- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാഥർക്കൊപ്പം തെരുവിൽ; പ്രകൃതിക്ക് വേണ്ടി മരങ്ങൾക്കൊപ്പം; സ്ത്രീകൾക്കായി അഭയയിലും; കാടിനും പുഴയ്ക്കും കടലിനും തണ്ണീർത്തടത്തിനും പച്ചപ്പിനും കാവലാളായ ലോകാനുരാഗിയായ എഴുത്തിന്റെ വസന്തം; മലയാളിക്ക് നഷ്ടമാകുന്നത് കവിതയിലൂടേയും കൈകളിലൂടേയും വേദനയുടെ കണ്ണീർ തുടച്ച ഇതിഹാസത്തെ; ഇനി സുഗതകുമാരി ജീവിക്കുക കവിതകളിലും അശരണരുടെ മനസ്സിലും
ലോകാനുരാഗിയായ കവിയാണ് സുഗതകുമാരിയെന്ന് പറഞ്ഞത് ബാലചന്ദ്രൻ ചുള്ളിക്കാടാണ്. അനാഥർക്കൊപ്പം തെരുവിലാണ് ഈ കവി. കൈപിടിച്ചു നടത്തിയ കുഞ്ഞുങ്ങൾക്ക് പിന്നാലെ വീണ്ടും വരുന്നവരെയും കാത്ത് മാതൃത്വത്തിന്റെ കരുതലോടെ കാത്തുനിൽക്കുന്നു. കവിയുടെ സിംഹാസനം ഒഴിഞ്ഞു കിടക്കവെ, തെരുവിൽ. കാടിനും പുഴയ്ക്കും കടലിനും തണ്ണീർത്തടത്തിനും പച്ചപ്പിനും കാവലാളായി ഒരു കവി.-അതായിരുന്നു സുഗതകുമാരി. മരണത്തെ ഭയപ്പെടാത്ത കവിയത്രിയായിരുന്നു സുഗതകുമാരി. അതുകൊണ്ട് തന്നെ ഈ കവയത്രി മടങ്ങുമ്പോൾ വേദനയുടെ കണ്ണീർ തുടയ്ക്കുന്ന അമ്മയെ കൂടി മലയാളിക്ക് നഷ്ടമാകുകകയാണ്.
'ഇരുട്ടിൽ, തിരുമുറ്റത്തു
കൊണ്ടു വെയ്ക്കുകയാണു ഞാൻ
പിഴച്ചു പെറ്റൊരീക്കൊച്ചു
പൈതലെ;ക്കാത്തു കൊള്ളുക'' (പെൺകുഞ്ഞ് '90)
അഗതികളുടെ ആശ്വാസത്തിന് ജീവിതം നീക്കി വയ്ക്കുക, അനായസമല്ല ഇങ്ങനെയൊരു ജീവിതം, തന്റെ കവിതകളിൽ കുറിച്ചിട്ട വരികളോട് നീതി പുലർത്തുന്ന ഒരു ജീവിതം. സുഗതകുമാരി എഴുതിയ കവിതകളിലേറെയും നിറഞ്ഞത് വിഷാദത്തെക്കാളുമപ്പുറം പൊള്ളുന്ന പ്രതിഷേധമാണുള്ളത്. സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടുന്നവ. ഒറ്റപ്പെടലുകളെ, അനാഥത്വത്തെ കണ്ടില്ലെന്ന് നടിക്കുന്നവർക്കുമുന്നിൽ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ തുറന്നുപറയുന്നവ. സുഗതകുമാരിയുടെ കവിതയിൽ വിഷാദം ആധാര ശ്രുതിയായി മാറുന്നു എന്ന വിലയിരുത്തൽ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ ഈ വിഷാദം പൊതുജീവിതത്തിന്റെ നേർക്ക് പൊതുമണ്ഡലത്തിന്റെ മനസ്സ് പങ്കിട്ടുള്ളതാണെന്ന് വ്യക്തം.
കല്പനാസുന്ദരവും വികാരസാന്ദ്രവുമായ ശൈലിയിൽ മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത ഭാവതലങ്ങളെ, അനുഭവങ്ങളെ വരച്ചിടുന്ന കവിതകൾ. സമൂഹത്തിൽ യാതന അനുഭവിക്കുന്നവരിലേക്കും തെരുവിലേക്കും കടന്നുചെന്ന ഒരു കവയിത്രി. അരനുറ്റാണ്ട് പിന്നിട്ട കാവ്യജീവിതത്തിലുടനീളം മനുഷ്യജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നിൽ പകർത്തിവച്ചു. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും സാമുഹിക അനീതികൾക്കെതിരായും കാവ്യരചനയിലൂടെ മാത്രമല്ല ജീവിതത്തിലൂടെയും ഒരേപോലെ നിരന്തരം സമരജീവിതം നയിക്കുക. കാവ്യജീവതത്തോടൊപ്പം അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്തും സുഗതകുമാരി നിറഞ്ഞുനിന്നു.
സമൂഹത്തോടുള്ള കരുതലിന്റെ ഹൃദയസ്പർശങ്ങൾ നിറഞ്ഞതാണ് സുഗതകുമാരിയുടെ കവിതകളോരോന്നും. കവിതരചനയുടെ ആദ്യഘട്ടം സ്വപ്നത്തിന്റേതായിരുന്നു. മനസിൽ നിറഞ്ഞ ലോകത്തെ വരച്ചുകാട്ടുന്നതായിരുന്നു ഓരോന്നും. 1961ൽ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയിലും 1965ൽ ഇറങ്ങിയ സ്വപ്നമീ, പാതിരാപ്പൂക്കിളി, ഇരുൾ ചിറകുകൾ, രാത്രിമഴ (1977) എന്നീ കവിതകളിലും ഇത് ദർശിക്കാനാകും.
എൺപതുകൾക്ക് ശേഷം സുഗതകുമാരിയുടെ കവിതാ പ്രതലം സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് വഴിമാറുന്നത് കാണാനാകും. സൈലന്റ് വാലി പ്രക്ഷോഭവും തുടർന്നുണ്ടായ പരിസ്ഥിതി പ്രസ്ഥാനവും അവരുടെ രചനകളിലും ജീവിതത്തിലും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. തുടർന്നുള്ള രചനകളിൽ വ്യസനത്തിന്റെയും ജാഗ്രതയുടേയും പ്രതിഫലനം നിഴലിച്ചുകാണാമായിരുന്നു. ജെസ്സി, മരത്തിനു സ്തുതി, തുടങ്ങിയ കവിതകളിലെല്ലാം പകൃതിയേയും മനുