്ത് ഏറ്റവുമധികം ചാരപ്പണിയും ശത്രുനിഗ്രഹങ്ങളും നടത്തുന്നത് ഇസ്രയേലാണെന്നും പുസ്തകം പറയുന്നു.
അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ചാര സംഘടന മൊസാദ്, ആഭ്യന്തര സുരക്ഷ ഏജൻസിയായ ഷിൻ ബെറ്റ്, ഇസ്രയേൽ സൈന്യം തുടങ്ങിയവയുടെ ഭാഗമായ ഉദ്യോഗസ്ഥരിൽ നിന്നാണ യെദിയോട്ട് അഹാരോനോട്ട് പത്രത്തിന്റെ ഇന്റലിജൻസ് കറസ്‌പോണ്ടന്റായ റോണൻ ബർഗ്മാൻ പുസ്തകം തയ്യാറാക്കിയത്. ഇസ്രയേൽ ഗവൺമെന്റ് സ്‌പോൺസർ ചെയ്യുന്ന കൊലപാതകങ്ങളുടെ ആദ്യത്തെ സമഗ്ര രേഖയാവുകയാണ് ഈ പുസ്തകം. 600 പേജുള്ള പുസ്തകത്തിൽ ആയിരം അഭിമുഖങ്ങളും ആയിരത്തോളം രേഖകളുമുണ്ട്. ആറ് ഇറാനിയൻ ആണവശാസ്ത്രജ്ഞരെ ഇസ്രയേൽ കൊലപ്പെടുത്തിയിട്ടുണ്ട്. സൈനികനീക്കങ്ങളേക്കാൾ ഇസ്രയേൽ നടത്തിയിട്ടുള്ളതും ഇത്തരം കാര്യങ്ങളാണ്
ഫലസ്തീൻ നേതാവ് യാസർ അറാഫത്തിനെ വിഷം നൽകി കൊന്നതാണെന്നും റേഡിയേഷൻ ഉപയോഗിച്ചതായും കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു. അതേസമയം എങ്ങനെയാണ് അറാഫത്തിനെ കൊലപ്പെടുത്തിയതെന്ന് വിശദമാക്കാൻ റോണൻ ബർഗ്മാൻ തയ്യാറായിട്ടില്ല. ഇസ്രയേൽ സൈന്യം തന്നെ ഇതിൽ നിന്ന് തടയുന്നതായി ബർഗ്മാൻ പറയുന്നു. താൻ സംസാരിച്ചവരെല്ലാം ഈ നടപടികളെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും ഇതെല്ലാം യുദ്ധത്തിന്റെ ഭാഗമായി അംഗികരിക്കണമെന്ന അഭിപ്രായക്കാരാണ് ഇവരെല്ലാമെന്നും റോണൻ ബർഗ്മാൻ പറയുന്നു. പ്രാചീന യഹൂദരുടെ താൽമഡ് അനുശാസനത്തിൽ നിന്നാണ് പുസ്തകത്തിന് പേര് കെട്ടിയിരിക്കുന്നത് - ആരെങ്കിലും 'നിങ്ങളെ കൊല്ലാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ അയാളെ പെട്ടെന്ന് തന്നെ കൊല്ലൂ' എന്നതാണ് അത്.
ഇസ്രയേൽ മുൻ പ്രധാനമന്ത്രിമാരായ എഹൂദ് ബറാക്, എഹൂദ് ഓൽമർട്ട് തുടങ്ങിയവരെയൊക്കെ ഇന്റർവ്യൂ ചെയ്തിട്ടുള്ള മാധ്യമപ്രവർത്തകനാണ് റോണൻ ബർഗ്മാൻ. എന്നാൽ ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തന്റെ പുസ്തകത്തിൽ ഇടപെട്ടെന്ന് ബർഗ്മാൻ പറയുന്നു. തന്റെ അന്വേഷണം എങ്ങനെ തടയാം എന്ന കാര്യം ചർച്ച ചെയ്യാൻ 2010ൽ യോഗം വിളിച്ചിരുന്നു. തന്നോട് സംസാരിക്കരുതെന്ന് മൊസാദ് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തിരുന്നു.അമേരിക്കയ്ക്ക് തങ്ങളുടെ ചാരസംഘടനയിലും സുരക്ഷാ ഏജൻസികളിലും ഇസ്രയേലിന് അവരുടേതിൽ ഉള്ളതിനേക്കാൾ നിയന്ത്രണമുണ്ട്. എന്നാൽ 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം ഇസ്രയേലിന്റെ രീതികൾ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് ഉപയോഗിച്ച് തുടങ്ങി. ബറാക് ഒബാമയും ഇത്തരം ശത്രുനിഗ്രഹങ്ങൾ തുടർന്നു. കമാൻഡ്, കൺട്രോൾ സംവിധാനങ്ങൾ, വിവര ശേഖരണ രീതികൾ, വാർ റൂമുകൾ, ഡ്രോണുകൾ, മറ്റ് സാങ്കേതികവിദ്യകൾ തുടങ്ങി യുഎസ് സൈന്യം ഉപയോഗിക്കുന്ന പലതും ഇസ്രയേൽ വികസിപ്പിച്ചതാണ് - ബർഗ്മാൻ പറയുന്നു.
