- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുബോധ് സാർ... അത്ര ഫാഷണബിൾ അല്ല കേട്ടോ! സിബിഐയിൽ ഉദ്യോഗസ്ഥർക്ക് ജീൻസും ടിഷർട്ടും വിലക്കി പുതിയ ഡയറക്ടർ; ഇനി മുതൽ ഓഫിസിൽ ഔദ്യോഗിക സ്വഭാവമുള്ള വസ്ത്രം ധരിച്ചാൽ മതിയെന്ന് നിർദ്ദേശം; മുഖം വൃത്തിയായി ഷേവ് ചെയ്യണമെന്നും നിർദ്ദേശം
ന്യൂഡൽഹി: സിബിഐയിലെ പുതിയ ഡയറക്ടറായി സ്ഥാനമേറ്റ സുബോധ്കുമാർ ജയ്‌സ്വാൾ പരിഷ്‌ക്കാരങ്ങളുമായി രംഗത്തെത്തി. സിബിഐ ഉദ്യോഗസ്ഥർ ഇനി മുതൽ ഓഫിസിൽ ഔദ്യോഗിക സ്വഭാവമുള്ള വസ്ത്രം ധരിച്ചാൽ മതിയെന്നു ജയ്‌സ്വാൾ നിർദ്ദേശം നൽകി. കാലങ്ങളായി നിന്നിരുന്ന കീഴ് വഴക്കം തെറ്റിച്ചു കൊണ്ടാണ് പുതിയ ഡയറക്ടറുടെ തീരുമാനം.
ജീൻസ്, ടിഷർട്ട്, സ്പോർട്സ് ഷൂസ് തുടങ്ങിയ കാഷ്വൽ വെയറുകൾ അനുവദിക്കില്ല. പുരുഷന്മാർ ഷർട്ട്, ഫോർമൽ പാന്റ്‌സ്, ഷൂസ് എന്നിവ മാത്രമേ ധരിക്കാൻ പാടുള്ളൂ. മുഖം വൃത്തിയായി ഷേവ് ചെയ്തിരിക്കണമെന്നും ഉത്തരവിൽ പറയുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വനിതാ ജീവനക്കാർക്കും നിർദേശങ്ങൾ ബാധകമാണ്. സാരി, സ്യൂട്ട്, ഫോർമൽ ഷർട്ട്, പാന്റ്‌സ് തുടങ്ങിയവ മാത്രമേ ഇവർ ധരിക്കാൻ പാടുള്ളൂ. ജീൻസ്, ടിഷർട്ട്, സ്പോർട്സ് ഷൂസ്, ചപ്പൽ തുടങ്ങിയവ ഓഫിസിൽ അനുവദനീയമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
രാജ്യമെമ്പാടുമുള്ള സിബിഐ ഉദ്യോഗസ്ഥർക്ക് പുതിയ നിയമം ബാധകമാണ്. ബ്രാഞ്ച് മേധാവികൾ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും സിബിഐ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. സിബിഐയിലെ ഓഫിസർമാരും സ്റ്റാഫും ഫോർമൽ വസ്ത്രങ്ങൾ ധരിക്കണമെന്നത് കാലങ്ങളായി നിലനിൽക്കുന്ന നടപടി ക്രമമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടതോടെ ഉദ്യോഗസ്ഥർ ജീൻസ്, ടിഷർട്ട് തുടങ്ങിയ ഡ്രസുകൾ ധരിക്കാൻ തുടങ്ങുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിലാണു സിബിഐ ഡയറക്ടറായി സുബോദ് കുമാർ ജയ്‌സ്വാൾ അധികാരമേറ്റത്.
