- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയിലെ വീറും വാശിയും വോട്ടാക്കി മാറ്റി ജനപ്രിയത തെളിയിച്ച കരമനയുടെ മകൻ; നടീ നടന്മാരുടെ മനസ്സ് കീഴടക്കി വീണ്ടും പഴയ തട്ടകത്തിലേക്ക്; വെങ്ങാന്നൂർ സ്‌കൂളിലെ പ്രിൻസിപ്പലായി വീണ്ടും ചുമതല ഏൽക്കൽ; അദ്ധ്യാപക ജീവിതത്തിനൊപ്പം ഇനി അഭിനയവും; കടുവയുടെ സെറ്റിൽ നിന്ന് സുധീർ കരമന മടങ്ങിയെത്തുമ്പോൾ
തിരുവനന്തപുരം: താര സംഘടനയായ അമ്മയിലെ ജനപ്രിയനാണ് സുധീർ കരമന. കരമന ജനാർദ്ദനന്റെ മകൻ അച്ഛനെ പോലെ സിനിമയിലും നേടിയത് നല്ല പേരാണ്. അപ്പോഴും തന്റെ പ്രധാന പരിഗണന അദ്ധ്യാപക തൊഴിലിനോട് തന്നെ. സുധീർ കരമന നീണ്ട ഇടവേളക്ക് ശേഷം വീണ്ടും 'വേങ്ങന്നൂർ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ' ആയി ചുമതല ഏൽക്കുകയാണ്.
കഴിഞ്ഞ 17 വർഷമായി ഇതേ സ്‌കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു സുധീർ കരമന. കുറച്ചു കാലം സിനിമാ തിരക്കുകൾക്കു വേണ്ടി അവധി. അതിന് ശേഷമാണ് വീണ്ടും സ്‌കൂളിലെ ജോലിയിൽ സജീവമാകുന്നത്. നടന്മാരുടെ സംഘടനയായ ''അമ്മ ' യുടെ എക്‌സിക്യൂട്ടീവിലേക്ക് നടന്ന ഇലക്ഷനിൽ ഏറ്റവും അധികം വോട്ടുവാങ്ങി സുധീർ കരമന വിജയിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷം പ്രിൻസിപ്പൽ ആയി ചുമതല ഏറ്റെടുക്കുമ്പോഴും തുടർന്നും അഭിനയ രംഗത്തു ശക്തമായി തന്നെ നിൽക്കാനാണ് സുധീർ കരമനയുടെ തീരുമാനം..
ഇപ്പോൾ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ 'കടുവ' യിലാണ് സുധീർ കരമന അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതുടൻ പൂർത്തിയാകും. മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളായിരുന്നു, യശ്ശശരീരനായ ശ്രീ കരമന ജനാർദ്ദനൻ നായർ. സ്വാഭാവിക അഭിനയം കൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ, നൽകിയ നടൻ. കരമന എന്ന് അറിയപ്പെടുന്ന അച്ഛന്റെ പാതയിലാണ് സുധീറും സിനിമയിൽ സജീവമാകുന്നത്.
കരമനയിലെ കുഞ്ചുവീട്ടിലാണ് സുധീർ ജനിച്ചത്. അച്ഛൻ കരമന ജനാർദനൻ നായർ പ്രൊവിഡന്റ് ഫണ്ട് വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണറും അമ്മ ജയ വീട്ടമ്മയുമായിരുന്നു. പഠിച്ചത് പട്ടം കേന്ദ്രീയ വിദ്യാലയയിലാണ്. സ്‌കൂളിൽ മികച്ച ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരനായിരുന്നു. സംസ്ഥാനത്തിനു പുറത്തു പോയി കളിച്ചിട്ടുണ്ട്. ഗായകനും ചിത്രകാരനുമായിരുന്നു.
ഒപ്പം മോണോ ആക്ടിലും മികച്ചു നിന്നു. യൂണിവേഴ്‌സിറ്റി കോളജിൽ ജ്യോഗ്രഫി ബിരുദ കോഴ്‌സിനു ചേർന്നതോടെ എസ് എഫ് ഐക്കാരനുമായി. പിജി പഠന കാലത്തും രാഷ്ട്രീയവും കലാ പ്രവർത്തനവും ഒന്നിച്ചു കൊണ്ടു പോയി. പിജി കഴിഞ്ഞു തൈക്കാട് ട്രെയ്‌നിങ് കോളജിൽ ബിഎഡിനു ചേർന്നു. അവിടെ സ്പോർട്സ് ചാംപ്യനായിരുന്നു. പ്രഫഷനൽ കോളജ് കലോത്സവത്തിൽ കലാപ്രതിഭയായതും ആ സമയത്താണ്. അദ്ധ്യാപകനാകാനാണ് പഠിച്ചതെങ്കിലും ആദ്യ ജോലി ലഭിച്ചത് ആക്കുളത്തെ സെസിലായിരുന്നു.
ഖത്തറിലെ എംഇഎസ് ഇന്ത്യൻ സ്‌കൂളിൽ ജോലി കിട്ടി.പതിനായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന വലിയ സ്‌കൂളായിരുന്നു ഇത്. ആയിടയ്ക്കായിരുന്നു കല്യാണം. ഭാര്യ അഞ്ജനയും ഇതേ സ്‌കൂളിൽ അദ്ധ്യാപികയായി. ഖത്തറിലെ അഞ്ചു വർഷത്തെ ജീവിതത്തിനിടെ ഒരുപാട് കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു. നാട്ടിലെത്തി വെങ്ങാനൂരിലെ ഹയർസെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനും തുടർന്നു പ്രിൻസിപ്പലുമായി. സിനിമാ തിരക്കുകൾക്ക് അപ്പുറം അത് ഇപ്പോഴും തുടരുകയാണ് കരമനയുടെ മകൻ.
മറുനാടന് മലയാളി ബ്യൂറോ