മിഗ് വിമാനം റാഞ്ചിയ കഥ
ഇസ്രയേൽ എന്ത് ആഗ്രഹിച്ചാലും മൊസാദ് അത് നടത്തിക്കൊടുക്കും. വിമാനം റാഞ്ചാനാണെങ്കിൽ അതും.ശീതയുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അറുപതുകളുടെ മധ്യത്തിലാണ് സംഭവം. ആകാശത്തും ഭൂമിയിലും സംഭവിച്ചിട്ടുള്ള മിക്ക കണ്ടുപിടിത്തങ്ങളിലും സോവിയറ്റ് യൂണിയന്റെ കൈയൊപ്പ് ആദ്യം പതിയുന്ന ഒരു കാലഘട്ടം. അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് നോക്കാൻ കൂടി കഴിയാത്ത ഇരുമ്പ് മറയ്ക്കുള്ളിൽ സോവിയറ്റ് യൂണിയൻ രാകി മിനുക്കിയുണ്ടാക്കിയതാണ് മിഗ് 21 എന്ന അതിശയ യുദ്ധ വിമാനം. മിഗ് 21 അമേരിക്കയെക്കാളും ഉറക്കം കെടുത്തിയത് പക്ഷേ ഇസ്രയേലിനെയായിരുന്നു. കാരണം എണ്ണം പറഞ്ഞ ആക്രമണശേഷി സ്വായത്തമാക്കിയ മിഗ് 21 വിമാനങ്ങൾ ഇസ്രയേലിന്റെ ശത്രുക്കളുടെ കൈകളിലെല്ലാമുണ്ടായിരുന്നു. ഇറാക്ക്, സിറിയ, ഈജിപ്ത് എന്നു വേണ്ട ഒട്ടുമിക്ക അയൽരാജ്യങ്ങളുടെ കൈകളിലും മിഗ് 21.
അമേരിക്കയുടെ വലം കൈ എന്നറിയപ്പെട്ട ഇസ്രയേലിന് പൊന്നും വില നൽകി ചോദിച്ചാലും സോവിയറ്റ് യൂണിയൻ കൊടുക്കില്ലെന്ന് അറിയാമായിരുന്നതിനാൽ ഇസ്രയേൽ വ്യോമസേന ആവശ്യം പതിവ് പോലെ മൊസാദിനെയാണ് അറിയിച്ചത്. എവിടെ നിന്നെങ്കിലും ഒരു മിഗ് 21 നെ സ്വന്തമാക്കണം. കിട്ടിയാൽ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ സാങ്കേതിക വിദ്യ പഠിക്കാം, അതിന് അമേരിക്കയെ കാട്ടി മോഹിപ്പിക്കാം അവരിൽ നിന്നും കൂടുതൽ ആയുധങ്ങൾ സ്വന്തമാക്കാം. ആവശ്യം ഒടുവിൽ മൊസാദ് ഏറ്റെടുത്തു. എന്നാൽ മറ്റ് ഓപ്പറേഷനുകൾ പോലെ ഇതും കടുപ്പമേറിയതായിരുന്നു. മിഗ് 21 ഓപ്പറേഷനെ ഡയമണ്ട് ഓപ്പറേഷൻ എന്നായിരുന്നു അവർ പേരിട്ടിരുന്നത്.
ജെയിംസ് ബോണ്ട് സിനിമപോലെ പണവും പെണ്ണുമെല്ലാം ഉപയോഗിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോകുവാനാണ് മൊസാദ് തീരുമാനിച്ചത്. ഒന്നിലും രണ്ടിലും പിഴച്ചുഈജിപ്റ്റിൽ നിന്നും ഒരു മിഗ് സ്വന്തമാക്കാനായിരുന്നു മൊസാദ് ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതിനായി 1960ൽ മൊസാദിലെ ഒരു രഹസ്യ സംഘം ഈജിപ്റ്റിലെത്തി. ഈജിപ്റ്റ് മിഗ് ഫൈറ്റർ പൈലറ്റിനെ വലയിലാക്കുകയായിരുന്നു ലക്ഷ്യം. വളരെ താമസിയാതെ ആബിദ് ഹന്ന എന്ന പൈലറ്റിനെ അവർ കണ്ടെത്തി. എന്നാൽ സ്വന്തം രാജ്യത്തിനെ ഒറ്റുകൊടുക്കാൻ തയ്യാറാവാതിരുന്ന പൈലറ്റ് മൊസാദിന്റെ പദ്ധതിയെ കുറിച്ച് അധികാരികളെ അറിയിച്ചു. ഇതോടെ രണ്ട് മൊസാദ് ഏജന്റുമാരുടെ ശരീരം കഴുമരത്തിൽ തൂങ്ങിയാടി.
ആദ്യ പദ്ധതി പരാജയപ്പെട്ടുവെങ്കിലും രണ്ടാം പദ്ധതി ഇറാഖിന്റെ മിഗ് തട്ടിയെടുത്ത് വിജയിപ്പിക്കാമെന്നായിരുന്നു മൊസാദ് കണക്ക് കൂട്ടിയിരുന്നത്. എന്നാൽ രണ്ടാമതും പരാജയമായിരുന്നു അവരെ തേടിവന്നത്.ഒന്നിൽ പിഴച്ചാൽ മൊസാദിനും ജയം മൂന്നിൽഒന്നും രണ്ടും പ്രയത്നങ്ങൾ ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും തളരാനോ പദ്ധതി ഉപേക്ഷിക്കുവാനോ മൊസാദ് തയ്യാറായിരുന്നില്ല. വീഴ്ചകളെ പാഠങ്ങളാക്കി ജയം വരെ പൊരുതുക എന്ന ശീലമാണ് ലോകത്തെ ഒന്നാമത്തെ ചാരസംഘടനയുടെ തിലകം മൊസാദ് സ്വന്തമാക്കിയത്. കാത്തിരുന്നാലും വിജയം നേടുക എന്നതാണ് മൊസാദിന്റെ ശീലം. നീണ്ട ആറുവർഷത്തിന് ശേഷമാണ് പിന്നീട് മൊസാദ് മിഗ് 21 റാഞ്ചാനുള്ള പദ്ധതി പൊടി തട്ടിയെടുത്തത്. അതിനൊരു കാരണമുണ്ടായിരുന്നു.
