- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറവ് മാലിന്യങ്ങൾ തെരുവിലെങ്ങും, നൂറുകണക്കിന് നായകൾ തെരുവിൽ; ബൈക്കിനു കുറുകെ തെരുവ് നായ ചാടിയതേടെ പൊലിഞ്ഞതു യുവ വ്യാപാരിയുടെ ജീവൻ; കൊടകരക്കടുത്തു മൂന്നുമുറിയിൽ യുവാവിന്റെ ജീവൻ നഷ്ടമായ സംഭവത്തിൽ ജനരോഷം; നായ്ക്കളെ കൊല്ലാൻ നിയമമില്ലെന്നു കൈമലർത്തി പഞ്ചായത്ത് അധികൃതരും; കേരളത്തിൽ അലയുന്നത് ആറു ലക്ഷം നായ്ക്കൾ
തൃശൂർ: കേരളത്തിലെ തെരുവ് നായ ശല്യത്തിൽ ഒരു രക്തസാക്ഷി കൂടി. ഇന്നലെ രാത്രി തൃശൂരിലെ കൊടകരക്കടുത്തു മൂന്നുമുറിയിലാണ് സംഭവം നടന്നത്. ബൈക്ക് യാത്രികനായ കോടാലി കാലത്തുപറമ്പിൽ വേലായുധന്റെ മകൻ രമേശാണ് തെരുവ് നായ ബൈക്കിനു കുറുകെ ചാടി ദാരുണമായി കൊല്ലപ്പെട്ടത് . കോടാലി ടൗണിൽ കംപ്യുട്ടർ അനുബന്ധ സ്ഥാപനം നടത്തുന്ന യുവാവ് കടയിൽ നിന്നും മടങ്ങുമ്പോഴാണ് സംഭവം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു . പ്രദേശത്തെ തെരുവ് നായ സംഭവത്തെ കുറിച്ച് അടിക്കടി പരാതി ഉണ്ടായിട്ടും പഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും വേണ്ടത്ര ശ്രദ്ധ കാണിക്കാത്തതുകൊണ്ടാണ് ഇപ്പോൾ ഒരു കുടുംബത്തിന്റെ അത്താണി നഷ്ടമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ തെരുവ് നായകളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ലെന്നും വന്ധീകരണം നടത്തുക മാത്രമാണ് ചെയ്യാൻ കഴിയുന്നത് എന്നുമാണ് അധികൃതർ വക്തമാക്കുന്നത്. പഞ്ചായത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന 600 ഓളം നായ്ക്കളെ വന്ധകരിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
അതേസമയം 12 കിലോമീറ്റർ ദൈർഘ്യമുള്ള കൊടകര - വെള്ളിക്കുളങ്ങര സംസ്ഥാന പാതയിൽ ഏതു സമയവും തെരുവ് നായ പ്രത്യക്ഷപ്പെടുന്നതാണ് നാട്ടുകാരുടെ അനുഭവം. അടുത്തകാലത്തായി ഒട്ടേറെ ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട് . ഒട്ടേറെ ഇരുചക്ര വാഹന യാത്രികരും മുൻപ് അപകടത്തിൽ പെട്ടിട്ടുമുണ്ട്. എന്നാൽ നിർഭാഗ്യ സാഹചര്യത്തിൽ രമേശ് അപകടത്തിൽ കൊലപ്പെട്ടതോടെയാണ് തെരുവ് നായ്ക്കൾ കാരണം മനുഷ്യ ജീവൻ ഏതു സമയവും നഷ്ടപ്പെട്ടേക്കാം എന്ന് നാട്ടുകാർ തിരിച്ചറിയുന്നത് . ഇതേതുടർന്ന് ഇന്ന് രാവിലെ മുതൽ പ്രദേശത്തെ സംഘടനകളും മറ്റും പഞ്ചായത്തു , താലൂക്ക് , ജില്ലാ അധികൃതരെ പ്രശ്നത്തിൽ ഇടപെടാൻ സമീപിച്ചെങ്കിലും ഏവരും കൈമലർത്തുക ആയിരുന്നു എന്നും ആക്ഷേപമുണ്ട് .
