ന്യൂഡൽഹി: ഇന്ത്യയുടെ പശ്ചിമേഷ്യൻ നയത്തിൽ കഴിഞ്ഞാഴ്ച സൂക്ഷ്മമായ മാറ്റം വരുത്തിയത് ചർച്ചയാകുന്നു. ഫലസ്തീനെ അപേക്ഷിച്ച് ഇസ്രയേലിനോട് ചായ് വ് പ്രകടിപ്പിക്കുന്നു എന്നതാണ് സവിശേഷത. മെയ് 16 ന് യുഎൻ സുരക്ഷാ സമിതിയിലെ ഇടപെടലും, മെയ് 20 ന് യുഎൻ പൊതുസഭയിലെ പ്രസ്താവനയും തമ്മിൽ താരതമ്യം ചെയ്യുമ്പോഴാണ് സൂക്ഷ്മമായ മാറ്റം പ്രകടമാകുക.

ഇസ്രയേൽ-ഫലസ്തീൻ പ്രതിസന്ധി സംബന്ധിച്ച പ്രസ്താവനയിൽ പതിവ് നിലപാടിൽ ഇന്ത്യ മാറ്റം വരുത്തുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും. ദ്വിരാഷ്ട്ര പരിഹാരത്തിലുള്ള ഇളകാത്ത പ്രതിബദ്ധതയും ഫലസ്തീന് പ്രശ്‌നത്തിന് ശക്തമായ പിന്തുണയുമാണ് ഇന്ത്യ പ്രസ്താവനകളിൽ ആവർത്തിച്ചുപറയാറുള്ളത്. യുഎൻ സുരക്ഷാ കൗൺസിലിലെ പ്രസ്താവനയിൽ ഈ വാചകമുണ്ടായിരുന്നു. എന്നാൽ, യുഎൻ പൊതുസഭയിലെ പ്രസ്താവനയിൽ ഈ വാചകം ഒഴിവാക്കി.

ഇതുകൂടാതെ, ഇസ്രയേലിന് നേരയുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ കൂടുതൽ ശക്തമായ രീതിയിലാണ് പൊതുസഭയിൽ ഇന്ത്യ അപലപിച്ചത്. പൊതുസഭയിലെ പ്രസ്താവന ഇങ്ങനെ: 'നിരവധി പൗരമാർ കൊല്ലപ്പെട്ട ഗസ്സയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിവേചനരഹിതമായ റോക്കറ്റാക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. ഗസ്സയിലേക്കുള്ള പ്രത്യാക്രമണവും മരണങ്ങൾക്കും നാശത്തിനുമിടയാക്കി. ഇന്ത്യൻ പൗരയടക്കം നിരപരാധികളുടെ ജീവൻ നഷ്ടമായതിനെയും ശക്തമായി അപലപിക്കുന്നു.' സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇസ്രയേലിന്റെ പ്രത്യാക്രമണമെന്നും വിശേഷിപ്പിക്കുന്നു. മെയ് 16 ന് സുരക്ഷാ സമിതിയിലെ പ്രസ്താവനയിലും ഹമാസിന്റെ റോക്കറ്റാക്രമണത്തെ അപലപിച്ചിരുന്നു. രണ്ടു പ്രസ്താവനയിലും ഹമാസിന്റെ ആക്രമണത്തെയും ഇസ്രയേലിന്റെ പ്രത്യാക്രമണത്തെയും ഇന്ത്യ തുലനം ചെയ്തില്ല. എന്നാൽ, പൊതുസഭയിൽ ഇന്ത്യ ഇങ്ങനെ പറഞ്ഞു: ഇസ്രയേലും ഫലസ്തീനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാൻ അനുകൂല സാഹചര്യം സൃഷ്ടിക്കാൻ എല്ലാ പരിശ്രമവും നടത്തണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത്തരം പരിശ്രമം ഇസ്രയേലിന്റെ ഭാഗത്ത് നിന്നല്ല, ഹമാസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് വ്യംഗ്യം.

സുരക്ഷാ സമിതിയിലെ പ്രസ്താവനയിൽ ഇരുപക്ഷത്തോടും കടുത്ത നിയന്ത്രണം പാലിക്കാനും, സംഘർഷം കൂട്ടുന്ന നടപടികളിൽ നിന്ന് പിന്തിരിയാനും കിഴക്കൻ ജറുസലേമിന്റേതടക്കം തൽസ്ഥിതിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ ശ്രമിക്കരുതെന്നും പറയുന്നു. കിഴക്കൻ ജറുസലമേിലും ഷെയ്ക് ജാരയിലും ഇസ്രേയൽ സ്വീകരിച്ച നടപടികളാണ് പ്രശ്‌നത്തിന് വഴി വച്ചതെന്നും ഇന്ത്യ സൂചിപ്പിച്ചിരുന്നു. എന്നാൽ, പൊതുസഭയിലെ പ്രസ്താവന കുറെ കൂടി തെളിച്ചമുള്ളതാണ്. ഇസ്രയേലിന് കൂടുതൽ പിന്തുണ നൽകുന്നതാണ് പ്രസ്താവന.

യുഎൻ സുരക്ഷാ സമിതി പ്രസ്താവനയിൽ ഇന്ത്യ ഇസ്രയേലിനെ മതിയായ രീതിയിൽ അനുകൂലിക്കാത്തതിൽ ബിജെപി പ്രവർത്തകർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പിന്തുണ നൽകിയ രാജ്യങ്ങളുടെ പതാക ഉൾപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നന്ദി അർപ്പിച്ചതിൽ ഇന്ത്യയുടെ പതാക ഉൾപ്പെട്ടിരുന്നില്ല. ഇതോടെയാണ് യുഎൻ പൊതുസഭയിൽ ഇന്ത്യ ഇസ്രയേലിന് പിന്തുണ വ്യക്തമാക്കിയത്.