ഇറാക്കിൽ നിന്നും മൊസാദിന് ലഭിച്ച ഒരു രഹസ്യമായിരുന്നു കാരണം. ഇറാഖിൽ യൂസുഫ് എന്ന യഹൂദനെ കണ്ടെത്തിയതിലൂടെയായിരുന്നു ഇത് സാദ്ധ്യമായത്. യൂസുഫിലൂടെ ഇറാഖി വ്യോമസേനയിലെ നിരാശനായ ഒരു മിഗ് ഫൈറ്റർ പൈലറ്റിനെ കണ്ടെത്തി, മുനീർ റെഡ്ഫ എന്ന ക്രിസ്ത്യാനിയായിരുന്നു ആ പൈലറ്റ്. താൻ ക്രിസ്ത്യാനിയാണെന്ന കാരണത്താലാണ് തനിക്ക് പ്രമോഷനുകൾ നിഷേധിക്കുന്നതെന്നായിരുന്നു മുനീർ റെഡ്ഫ വിശ്വസിച്ചിരുന്നത്. അതുപോലെ തന്നെ കുർദ്ദുകളുടെ മേലുള്ള ആക്രമത്തിലും റെഡ്ഫ അസ്വസ്ഥനായിരുന്നു.ചാരസുന്ദരി ഇല്ലാതെ എന്ത് ഓപ്പറേഷന്മുനീർ റെഡ്ഫ എന്ന ഇറാക്കി പൈലറ്റിനെ വലയിലാക്കാൻ ഒരു സുന്ദരിയെ നിയോഗിക്കുകയാണ് അടുത്തതായി മൊസാദ് ചെയ്തത്. ഒരു പാർട്ടിയിൽ വച്ച് ഇരുവരും തമ്മിൽ കാണുകയും, ചാര സുന്ദരിയുടെ തന്ത്രങ്ങളിൽ പൈലറ്റ് അറിയാതെ ലാന്റ് ചെയ്യുകയും ചെയ്തു. പതിയെ പൈലറ്റ് തന്റെ വിഷമങ്ങൾ അവളുമായി പങ്കുവച്ചു, ഇതോടെ മൊസാദിന്റെ പ്രതീക്ഷകൾ വാനോളം ഉയർന്നു. പിന്നീട് ഓപ്പറേഷൻ ടോപ് ഗിയറിലാണ് മുന്നോട്ട് നീങ്ങിയത്. ഒരു ദശലക്ഷം അമേരിക്കൻ ഡോളറും ഇസ്രയേലി പൗരത്വവുമായിരുന്നു പ്രതിഫലമായി മുനീർ റെഡ്ഫയ്ക്ക് ഇസ്രയേൽ ഓഫർ ചെയ്തത്.
ഇതിന് പുറമേ അദ്ദേഹത്തിന്റെ കുടുംബത്തെ ഇറാക്കി നിന്നും സുരക്ഷിതമായി പുറത്തെത്തിക്കാനും പദ്ധതി തയ്യാറാക്കി.ഓപ്പറേഷൻ ഡയമണ്ട് എന്ന് ഈ പദ്ധതിക്ക് പേര് വരുന്നത് ഈ ഘട്ടത്തിലാണ് ഡയമണ്ട് എന്ന കോഡിലാണ് മുനീർ റെഡ്ഫയെ മൊസാദ് വിളിച്ചിരുന്നത്. പൈലറ്റിന്റെ കുടുംബത്തെ വിനോദയാത്രയ്‌ക്കെന്ന പേരിൽ ഇറാക്കിൽ നിന്നും മൊസാദ് ചാരന്മാർ പുറത്തെത്തിച്ചു.1966 ഓഗസ്റ്റ് 16 കാത്തിരുന്ന ദിവസംപതിവ് പരിശീലനപറക്കലിനു വേണ്ടി ഇറാക്കിൽ നിന്നും പറന്നുയർന്ന മുനീർ റെഡ്ഫ പറത്തിയ വിമാനം ഞൊടിയിടയിൽ ഇസ്രയേലിനെ ലക്ഷ്യമാക്കി പറന്നു. ഇറാക്കിന്റെ അതിർത്തി കടന്നു ജോർദ്ദാനിലൂടെ വിമാനം കുതിച്ച് പാഞ്ഞപ്പോഴേക്കും ആ രാജ്യത്തിലെ യുദ്ധവിമാനങ്ങൾ പരിശോധനയ്ക്കായി ഉയർന്നുപൊങ്ങി. എന്നാൽ പിന്നാലെ എത്തും മുൻപേ മുനീർ റെഡ്ഫ മിഗിനെ ഇസ്രയേലിന്റെ അതിർത്തി കടന്നു. അവിടെ രണ്ട് ഇസ്രയേലി മിറാഷുകൾ മുനീർ റെഡ്ഫയെ കാത്തിരിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു മിഗ് വിമാനത്തിന് രണ്ട് മിറാഷുകൾ അകമ്പടിയേകി തെക്കൻ ഇസ്രയേലിലെ ഹാസർ മിലിട്ടറി എയർഫോഴ്സ് ബേസിനെ ലക്ഷ്യമാക്കി അവപറന്നു. അടിച്ചുമാറ്റിയ യുദ്ധവിമാനത്തെ അറബ് യുദ്ധത്തിൽ ഇസ്രയേൽ ഉപയോഗിച്ചു. പിന്നീട് ഈ വിമാനം അമേരിക്കയ്ക്ക് കൈമാറിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
മ്യൂണിച്ച് കൂട്ടക്കൊലയും തിരിച്ചടിയും
പക്ഷേ മൊസാദിന്റെ കീർത്തിയും ഭീതിയും ഒരുപോലെ ലോകത്തിന് പുറത്ത് എത്തിച്ചത് 1972ലെ മ്യൂണിച്ച് കൂട്ടക്കൊലയുടെ തിരിച്ചടിയായിരുന്നു. നിരവധി സിനിമകൾക്കുവരെ പ്രമേയമായിരുന്നു ആ സംഭവ കഥ. 1972ലെ വേനൽക്കാല ഒളിമ്പിക്സിൽ പങ്കെടുക്കാനെത്തിയ ഒമ്പത് ഇസ്രയേൽ കായികതാരങ്ങളെ ആണ് 'ബ്ലാക്ക് സെപ്റ്റംബർ ' എന്ന ഫലസ്തീൻ ഭീകരസംഘടന തട്ടിയെടുത്ത് തടവിൽ വെച്ച് കൊന്നത്. ലോകം നടുങ്ങിയ ഭീകാക്രമണമായിരുന്നു അത്.
