പ്രതീക്ഷയുടെ തുരുത്തുകൾ ഓരോന്നായി കടലെടുക്കുന്ന അതികഠിനമായ പരീക്ഷണകാലത്തിലൂടെ കടന്നുപോവുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പരിമിതികൾ, വീഴ്ചകൾ, ഭ്രംശങ്ങൾ, തെറ്റുകൾ, ഒത്തുതീർപ്പുകൾ, നയവ്യതിയാനങ്ങൾ... കോൺഗ്രസ്സിനെ വിമർശിക്കാൻ ധാരാളം കാരണങ്ങൾ എല്ലാവര്ക്കും ഉണ്ടാകും.

എങ്കിലും 'കോൺഗ്രസ്സ് മുക്ത ഭാരതം' ഇപ്പോഴും ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളുടെ അജണ്ട ആയിട്ടില്ല. കാരണം ഇപ്പോഴും കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയിലെ എല്ലാ ബൂത്തിലും നാല് വോട്ടെങ്കിലും കിട്ടുന്ന വേറെ ദേശിയ പാർട്ടി ഇല്ല. അതുപോലെ ഇന്ത്യയെപോലെ തന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും. അത്രയേറെ വൈരുധ്യങ്ങളും, സങ്കീർണ്ണമായ ഉൾപ്പിരിവുകളും, ആന്തരീകസംഘർഷങ്ങളും ആഴവും പരപ്പുമുള്ള വേറൊരു രാഷ്ട്രീയപ്രസ്ഥാനം ഇന്ത്യയിൽ ഒരിക്കലും ഉണ്ടായിരുന്നില്ല. ഇന്ത്യ അസാധാരണമായ ഒരു ദേശരാഷ്ട്രമാണെങ്കിൽ കോൺഗ്രസ് അസാധാരണമായ ഒരു പാർട്ടിയുമാണ്.

കോൺഗ്രസ്സ് നശിച്ചിട്ട് അതിൽ നിന്നും ഒരു ബദൽ ഉണ്ടാകുമെന്നത് പ്രായോഗികമല്ല. അറുപതുകൾ മുതൽ ഇന്ത്യൻ സോഷ്യലിസ്റ്റുകൾ ശ്രമിച്ചിട്ട് നടക്കാത്ത സ്വപ്നം ആണത്. അതുകൊണ്ടു കോൺഗ്രസ്സ് പാർട്ടി ഒരു പാൻ ഇന്ത്യൻ ലിബറൽ 'കൺസെൻസസ്പ്ലാറ്റ്ഫോം'ആയി നിലനിൽക്കണം എന്ന ആഗ്രഹം ഉള്ളവർ ഇന്ത്യയിൽ ഇപ്പോഴും ധാരാളം ഉണ്ട്. പക്ഷെ ഇന്നത്തെ നിലയിൽ ആണ് കാര്യങ്ങളെ വിലയിരുത്തുന്നതെങ്കിൽ, അടുത്ത തിരഞ്ഞെടുപ്പോടെ കോൺഗ്രസ്സിന്റെ ഭാവി പ്രവചനാതീതമാകും.

മറു വശത്തു നിൽക്കുന്നത് , രാഷ്ട്രീയപ്രവർത്തകരല്ല, മറിച്ചു ഇന്ത്യ കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ മാനിപ്പുലേറ്ററും, ജനായത്ത പ്രക്രിയയെ ദൈനംദിന ട്രേഡിങിന്റെ നിലവാരത്തിലേക്ക് താഴ്‌ത്തിയ രാഷ്ട്രീയ നെറികേടിന്റെ ഉസ്താദുമാരും ആണെന്ന് മനസിലാവാത്തവരാണ് കോൺഗ്രസ്സിന്റെ അഖിലേന്ത്യ നേതാക്കന്മാരെങ്കിൽ അധികം വൈകാതെ കോൺഗ്രസ്സ് മുക്ത ഭാരതം കൂടി സാധ്യമാക്കാൻ ബിജെപിക്ക്‌ കഴിയും.
അത് വ്യക്തമായി മനസിലാക്കിയതുകൊണ്ടാണ് തരൂരും ,കപിൽ സിബലും ഗുലാം നബി ആസാദും ഒക്കെ ഇടപെട്ടത്. അവർ കരിയർ രാഷ്ട്രീയക്കാരാണെങ്കിൽ ഏറ്റവും എളുപ്പം ബിജെപിയിൽ ചേരുന്നതായിരുന്നു. അവർ അത് ചെയ്തില്ല. പകരം അവർ ശ്രമിക്കുന്നത് കോൺഗ്രസ്സിനെ ജനാധിപത്യവൽക്കരിക്കാൻ ആണ്.

ഒരു മുഴുവൻ സമയ പ്രസിഡന്റ് വേണം എന്നതും, കോൺഗ്രസ്സിനെ നവീകരിക്കണം എന്ന് ആവശ്യപെടുന്നതും ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും പ്രാഥമികമായ ഒരാവശ്യമാണ്. അത് പോലും പറയാൻ കോൺഗ്രസിൽ ഇനിയും ആരുമില്ലെങ്കിൽ എങ്ങനെയാണ് സ്വയം ജനാധിപത്യ പാർട്ടി എന്ന് വിളിക്കുന്നത്? എങ്ങനെയാണ് സംഘടന ബൂത്ത് തലം മുതൽ കെട്ടിപ്പടുക്കുന്നത്?

അത് തുറന്നു പറഞ്ഞതിനാണ് കോൺഗ്രസ്സിൽ ഇന്നുള്ള ഏറ്റവും മിടുക്കനായ നേതാക്കന്മാരിൽ ഒരാളായ ശശി തരൂരിനെ ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് വിളിച്ചു അപമാനിക്കുന്നത്! തരൂരിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിപ്പ് ഇല്ലെങ്കിലും അദ്ദേഹം നല്ലൊരു ജനപ്രതിനിധിയും, ലോക്സഭയിൽ കോൺഗ്രസ്സിന്റെ ഏറ്റവും പ്രഗത്ഭനായ പ്രാസംഗികനും ആണെന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. അദ്ദേഹത്തെ അപമാനിക്കുന്നതിന് പകരം യാഥാർഥ്യബോധത്തോടെ കോൺഗ്രസ്സ് പാർട്ടിയുടെ ഇന്നത്തെ പ്രശ്നങ്ങൾ ഉൾക്കൊള്ളുകയും പരിഹരിക്കാൻ ഒരുമിച്ച് നിന്ന് ശ്രമിക്കുകയും ആണ് വേണ്ടത്.

ഓർക്കുക,ചാണക്യന്മാരും റിസോർട്ടുകളും അല്ല ഇവിടെ പാർട്ടിയെ നിലനിർത്തിയത്. കോൺഗ്രസ്സ് വളർന്നതും, പൂത്തുലഞ്ഞതും തെരുവുകളിലും ഗ്രാമങ്ങളിലും തന്നെയായിരുന്നു, എക്കാലത്തും. ആ ഇടങ്ങളെ തിരിച്ചു പിടിക്കാനാണ് ഒരു മതേതര ലിബറൽ പ്ലാറ്റുഫോം എന്ന നിലക്ക് കോൺഗ്രസ്സ് ശ്രമിക്കേണ്ടത്. അതാണ് തരൂർ പറയാൻ ശ്രമിച്ചതും. ഗസ്റ്റ് ആർട്ടിസ്റ്റ് ആണെങ്കിൽ അദ്ദേഹം അത് പറയേണ്ട കാര്യമില്ലായിരുന്നു. മറിച്ച്‌ എളുപ്പത്തിൽ പാർട്ടി വിട്ടുപോകാമായിരുന്നു.

നിർഭാഗ്യവശാൽ,ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കും ആണ് ഇന്ന് എല്ലാ രാഷ്ട്രീയപാര്ടികളിലും മേധാവിത്വം. ജനാധിപത്യവാദികൾക്ക് അല്ല. എന്തായാലും ഈ വിഷയത്തിൽ തരൂർ തന്നെയാണ് ഏറ്റവും വലിയ ശരി.