- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ദേശീയതലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ ഫണ്ട് നിഷേധിക്കപ്പെട്ട് 115 സ്കൂളുകൾ; കുട്ടികളുടെ യൂണിഫോമിന് പോലും പിരിവ് നടത്തേണ്ട അവസ്ഥ; സർക്കാർ അവഗണനയിൽ ആയിരക്കണക്കിന് കേഡറ്റുകൾ ദുരിതത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഫണ്ട് ഇല്ലാതെ പ്രവർത്തിച്ചു വരുന്ന 115 സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റുകൾക്ക് കൂടി ഫണ്ട് അനുവദിക്കണം എന്ന ആവശ്യവുമായി സ്കൂളുകൾ രംഗത്ത്. സംസ്ഥാന ഗവണ്മെന്റ് പുതിയ സ്കൂളുകളിൽ കൂടി പദ്ധതി അനുവദിച്ചതോടെയാണ് നിലവിൽ ഫണ്ടില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ ഫണ്ടിനായി രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാന ഗവണ്മെന്റിന്റെ ഫണ്ട് ലഭിക്കാത്തത് മൂലം കേരളത്തിലെ 115 ൽ പരം സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആണ് 167 സ്കൂളുകളിൽ് കൂടി എസ്പിസി പുതിയതായി അനുവദിച്ചു ഉത്ഘാടന പരിപാടികളുമായി സംസ്ഥാന ഗവൺമെന്റ് മുന്നോട്ട് പോവുന്നത്. സർക്കാരിന്റെ ഫണ്ട് കിട്ടാത്തത് മൂലം ആയിരക്കണക്കിന് കുട്ടികളുടെ കുട്ടിപൊലീസ് മോഹം മങ്ങുകയാണ്.
സമൂഹിക പ്രതിബദ്ധതയുള്ള കുട്ടികളെ വാർത്തെടുക്കാൻ സംസ്ഥാന ഗവണ്മെന്റ് സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി. 2010 ൽ ആരംഭിച്ച ഈ പദ്ധതി 2010 വരെ ആരംഭിച്ച സർക്കാർ- എയ്ഡഡ് സ്കൂളുകൾക്ക് സംസ്ഥാനസർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ 2014 ന് ശേഷം എസ്പിസി പദ്ധതി നടപ്പിലാക്കി വരുന്ന എയ്ഡഡ് സ്കൂളുകളെ ഫണ്ട് നൽകാതെ ദുരിതത്തിലേയ്ക്ക് തള്ളിവിടുകയായിരുന്നു സംസ്ഥാനസർക്കാർ. എസ്പിസിക്ക് ചെലവ് വരുന്ന തുക കുട്ടികളിൽ നിന്നുതന്നെ പിരിച്ചെടുക്കേണ്ട ഗതികേടിലാണ് ചാർജുള്ള അദ്ധ്യാപകർ. എന്തിനും ഏതിനും കുട്ടികളിൽ നിന്നും പിരിക്കുന്നത് പ്രായോഗികമല്ലാതെ വന്നതോടെ യൂണിഫോമിനോ ദൈനംദിന പരിശീലനത്തിനോ പണം ഇല്ലാതെ കേഡറ്റുകളുടെ പരിശീലനം മുടങ്ങുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
2014 മുതൽ എയ്ഡഡ് സ്കൂളിൽ പദ്ധതി അനുവദിക്കുമ്പോൾ രണ്ടു വർഷത്തേക്ക് അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുവാനും ആ പണം ഉപയോഗിച്ചു പദ്ധതി നടത്തുവാനും തുടർന്ന് ഫണ്ട് അനുവദിക്കാമെന്നുമാണ് സർക്കാർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും ഇതുവരെ ഫണ്ട് അനുവദിച്ചട്ടില്ല. ചില സ്കൂളുകളിൽ മാനേജ്മെന്റ് പണം നൽകിയും ചിലയിടത്ത് പിടിഎ- എസ്പിസി ചുമതലക്കാരായ അദ്ധ്യാപകരും സഹപ്രവർത്തകരും സുമനസുകളായ നാട്ടുകാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഏകദേശം രണ്ടര ലക്ഷം രൂപ ഒരു വർഷം പദ്ധതിക്ക് ചെലവ് വരുന്നു. സ്കൂൾ അധികാരികളും പിടിഎയും ചുമതലക്കാരായ അദ്ധ്യാപകരും പണം കണ്ടെത്താൻ പെടാപ്പാട്പെടുകയാണ്. പ്രത്യേകിച്ച് കോവിഡ് സാഹചര്യത്തിൽ സാധാരണക്കാരുടേയും കൂലി പണിക്കാരുടെയും മക്കൾ കൂടുതലായി പഠിക്കുന്ന പൊതു വിദ്യാലയങ്ങളിൽ പണം കണ്ടെത്തുക വലിയ പ്രതിസന്ധി ആയതോടെ ആണ് പദ്ധതി നടത്തിപ്പ് വഴി മുട്ടിയത്.
എസ്പിസി കേന്ദ്ര ഗവണ്മെന്റ് ഏറ്റെടുക്കുകയും വിവിധ സംസ്ഥാനങ്ങളിൽ സമാനപദ്ധതി നടപ്പിലാക്കുകയും കേന്ദ്ര ഫണ്ട് അനുവദിക്കുകയും ചെയ്യുമ്പോൾ ആണ് ഏഴ് വർഷം നടത്തി വരുന്ന സ്കൂളുകളെ ശ്രദ്ധിക്കാതെ പോകുന്നത്. കഴിഞ്ഞ ഗവണ്മെന്റിന്റെ അവസാന സമയത്തു ഒട്ടനവധി നിവേദനങ്ങൾ നൽകിയിരുന്നു.പുതിയ ഗവണ്മെന്റ് അധികാരത്തിൽ വരുമ്പോൾ ലഭിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു കേഡറ്റുകളും അദ്ധ്യാപകരും. എന്നാൽ കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാത്തത് മൂലം കേഡറ്റുകൾ സ്കൂളിൽ പരേഡ്, ക്യാമ്പ് തുടങ്ങിയവ ഇല്ലാത്തതുകൊണ്ട് റിഫ്രഷ്മെന്റിനും മറ്റു ചെലവുകൾക്കും അനുവദിച്ച തുക നഷ്ടപെട്ടു പോകുന്ന അവസ്ഥയാണ്. ഇങ്ങനെയുള്ള ഈ തുക 115 സ്കൂളുകൾക്കായി നൽകിയാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
മറുനാടന് മലയാളി ബ്യൂറോ