ആധുനിക ഇസ്രയേൽ പിറന്നതിനു ശേഷം യഹൂദരാഷ്ട്രം നേരിട്ട ഏറ്റവും നടുങ്ങിയ അദ്ധ്യായമായിരുന്നു മ്യൂണിക്ക് കൂട്ടക്കൊല. അതത്രപെട്ടന്നു മറക്കാൻ അവർക്കാവുമായിരുന്നില്ല. ഇസ്രയേൽ ജനതയുടെയും, ലോകമെമ്പാടുമുള്ള യഹൂദരുടെയും ആത്മവീര്യം തകരാതിരിക്കാൻ ഇസ്രയേലിനു എന്തങ്കിലും ചെയ്തേ മതിയാകൂ എന്ന ഘട്ടത്തിലാണ് , സംഭവം മൊസാദിന് കൈമാറുന്നത്.പല രാജ്യങ്ങളിൽ താമസിക്കുന്ന , മ്യൂണിക്ക് കൂട്ടക്കൊലയുടെ മുഴുവൻ സൂത്രധാരരെയും ഒന്നൊന്നായി കൊന്നുകളയുക. അങ്ങനെ ,ബ്ലാക്ക് സെപ്റ്റംബർ എന്ന ഭീകരസംഘടനയുടെ നട്ടെല്ല് തകർക്കുക.. അതായിരുന്നു ലക്ഷ്യം.
ഉത്തരവാദിത്വമുള്ള ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽ , ഒരുപാട് അന്താരാഷ്ട്ര നൂലാമാലകൾ ഉണ്ടാകാൻ സാധ്യതയുള്ള ഈ പദ്ധതിക്ക് പച്ചക്കൊടി കാട്ടാൻ ആദ്യം അന്നത്തെ ഭരണാധിപൻ ഗോൾഡാമെയർ തയ്യാറായില്ല. പക്ഷേ രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഭീകരപ്രവർത്തനത്തെ തുടച്ചുനീക്കേണ്ട ആവശ്യത്തിനു മുന്നിൽ അവർക്ക് മറ്റെല്ലാ പരിഗണനകളും മാറ്റിവെക്കേണ്ടി വന്നു. ഒരു നിരപരാധി പോലും കൊല്ലപ്പെടരുത് എന്നും ഉറപ്പ് വരുത്തേണ്ടതുണ്ടായിരുന്നു. അതിനുവേണ്ടി സിവിലിയൻ ഭരണകൂടത്തിന്റെ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതി അന്തിമ അനുമതി നൽകിയാൽ മാത്രമേ മോസ്സാദിനു ഓരോ ഓപ്പറേഷനുമായും മുമ്പോട്ട് പോകാൻ കഴിയുകയുള്ളൂ. ദൗത്യത്തിന് ഛുലൃമശേീി ണൃമവേ ീള ഏീറ, അഥവാ ദൈവത്തിന്റെ പ്രതികാരം എന്ന് നാമകരണം ചെയ്തു.
ദൈവത്തിന്റെ പ്രതികാരം തുടങ്ങുന്നു
ദൗത്യത്തിന്റെ ഘടന ഇപ്രകാരമാണ്. പല കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന ഇന്റലിജെൻസ് വിവരങ്ങളെ വിശകലനം ചെയ്ത് , വധിക്കപ്പെടെണ്ട വ്യക്തി എവിടെയാണ് ഉള്ളതെന്ന് തിരിച്ചറിയുന്നു. ഇത് കൂടുതൽ ഉറപ്പ് വരുത്താൻ ഒരു ദൗത്യസംഘം അവിടെയെത്തി എല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തുന്നു. ആവശ്യത്തിനു വേണ്ട വാഹനങ്ങൾ, താമസ സൗകര്യങ്ങൾ , ഉപകരണങ്ങൾ എല്ലാം എത്തിക്കുന്നു. ഇതിനും ശേഷമാണു പദ്ധതി അന്തിമ അനുമതിക്കായി ഉന്നത സമിതിക്ക് സമർപ്പിക്കുന്നത്.എല്ലാ വിവരങ്ങളും കൂടുതൽ ആധികാരികമായി പരിശോധിക്കുന്ന സമിതി അന്തിമാനുമതി നൽകിയാൽ ,പദ്ധതി നടപ്പാക്കേണ്ട സംഘം എത്തുകയായി.അവർ മുൻകൂട്ടി തയ്യാറാക്കിയ പ്രകാരം കാര്യം നടപ്പാക്കുന്നു .എല്ലാം കഴിഞ്ഞു സുരക്ഷിതമായി സ്ഥലം വിടുന്നു.