എന്നാൽ മറ്റത്തൂരിൽ തെരുവ് നായകൾ കോടാലി , മൂന്നുമുറി കേന്ദ്രീകരിച്ചു പെരുകുന്നതിൽ പഞ്ചായത്തു ഉദ്യോഗസ്ഥർ നിയമപരമായി തെറ്റുകാരാണെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. കോടാലി ടൗണിൽ ഉള്ള പൊതു മാർക്കറ്റിൽ നിന്നുള്ള ഇറച്ചി മാലിന്യങ്ങൾ തെരുവുകളിൽ എത്തുന്നതാണ് മറ്റു പ്രദേശത്തു നിന്നും ഇവിടേയ്ക്ക് തെരുവ് നായ്ക്കൾ കൂട്ടമായി എത്താൻ കാരണമെന്നു വെള്ളിക്കുളങ്ങര പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ കുറ്റപ്പെടുത്തുന്നു . ഇതിനു കാരണക്കാരായ അറവു ശാല നടത്തിപ്പുകാർക്കെതിരെ കേസെടുക്കാൻ പഞ്ചായത്തോ പൊലീസോ തയ്യാറാകുന്നില്ല എന്നും ആക്ഷേപമുണ്ട് . ഒരു ജീവൻ നഷ്ടമായപ്പോൾ ഉയർന്ന പ്രതികരണം സാവകാശം അവസാനിക്കുമെങ്കിലും ആയിരക്കണക്കിന് ആളുകൾ നിത്യവും യാത്ര ചെയ്യുന്ന പ്രദേശത്തു ജീവന് എന്ത് സുരക്ഷിതത്വമാണ് അധികൃതർ നൽകുന്നതെന്ന ചോദ്യവും പ്രസക്തമാണ് .
താലൂക്ക് അധികൃതരും സബ് കളക്ടറും ഈ വിഷയത്തിൽ നിയമപരമായി ഇടപെടാനുള്ള പരിമിതിയായണ് ചൂണ്ടിക്കാട്ടിയത് . എന്നാൽ ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്ന നാട്ടിൽ തെരുവ് നായ്ക്കൾക്കു എന്ത് അധിക പ്രത്യേകതയാണ് ഉള്ളതെന്നും നാട്ടുകാർ ചോദിക്കുന്നു . ഇതിനു കൃത്യമായി ഉത്തരം നല്കാൻ അധികൃതർക്ക് കഴിയുന്നില്ല . ഡോഗ് ഷെൽട്ടർ പോലുള്ള സംവിധാനങ്ങൾ ആരംഭിക്കാൻ തെരുവ് നായകൾ നൂറുകണക്കിന് വർധിച്ചിട്ടും പഞ്ചായത്തു ശ്രദ്ധ നൽകാത്തതാണ് ഇപ്പോൾ ഒരു യുവാവിന്റെ മരണത്തിലേക്ക് നയിക്കാൻ കാരണമായതെന്നും ആക്ഷേപമുണ്ട് . സംഭവത്തിൽ വെള്ളിക്കുളങ്ങര പ്രകൃതി സംരക്ഷണ സമിതി അടക്കം ഉള്ളവർ പ്രതിഷേധത്തിലാണ് .
അതിനിടെ സംസ്ഥാനത്തു 6 ലക്ഷം തെരുവ് നായ്ക്കൾ ഉണ്ടെന്നു അന്താരഷ്ട്ര മാധ്യമമായ ബിബിസി പോലും ചൂണ്ടിക്കാട്ടിയിട്ടും ഒരു പരിഹാരവും ഈ വിഷയത്തിൽ സ്വീകരിക്കാൻ കേന്ദ്ര - കേരള സർക്കാരുകൾ തയാറായിട്ടില്ല . പലയിടത്തും ലക്ഷകണക്കിന് രൂപ കൈയിൽ നിന്നും മുടക്കി മൃഗസ്നേഹികൾ ഡോഗ് ഷെൽട്ടറുകൾ ആരംഭിച്ചത് മാധ്യമ വാർത്ത ആയിട്ടു പോലും തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം കാര്യങ്ങൾക്കു ശ്രദ്ധ നൽകുന്നില്ല എന്നതാണ് വാസ്തവം .
ഏതാനും വര്ഷം മുൻപ് ജോസ് മാവേലി എന്ന പൊതുപ്രവർത്തകൻ തെരുവ് നായ്ക്കളെ വെടിവച്ചു കൊല്ലാൻ രംഗത്തിറങ്ങിയത് വൻവിവാദം ആയിരുന്നു . ഇദ്ദേഹം ഏറെ കേസുകളിൽ പ്രതിയാകുകയും ചെയ്തു . എന്നാൽ ഓരോ തെരുവ് നായയെയും കൊലുന്നവർക്കു 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചാണ് അന്ന് ജോസ് മാവേലി അധികൃതരുടെ നടപടികളെ നേരിട്ടത് . കേരളത്തിലെ തെരുവ് നായ പ്രശനം കൈകാര്യം ചെയ്യാൻ അനിമൽ ബർത്ത് കൺട്രോൾ - എബിസി - എന്നറിയപ്പെടുന്ന വന്ധ്യകരണം മാത്രമാണ് പരിഹാരം എന്ന് അനിമൽ വെൽഫെയർ ബോർഡ് അടക്കമുള്ളവർ വർഷങ്ങളായി പറയുന്നതാണെങ്കിലും ഇതൊന്നും പ്രശ്നത്തിന് പരിഹാരമായി മാറിയിട്ടില്ല എന്നാണ് അടിക്കടി ഉയരുന്ന കേരളത്തിലെ തെരുവ് നായ്ക്കളുടെ കണക്കു സൂചിപ്പിക്കുന്നത് .