- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയസ്‌നോൺ പ്രഖ്യാപിക്കാത്തതും നിർബന്ധമായും ജോലിക്കു ഹാജരാകണമെന്നു നിർദ്ദേശിക്കാത്തതും നിയമവിരുദ്ധവും; പൊതു പണിമുടക്ക് ദിവസം വീട്ടിൽ ഇരുന്നാൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം നഷ്ടമായേക്കും; സർക്കാർ നിലപാടും നിർണ്ണായകം; പണിമുടക്ക് ഹൈക്കോടതിയിൽ എത്തുമ്പോൾ
കൊച്ചി: അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ജോലിക്ക് ഹാജരായില്ലെങ്കിൽ ആ ദിവസത്തെ ശമ്പളം നഷ്ടമാകും. ശമ്പളത്തോടെയുള്ള അവധി അനുവദിക്കുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
സെക്രട്ടേറിയറ്റ് സെക്ഷൻ ഓഫിസറായി വിരമിച്ച ചന്ദ്രചൂഡൻ നായരാണു പൊതുതാൽപര്യ ഹർജി നൽകിയത്. അഭിഭാഷകൻ കൂടിയാണ് അദ്ദേഹം. ഡയസ്‌നോൺ പ്രഖ്യാപിക്കാത്തതും നിർബന്ധമായും ജോലിക്കു ഹാജരാകണമെന്നു നിർദ്ദേശിക്കാത്തതും നിയമവിരുദ്ധവും അനീതിയും ആണെന്നു ഹർജിയിൽ ആരോപിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ അറിയിക്കുന്ന നിലപാടും നിർണ്ണായകമാകും. പൊതു പണിമുടക്ക് ഹർത്താൽ ആയി മാറുന്ന സാഹചര്യത്തിലാണ് ഹർജി നൽകിയത്.
റോഡും റെയിലും തടഞ്ഞു ജനങ്ങളുടെ ജോലി നിർബന്ധപൂർവം തടസ്സപ്പെടുത്താൻ നിർദ്ദേശിച്ചിരിക്കുന്ന പൊതുപണിമുടക്ക്, ബന്ദ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ച ഹൈക്കോടതിയുടെ ഉത്തരവിന് എതിരാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും പ്രഖ്യാപിക്കണമെന്നതാണ് ആവശ്യം. പൊതു പണിമുടക്കു ദിവസങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുടെ നിർബന്ധിത ഹാജർ ഉറപ്പാക്കണം, ജോലിക്കെത്താത്ത ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
ജോലിക്കെത്താതെ, 2019 ജനുവരി 8,9 തീയതികളിൽ ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അവധി എടുക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ബന്ദ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ച ഹൈക്കോടതി പൊതുപണിമുടക്കിനു ജനങ്ങൾക്കുള്ള ബുദ്ധിമുട്ടും അസൗകര്യവും കുറയ്ക്കാൻ ജീവനക്കാർ ജോലിക്കു ഹാജരാകണമെന്നും സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ഹർജിയുമായി ഹൈക്കോടതിയിൽ എത്തുന്നത്.
ട്രേഡ് യൂണിയനുകളുമായി ചേർന്നു സർക്കാർ, കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നടത്തുന്ന പൊതു സമരത്തിൽ പങ്കെടുക്കാൻ ജീവനക്കാരെയും അദ്ധ്യാപകരെയും ശമ്പളവും അവധിയും അനുവദിച്ചു പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ഹർജിയിൽ കുറ്റപ്പെടുത്തുന്നു. സർക്കാർ പൊതു പണിമുടക്കിനു നിരുപാധികം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ആരോപിക്കുന്നു. ഈ വിഷയത്തിൽ സർക്കാരിന്റെ കോടതിയിലെ നിലപാടും നിർണ്ണായകമാകും.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ ആറു ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണവും ദേശീയ ആസ്തി വിൽപനയും നിർത്തിവെക്കുക, കോവിഡിന്റെ ഫലമായി സംഭവിച്ച വരുമാന നഷ്ടപരിഹാരമായി ആദായ നികുതിയില്ലാത്തവർക്ക് പ്രതിമാസം 7500 രൂപ നൽകുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർദ്ധിപ്പിക്കുക, അസംഘടിത തൊഴിലാളികൾക്ക് സാർവത്രിക സാമൂഹ്യസുരക്ഷാപദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 28നും 29നും പണിമുടക്കിന് ആഹ്വാനം ചെയ്തത്.
മാർച്ച് 28, 29 തീയതികളിൽ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോർ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കുന്നതുകൊണ്ട് കടകമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്ന് വ്യാപാരിവ്യവസായ സംഘടനകളോടും, വാഹന ഉടമകളോടും ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പൊതു പണിമുടക്ക് മാർച്ച് 27 അർദ്ധരാത്രി 12 മണി മുതൽ 29 അർദ്ധരാത്രി 12 മണിവരെ 48 മണിക്കൂറാണ് നടക്കുക. വ്യാപാരി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. പൊതു പണിമുടക്കിൽ നിന്നും പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശ ടൂറിസ്റ്റുകളുടെ യാത്ര എന്നിവ ഒഴിവാക്കിയിട്ടുണ്ട്. സംയുക്ത ട്രേഡ് യൂണിയൻ സമിതിക്കുവേണ്ടി, ആർ ചന്ദ്രശേഖരൻ (പ്രസിഡന്റ് ), എളമരം കരീം എംപി (സെക്രട്ടറി), കെ പി രാജേന്ദ്രൻ (കൺവീനർ) എന്നിവർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