സിബിഐയുടെ 33ാമത്തെ ഡയറക്ടറായാണ് സുബോധ് കുമാർ അധികാരമേറ്റത്. രഹസ്യാന്വേഷണം, ഭരണനിർവഹണം, കുറ്റകൃത്യങ്ങളുടെ അന്വേഷണം എന്നിവയിലെല്ലാം മികവു തെളിയിച്ച ഉദ്യോഗസ്ഥനാണു സുബോധ് കുമാറെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. 1985 ബാച്ച് മഹാരാഷ്ട്ര കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയിൽ (റോ) 10 വർഷം സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ 6 വർഷം ഡപ്യൂട്ടേഷനിലുണ്ടായിരുന്നു.
1962 സെപ്റ്റംബർ 22നു ധൻബാധിലാണു സുബോധ് കുമാറിന്റെ ജനനം. സിഎംആർഐ ഡി നോബ്ലി സ്‌കൂളിൽ പഠനം. ചണ്ഡിഗഡ് ഡിഎവി കോളജിൽ നിന്ന് ഇംഗ്ലിഷിൽ ബിരുദം നേടി. പഞ്ചാബ് സർവകലാശാലയിൽനിന്ന് എംബിഎയും. 23ാമത്തെ വയസിലാണ് ഐപിഎസ് നേടി സേനയിൽ പ്രവേശിക്കുന്നത്. മഹാരാഷ്ട്ര കേഡറുകാരനായി. അമരാവതിയിൽ അഡീഷനൽ സൂപ്രണ്ടായി 1986ൽ ആദ്യ നിയമനം. ഗഡ്ചിരോലി ജില്ലയിലെ എസ്‌പിയായിരിക്കെ ഒട്ടേറെ നക്‌സൽ വിരുദ്ധ ഓപറേഷനുകൾക്കു നേതൃത്വം നൽകി. അബ്ദുൾ കരീം തെൽഗിയുടെ കുപ്രസിദ്ധമായ വ്യാജ മുദ്രക്കടലാസ് തട്ടിപ്പ് അന്വേഷിക്കാൻ ഹൈക്കോടതി 2003ൽ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിനു നേതൃത്വം നൽകി. പിന്നീട് ഈ കേസ് സിബിഐയ്ക്കു വിട്ടു.
മുംബൈ ഭീകര വിരുദ്ധ സേനയുടെ ഭാഗമായിരുന്ന ഇദ്ദേഹം 2008ലാണു 'റോ'യിൽ ഡപ്യൂട്ടേഷനിലെത്തുന്നത്. 10 വർഷത്തിനു ശേഷം 2018 ജൂലൈയിലാണു മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രത്യേക ആവശ്യപ്രകാരം സംസ്ഥാന സേനയിലേക്കു തിരികെയെത്തുന്നത്. 1996 മുതൽ 2002 വരെയുള്ള സമയത്തു എസ്‌പിജിയിലും ഡപ്യൂട്ടേഷനിൽ പ്രവർത്തിച്ചിരുന്നു. 35 വർഷത്തെ സർവീസിൽ 16 വർഷവും സുബോധ് കുമാർ കേന്ദ്ര ഡപ്യൂട്ടേഷനിലായിരുന്നു. 2018 ജൂലൈയിൽ മുംബൈ പൊലീസ് കമ്മിഷണറായ സുബോധ് കുമാർ 2019 മാർച്ചിൽ മഹാരാഷ്ട്ര ഡിജിപിയായി. ഈ സമയത്താണു എൽഗാർ പരിഷത്ത്, ഭീമ കൊറെഗാവ് സംഭവങ്ങൾ അന്വേഷിക്കുന്നത്. ഈ രണ്ടു കേസുകളും പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറി.
ഫട്‌നാവിസുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന സുബോധ് കുമാർ പക്ഷേ, മഹാരാഷ്ട്ര വികാസ് അഘാഡിയുമായി അത്ര സുഖത്തിലായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവയിൽ ആഭ്യന്തര വകുപ്പുമായി അൽപം ഇടയുകയും ചെയ്തിരുന്നു. 2021 ജനുവരി 8നാണ് കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) മേധാവിയായി നിയമിതനാകുന്നത്.
മറുനാടന് ഡെസ്ക്