- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ധ്യകരണത്തിന് പിടിച്ച നായ്ക്കളെ കൊന്ന് ആശുപത്രിക്ക് പിന്നിൽ കുഴിച്ചുമൂടി; മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധിയാർജിച്ച വണ്ടിത്തടം മൃഗാശുപത്രി വീണ്ടും വിവാദത്തിൽ; ക്രിമിനൽ കുറ്റമെന്ന് മൃഗസ്നേഹികൾ
തിരുവനന്തപുരം: വന്ധ്യകരണത്തിനെത്തിച്ച നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയതായി ആരോപണം. വണ്ടിത്തടം മൃഗാശുപത്രിക്ക് പിന്നിൽ നിന്നാണ് അടുത്തദിവസങ്ങളിൽ കുഴിച്ചുമൂടിയ നിലയിൽ നായ്ക്കളുടെ മൃതശരീരങ്ങൾ കണ്ടെത്തിയത്.
തെരുവ് നായ്ക്കളോട് ക്രൂരതകാട്ടുന്ന വണ്ടിത്തടം മൃഗാശുപത്രിയെ പറ്റി കഴിഞ്ഞ ദിവസങ്ങളിൽ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. കൃത്യമായി ഭക്ഷണംപോലും നൽകാതെ മാസങ്ങളായി കൂട്ടത്തോടെ പൂട്ടിയിട്ടാണ് വന്ധ്യകരണത്തിനെത്തിച്ച നായ്ക്കളെ മൃഗാശുപത്രി അധികൃതർ പീഡിപ്പിച്ചത്. വണ്ടിത്തടം ഗവ. മൃഗാശുപത്രി പരിസരത്തെ കൂടുകൾക്കുള്ളിൽ നൂറിലേറെ നായ്ക്കൾ അനങ്ങാൻ പോലുമാകാതെ തിങ്ങിനിറഞ്ഞ് ക്രൂരത അനുഭവിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണപദ്ധതിയുടെ പേരിൽ പ്രജനന നിയന്ത്രണ ചട്ടങ്ങൾ (എബിസി) ലംഘിച്ചുകൊണ്ടായിരുന്നു ഈ കാടത്തം. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടിയ തെരുവ് നായ്ക്കളെയാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. പിടികൂടിയാൽ അഞ്ച് ദിവസത്തിനകം വന്ധ്യംകരണം നടത്തി ഇവയെ സ്വതന്ത്രമാക്കണമെന്നാണ് ചട്ടം. എന്നാൽ എത്തിച്ചിട്ട് മാസങ്ങളായിട്ടും നായ്ക്കളെ ഇവിടെ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അളവിൽ നിന്നും ഇടുങ്ങിയ കൂടുകളിലായിരുന്നു ഈ നായ്ക്കളെ കുത്തിനിറച്ച് ഇട്ടിരുന്നത്. ചെറിയ കൂടുകളിൽ ഇവയെ കൂട്ടത്തോടെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കൂട്ടിനുള്ളിൽ ഇവയ്ക്ക് കൃത്യമായി കിടക്കാനോ തിരിയാനോ പോലും കഴിയാത്തത്ര ഇടുങ്ങിയതാണ് കൂടുകൾ. ഓരോ കൂട്ടിലും എല്ലാ നായ്ക്കൾക്കും ഒരേസമയം കിടക്കാനുള്ള വീതി പോലും കൂടുകൾക്കുണ്ടായിരുന്നില്ല. മാത്രമല്ല കൂടുകളുടെ കമ്പികളിൽ ഉരഞ്ഞ് നായ്ക്കളുടെ ശരീരത്തിൽ വൃണങ്ങളും ഉണ്ടായിത്തുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് മൃഗസ്നേഹികൾ പ്രതിഷേധവുമായി നഗരസഭയ്ക്ക് മുന്നിലെത്തി.
കഴിഞ്ഞ ദിവസം ഇവർ മൃഗാശുപത്രിയിൽ എത്തിയപ്പോൾ കൂടുകൾ ഒഴിഞ്ഞുകിടക്കുന്നത് കണ്ടാണ് അന്വേഷണം നടത്തിയത്. ആ നായ്ക്കളെ വന്ധ്യകരണം നടത്തി പിടിച്ചിടത്ത് തന്നെ തിരിച്ചുവിട്ടെന്നായിരുന്നു ലഭിച്ച വിശദീകരണം. എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് അവർ കോവളം പൊലീസ് സ്റ്റേഷനിൽ എത്തി എസ്ഐയോട് റിപ്പോർട്ട് ചെയ്യുകയായിരുന്നു. രണ്ട് പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ ആശുപത്രിയുടെ പിന്നിൽ കുഴിച്ചുനോക്കിയപ്പോഴാണ് കൂട്ടത്തോടെ കുഴിച്ചുമൂടിയ നിലയിൽ നായ്ക്കളുടെ ശരീരങ്ങൾ കിട്ടിയത്.
എന്നാൽ മൃഗങ്ങളെ നിയമവിരുദ്ധമായി കൊന്ന് ആശുപത്രിക്ക് പുറകിൽ കുഴിച്ചുമൂടിയതും, മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതകളും നേരിട്ട് കണ്ടിട്ടും കേസെടുക്കാൻ കോവളം പൊലീസ് തയ്യാറാകുന്നില്ലെന്ന് മൃഗസ്നേഹികൾ പരാതിപ്പടുന്നു. പിടിച്ച നായ്ക്കളെ വന്ധ്യകരണം ചെയ്യാതെ കൊന്ന് കുഴിച്ചുമൂടിയത് നിയമവിരുദ്ധവും ക്രിമിനൽ കുറ്റകൃത്യവുമാണ്. ഇത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് അവർ.
മറുനാടന് മലയാളി ബ്യൂറോ