സംഘത്തിന്റെ ആദ്യ ദൗത്യം റോമിൽ ആയിരുന്നു.അവിടെ ലിബിയൻ എംബസ്സിയിൽ ,ഒരു സാധാരണ ക്ലാർക്ക് ആയി മുപ്പത് വയസ്സുള്ള വയെൽ സ്വെറ്റർ എന്ന ഫലസ്തീൻകാരൻ ജോലി ചെയ്തിരുന്നു. മെലിഞ്ഞു സുമുഖനായ , നന്നായി സംസാരിക്കുന്ന അയാളുടെ പിതാവ് നല്ലൊരു എഴുത്തുകാരൻ കൂടിയായിരുന്നു.വയെൽ നന്നായി ഇംഗ്ലീഷിൽ നിന്നും അറബിയിലേക്കും തിരിച്ചും പരിഭാഷ ചെയ്യാനും സമർത്ഥനായിരുന്നു.ലിബിയൻ എംബസിയിലെ അയാളുടെ ശമ്പളം വെറും നൂറു ലിബിയൻ ദിനാർ മാത്രം.ഒരു ചെറിയ അപ്പാർട്ട്മെന്റിൽ ലളിതമായി താമസിച്ചിരുന്ന ഈ മനുഷ്യനെക്കുറിച്ച് എല്ലാവർക്കും നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
എന്നാൽ അടുത്ത സുഹൃത്തുക്കൾക്ക് പോലും അജ്ഞാതമായ മറ്റൊരു മുഖം ഇയാൾക്കുണ്ടായിരുന്നു. അടുത്തകാലത്ത് റോമിൽ നടന്ന ഒരു വിമാന അട്ടിമറി ശ്രമത്തിനു പിന്നിലെ ക്രൂരമുഖം ഇയളുടെതായിരുന്നു.ഇസ്രയേലിലെക്കുള്ള ടൂറിസ്റ്റുകളായ രണ്ട് ഇംഗ്ലീഷ് യുവതികളെ ഫലസ്തീൻ യുവാക്കൾ പ്രണയം നടിച്ച് വശത്താക്കി.അവിടെ ഒരു സുഹൃത്തിനു കൊടുക്കാനെന്ന വ്യാജേന സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ടേപ്പ് റെക്കോർഡർ ഇവരുടെ കൈവശം കൊടുത്തുവിട്ടു.ടെക്ക് ഓഫ് കഴിഞ്ഞാൽ ഉടൻ പൊട്ടിത്തെറിക്കാൻ പാകത്തിനായിരുന്നു ഇത് സജ്ജീകരിച്ചത്.എന്നാൽ സ്ഫോടകവസ്തുക്കൾ ഭാഗികമായേ പ്രവർത്തിച്ചുള്ളൂ.വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയ ഉടൻ യുവതികൾ കസ്റ്റഡിയിൽ ആയി.അവർ ഫലസ്തീൻ യുവാക്കളുടെ കാര്യം പറഞ്ഞപ്പോഴേക്കും ഭീകരർ സ്ഥലം വിട്ടിരുന്നു.ഇത്തരത്തിൽ കർട്ടനു പിന്നിലിരുന്നു ഭീകരപ്രവർത്തനം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ആളായിരുന്നു സ്വെറ്റർ.മ്യൂണിക്ക് കൂട്ടക്കൊലയുടെ പിന്നിലെയും ബുദ്ധികെന്ദ്രങ്ങളിൽ ഒന്ന് ഇയാൾ തന്നെ ആയിരുന്നു.
മൊസാദിന്റെ ആദ്യ ടീം റോമിലെത്തി നാലുദിവസം സ്വെറ്ററെ പിന്തുടർന്നു.അതീവരഹസ്യമായി അയാളുടെ ഫോട്ടോകൾ എടുത്തു.അയാളുടെ ദിനചര്യ, ശീലങ്ങൾ എല്ലാം മനസ്സിലാക്കി.തൊട്ടടുത്ത ദിവസങ്ങളിൽ കാനഡയിൽ നിന്നും ഫ്രാൻസിൽ നിന്നുമൊക്കെ ടൂറിസ്റ്റ് വിസകളിൽ മോസ്സാദ് ഏജന്റുകൾ എത്തി., കാറുകൾ വാടകക്ക് എടുത്തു.ഒക്ടോബർ 16 നു സന്ധ്യ കഴിഞ്ഞു സ്വെറ്റർ ജോലി കഴിഞ്ഞു മടങ്ങി.ലിഫ്റ്റിൽ കയറവേ ഇരുളിൽ നിന്നു ചാടിവീണ രണ്ടുപേരുടെ കൈയിലെ സൈലൻസർ ഘടിപ്പിച്ച ബറെറ്റ .22 പിസ്ട്ടളിൽ നിന്നുമുള്ള പന്ത്രണ്ട് വെടിയുണ്ടകൾ അയാളുടെ നെഞ്ചകം പിളർത്തി. കൃത്യത്തിനു ശേഷം പുറത്തു കാത്തുകിടന്ന ഫിയറ്റ് 125 ൽ കയറി. കാർ അതിവേഗം ഓടിമറഞ്ഞു.
സ്വെറ്റർ മരിച്ചു കഴിഞ്ഞപ്പോൾ അയാളുടെ ചുറ്റും കെട്ടിപ്പൊക്കിയിരുന്ന പ്രതിഛായകളെല്ലാം അഴിഞ്ഞു വീണു. ഫലസ്തീൻ ഭീകരസംഘടകൾ ഒന്നും തങ്ങൾക്കുണ്ടായ തീരാനഷ്ടതിന്റെ ദുഃഖം മറച്ചു വെച്ചില്ല. മൊസ്സാദിന്റെ ഏറ്റവും സമർത്ഥനായ ഓപ്പറേഷൻ വിദഗ്ദ്ധരിലോരളായ , ചെറുപ്പക്കാരനും കടുത്ത ദേശീയ വാദിയുമായ ഡേവിഡ് മോളാദ് ആയിരുന്നു ഈ ദൗത്യം നിർവ്വഹിച്ചത്. തുടർന്നങ്ങോട്ട് വർഷങ്ങൾ എടുത്ത് ഓരോരുത്തരെയും മൊസാദ് വേട്ടയാടിക്കൊന്നു. ബ്ലാക്ക് സെപ്റ്റമ്പറിന്റെ ഓഫീസുകൾ ചാരമാക്കി. തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്ക് ഒന്നും ഒരു പോറൽ പോലും ഏൽക്കായെയാണ് ഈ ബോംബാക്രമണം എന്ന് ഓർക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ട നിരവധിപേർ ഈ ഓപ്പറേഷന്റെ ഭാഗമായി കൊല്ലപ്പെടുയോ പിടിക്കപ്പെടുകയോ ചെയ്തു.
അതിനിടെ ആളുമാറിക്കൊല മൊസാദിന് കടുത്ത ആഘാതമായി. മോസ്സാദിന്റെ ഏറ്റവും വിലപ്പെട്ട ഇരയായ അലി ഹസൻ സലമയാണെന്ന് കരുതി അവർ വെടിവെച്ചു കൊന്ന ആൾ നോർവേയിൽ ജോലി തേടിവന്ന ഒരു മൊറോക്കോ പൗരൻ അഹമ്മദ് ബുഷിക്കി ആയിരുന്നു.ആ മനുഷ്യന്റെ നോർവേക്കാരിയായ ഭാര്യ ഏഴുമാസം ഗർഭിണി ആയിരുന്നു. മൊസാദിന്റെ വിഖ്യാതമായ ആസൂത്രണ വൈഭവത്തിനു ഏറ്റ ഏറ്റവും വലിയ തിരിച്ചടി ആയിരുന്നു ഇത്..അഹമ്മദ് ബുഷിക്കിയുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം ഇസ്രയേൽ ഏറ്റെടുത്തു .അദ്ദേഹത്തിന്റെ കുടുംബത്തിനു നാലുലക്ഷം ഡോളർ നഷ്ടപരിഹാരം നൽകി.
കോപാകുലയായ ഗോൾഡാമെയർ ദൗത്യം നിർത്താൻ മോസ്സാദ് മേധാവി ഉത്തരവിട്ടു. സംഭവബഹുലമായ രണ്ടു വർഷങ്ങൾ പിന്നയും കടന്നുപോയി. അതിനിടയിൽ ഇസ്രയേലിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. വിനാശകാരിയായ യോം കിപ്പൂർ യുദ്ധത്തിൽ ഇസ്രയേൽ വീണ്ടും വിജയിച്ചു.യുദ്ധവുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളെ തുടർന്ന് ഗോൾഡാ മെയർ സ്ഥാനമൊഴിഞ്ഞു. പിൻഗാമി യിഷാക് റബീനും പ്രധാനമന്ത്രിക്കസേരയിൽ വലിയ ആയുസ്സുണ്ടായില്ല.മെനാക്കം ബെഗിൻ പ്രധാനമന്ത്രിയായി.വിരമിച്ച സമീറിന് പകരം ജനറൽ യിഷാക് മോസ്സാദ് മേധാവിയായി.
ഒടുവിൽ കാത്തിരുന്ന ഭീകരനും
ബ്ലാക്ക് സെപ്റ്റംബറിന്റെ അന്ത്യത്തിന് ശേഷം, അതിന്റെ സൂത്രധാരനെന്ന് കരുതുന്ന അലി ഹസൻ സലമ പിഎൽഒ നേതാക്കളുടെ സുരക്ഷാ സേനയുടെ തലവനായി.അയാൾ യാസർ അറാഫത്തിനോപ്പം ഐക്യ രാഷ്ട്ര സഭയിൽ വരെ എത്തി.അതിനിടയിൽ 1975 ലെ ലോകസുന്ദരിയായ ജോർജ്ജിനിയയുമായി പ്രണയത്തിലായ സലമ അവരെ വിവാഹം കഴിച്ചു.അപ്പോഴാണ് ഭീകരവാദികൾ ടെൽ അവീവിൽ ഒരു ബസ് തട്ടിയെടുത്ത് മുപ്പത്താറു നിരപരാധികളെ കൊന്നുകളഞ്ഞത്. മ്യൂണിക്കിന്റെ ദുരന്തസ്മരണകൾ അപ്പോഴും ഇസ്രയേൽ നേതൃത്വത്തെ വിട്ടോഴിഞ്ഞിരുന്നില്ല.മോസ്സാദിന്റെ പ്രതികാര ജ്വാല വീണ്ടും ആളിക്കത്തി.പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയതോടെ മ്യൂണിച്ച് പ്രതികാരം വർഷങ്ങൾക്ക് ശേഷം അവർ പൊടിതട്ടിയെടുത്തു .പലപ്രാവശ്യം കൈവിട്ടുപോയ അലി ഹസൻ സലമയെ കുടുക്കാൻ തന്നെ അവർ തീരുമാനിച്ചു.
ജർമ്മനിയിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷുകാരി എറിക് മേരി ചേംബേഴ്സ് ബെയ്റൂട്ടിൽ എത്തുമ്പോൾ ഒരു പകുതി ഭ്രാന്തായ സ്ത്രീയാണ് എല്ലാവരും അവരെ കണ്ടത്.തെരുവുനായ്ക്കൾക്ക് ആഹാരം കൊടുക്കുന്ന ,സന്നദ്ധ സംഘടനകളെ അന്വേഷിച്ചു നടക്കുന്ന , അലസമായി വസ്ത്രം ധരിക്കുന്ന ആ സ്ത്രീ നല്ലൊരു ചിത്രകാരി കൂടി ആയിരുന്നു.തന്റെ അലസഗമനങ്ങൾക്കിടയിൽ അവർ അലി ഹസൻ സലമയെയും പരിചയപ്പെട്ടു.താമസിക്കുന്ന ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നും, അലഞ്ഞു നടന്നും ബെയ്റൂട്ടിലെ ഗതാഗതം നിരീക്ഷിക്കുന്ന ചെമ്പേഴ്സിനെ മാത്രം ആരും തിരിച്ചറിഞ്ഞില്ല.ഇതിനിടയിൽ, അലി ഹസൻ സലമ വീട്ടിൽ നിന്നിറങ്ങി ഓഫീസിലെത്തി മടങ്ങുന്ന മുഴുവൻ വിവരവും അവർ മനസ്സിലാക്കി.
വിവാഹം കഴിഞ്ഞതോടെ ,നോട്ടപ്പുള്ളിയായ ഒരു ഭീകരനേതാവ് പിന്തുടരാൻ പാടില്ലാത്ത പല ശീലങ്ങളും സലമ തുടങ്ങിയിരുന്നു.സ്ഥിരമായ ഗതാഗത റൂട്ടുകൾ,സമയം പാലിച്ചുകൊണ്ടുള്ള ശീലങ്ങൾ, സ്വഭാവ രീതികൾ ഇവയൊക്കെ അവർക്ക് മരണത്തെ ക്ഷണിച്ചു വരുത്തും. നേരിട്ടുള്ള ഭീകരപ്രവർത്തനത്തിൽ നിന്നും മാറി ഏതാണ്ടൊരു ക്ലാർക്കിനെ പോലെ ജോലി ചെയ്തിരുന്ന സലമയുടെ കഥയും വ്യത്യസ്തമായിരുന്നില്ല. 1979 ജനുവരി 19 നു ബ്രിട്ടനിൽ നിന്നും കാനഡയിൽ നിന്നും കുറച്ച് ടൂറിസ്റ്റുകൾ ബെയ്റൂട്ടിൽ എത്തി. അത് മറ്റാരും ആയിരുന്നില്ല .ഡേവിഡ് മോളാദിന്റെ നേതൃത്വത്തിലുള്ള മോസ്സാദ് ടീം തന്നെ ആയിരുന്നു.അന്നേ ദിവസം രാത്രി ബെയ്റൂട്ട് കടൽക്കരയിൽ റബ്ബർ ബോട്ടുകളിൽ എത്തിയ പഴ്സലുമായി ഒരു വോക്സ് വാഗൻ കാർ ഇരുളിലേക്ക് ഓടി മറഞ്ഞു.
ജനുവരി 21 നു വൈകുന്നേരം മൂന്നരക്ക് അലിഹസൻ സലമയെയും വഹിച്ചുകൊണ്ടുള്ള കൂറ്റൻ ഷെവർലെ കാർ, ബോഡി ഗാർഡുകൾ കയറിയ ലാൻഡ് ലോവർ, ഏതാനും മോട്ടോർ സൈക്കിളുകൾ എന്നിവയടങ്ങിയ വാഹനവ്യൂഹം എറിക്ക ചേംബേഴ്സ് താമസിച്ച ഹോട്ടലിനു മുന്നിലൂടെ കടന്നുപോകാൻ തുടങ്ങി.എട്ടാം നിലയിൽ ചെമ്പേഴ്സിനു പിന്നിൽ നിന്ന മോളാദിന്റെ കൈയിലെ റിമോട്ടിൽ വിരലമർന്നപ്പോൾ, സലമ കയറിയ ആ ഷെവർലെ ഒരു തെങ്ങിനോളം ഉയരത്തിൽ പൊങ്ങി ചിതറിത്തെറിച്ചു .ഏഴു വർഷം നീണ്ട ക്ലേശകരമായ ദൗത്യങ്ങൾക്ക് ശേഷം ഇസ്രയേലിന്റെ പ്രതികാരദാഹം അലിഹസൻ സലമയുടെ രക്തം കൊണ്ട് തന്നെ തീർത്തു.അങ്ങനെ ഓപ്പറേഷൻ റാത്ത് ഓഫ് ഗോഡ് ശുഭമായി പര്യവസാനിച്ചു. നോക്കുക, വർഷങ്ങൾ എടുത്ത് നമ്പരിട്ട് ഓരോരുത്തരെയായി തട്ടുക. ലോകത്തിൽ എത് സംഘടനക്കുണ്ട് ഇതുപോലെ പ്രതികാരം.
ലോകം കൈയടിച്ച ഓപ്പറേഷൻ എന്റബേ
ഇസ്രയേലിന് വേണ്ടി ലോക കൈയടിച്ച ചില ദൗത്യങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു 1976ൽ ഉഗാണ്ടയിൽ നടത്തിയ ഓപ്പറേഷൻ എന്റബേ.ഇപ്പോഴത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ സഹോദരൻ ലെഫ്. കേണൽ യോനാഥൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ നടന്ന ആ ഓപ്പറേഷൻ അവിസ്മരണീയമായിരുന്നു. 1976 ജൂൺ 27നാണ് സംഭവങ്ങൾ തുടങ്ങുന്നത്. ടെൽ അവീവിലെ ബെൻ ഗുരിയോൺ എയർപോർട്ടിൽ നിന്നും പറന്നുയർന്ന എയർഫ്രാൻസ് വിമാനം പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ എന്ന സംഘടനയിൽപ്പെട്ട ഭീകരരും ജർമനിയിൽ നിന്നുള്ള ഭീകരരും ചേർന്ന് റാഞ്ചി. വിമാനത്തിൽ 248 യാത്രക്കാർ. പാരീസിലെത്തേണ്ട വിമാനം ഭീകരരുടെ സമ്മർദഫലമായി ആതൻസ് വഴി തിരിച്ചുവിട്ട് ലബിയയിലെ ബെംഗസ്സി വിമാനത്താവളത്തിൽ ഇറക്കി. അവിടെ നിന്നും നേരെ ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തിലേക്ക്.
അന്ന് ഉഗാണ്ട ഭരിച്ചിരുന്നത് ഏകാധിപത്യത്തിനും ക്രൂരതയ്ക്കും പേരുകേട്ട ഇദി അമീനായിരുന്നു. പ്രതീക്ഷിച്ചതുപോലെ ഇദി അമീൻ റാഞ്ചിയവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ലോകം ആശങ്കയിലായി. യഹൂദന്മാരും ഇസ്രയേലുകാരുമൊഴികെയുള്ള യാത്രക്കാരെയെല്ലാം ഭീകരർ രണ്ടു ദിവസത്തിനുള്ളിൽ മോചിപ്പിച്ചു. അവശേഷിച്ചത് 94യാത്രക്കാരും 12 വിമാനജീവനക്കാരും ഉൾപ്പെടെ 106 പേർ. റാഞ്ചികൾക്കു പിന്തുണയുമായി ഇദി അമീന്റെ സൈന്യം കൂടി വന്നതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. ഇദി അമീനുമായി ചർച്ച നടത്താൻ ഇസ്രയേൽ ശ്രമിച്ചെങ്കിലും തീവ്രവാദികൾക്കു പിന്തുണ നൽകുന്ന നടപടികളിൽ നിന്നും അമീൻ പിന്മാറിയില്ല.
ഒടുവിൽ മൊസാദ് രക്ഷയ്‌ക്കെത്തി. മൊസാദിന്റെ പദ്ധതിപ്രകാരം ഇസ്രയേലി സൈന്യം നാലു ഹെർക്കുലീസ് ഹെലിക്കോപ്റ്ററിൽ എന്റബെ ലക്ഷ്യമാക്കി തിരിച്ചു. സിനായി മരുഭൂമിയിലെ ഷാറം എൽ ഷെയ്ഖിൽ ഈ സംഘം ലാൻഡ് ചെയ്തു. അവിടെനിന്നും കമാൻഡർ യോനാഥൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ മൂന്നു വിമാനത്തിൽ 29പേർ എന്റബേ വിമാനത്താവളം ലക്ഷ്യമാക്കിപ്പറന്നു. ജൂലൈ നാലിന് രാത്രിയിൽ ആദ്യ വിമാനം എന്റബെ വിമാനത്താവളത്തിൽ പറന്നിറങ്ങി. ഉഗാണ്ടൻ സൈന്യത്തെ വിമാനത്തിന്റെ പരിസരത്തു നിന്നും അകറ്റാൻ യോനാഥനും കുറച്ചുപേരും മെഴ്‌സിഡസ്, ലാൻഡ്‌റോവർ കാറിലായി ഇവരുടെ ശ്രദ്ധയാർഷിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി. ഉടൻതന്നെ ഉഗാണ്ടൻ സൈന്യത്തിനു കാര്യം മനസിലായെങ്കിലും പ്രയോജനമുണ്ടായില്ല. തീവ്രവാദികളെയും ഉഗാണ്ടൻസേനയെയും ഇസ്രയേലി സേന ക്ഷണനേരത്തിനുള്ളിൽ ചുട്ടെരിച്ചു.
ഏറ്റുമുട്ടലിൽ മൂന്നു യാത്രികർ മരണമടഞ്ഞു. ബാക്കിയുള്ളവരെ മോചിപ്പിക്കുകയും ചെയ്തു. സൈന്യത്തെ മുമ്പിൽ നിന്നു നയിക്കുകയും യാത്രക്കാരെ മോചിപ്പിക്കുകയും ചെയ്‌തെങ്കിലും യനി എന്നു സുഹൃത്തുക്കൾ വിളിക്കുന്ന യോനാഥൻ നെതന്യാഹുവിന് അവരോടൊപ്പം സന്തോഷം പങ്കുവയ്ക്കാനുള്ള ഭാഗ്യമുണ്ടായില്ല. നെഞ്ചത്ത് വെടിയേറ്റ് യുദ്ധങ്ങളില്ലാത്ത ലോകത്തേക്കു പോകുമ്പോൾ പ്രായം വെറും 30വയസുമാത്രം. മൊസാദിന്റെ തൊപ്പിയിലെ പൊൻതൂവലായ ആ സംഭവം നടന്നിട്ട് നാലു ദശാബ്ദം പിന്നിട്ടിരിക്കുന്നു. അതുപോലെ എത്രയെത്ര സംഭവങ്ങൾ.
ഇപ്പോൾ ഇന്ത്യക്ക് പിന്നിലെയും ശക്തി
അടുത്തകാലത്തായി ഇസ്രയേലുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. സർജിക്കൽ സ്ട്രൈക്ക് അടക്കമുള്ള എല്ലാകാര്യത്തിലും ഇന്ത്യക്ക് ഇസ്രയേലിന്റെ സൈനിക പിന്തുണയും പരിശീലനവും കിട്ടിയിരുന്നു. ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ നാല്പതിലേറെ ജവാന്മാരെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടപ്പോൾ എല്ലാ സഹായവുമായി ഓടിയെത്തിയത് ഇസ്രയേലാണ്. ഇന്ത്യയുമായി ഇസ്രയേൽ നല്ല ബന്ധം സൂക്ഷിക്കുന്നതുപോലെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുമായി മൊസാദിന് ദൃഡ ബന്ധമാണുള്ളത്. മൊസാദും റോ തലവൻ അജിത്ത് ഡോവലും ഒരുമിച്ച് ചേർന്നപ്പോൾ ആദ്യം പതറിയത് ചൈനയാണ്. പാക്കിസ്ഥാനെ മുൻനിർത്തി ഇന്ത്യക്കെതിരെ തയാറാക്കിയ പദ്ധതികൾ മുഴുവൻ ചീട്ട് കൊട്ടാരം പോലെ തകർന്നപ്പോഴാണ് മൊസാദിന്റ്‌റെ ശക്തി ചൈന തിരിച്ചറിറഞ്ഞത് .
പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സൈനികബന്ധത്തിന്റെ വിവരങ്ങൾ ലഭിക്കാൻ സാക്ഷാൽ ഇന്ദിരാഗാന്ധിവരെ മൊസാദിന്റെ സഹായം തേടിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. മൊസാദിനെ ആസ്പദമാക്കി ധാരാളം സിനിമകളും പുറത്തുവന്നിട്ടുണ്ട്. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം മൊസാദിന്റെ ഏജന്റുമാർ ഉണ്ടെന്നാണ് വിവരം. എന്നാൽ ആരാലും തിരിച്ചറിയാൻ കഴിയാത്തവണ്ണമുള്ള പ്രവർത്തന രീതികൾ ഇവരെ സുരക്ഷിതരാക്കുന്നു. മൊസാദിന്റെ ചരിത്രം തുടരുകയാണ്...ഈ വിചിത്ര സ്വഭാവം കൊണ്ട് കുറേയേറെ പ്രശ്നങ്ങളുമുണ്ട്. ലോകത്ത് എന്ത് സംഭവം നടന്നാലും അത് മൊസാദിന്റെ പിരടിക്കിടാൻ നിഷ്പ്രയാസം കഴിയും. ഐഎസിനെ ഉണ്ടാക്കിയത് മൊസാദ് ആണ് യഹൂദന്മാർ ആണ് അടക്കമുള്ള പ്രചാരണങ്ങൾ ഒക്കെ ഇങ്ങ് കേരളത്തിലും സജീവമാണ്.
വാൽക്കഷ്ണം: മൊസാദിന്റെ ക്രൂര കൃത്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിനൻ നെതന്യാഹു ഈയിടെ പറഞ്ഞു. 'ഞങ്ങൾ ആരെയെങ്കിലും അങ്ങോട്ട് പോയി ആക്രമിച്ചിട്ടുണ്ടോ. ഞങ്ങളെ വളഞ്ഞിട്ട് ആക്രമിച്ചതിന്റെ തിരിച്ചടികൾ ആണ് കൊടുത്തിട്ടുള്ളത്. ഞങ്ങൾ രക്തമൊഴുക്കിയാണ് സമാധാനം നേടുന്നത്. നിങ്ങൾക്ക് ഞങ്ങളെ ഉപദ്രവിക്കുന്നത് നിർത്തൂ. മൊസാദും ഇല്ലാതാവും.'- ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് ഒരു ഭരണാധിപന് നൽകാൻ കഴിയുക.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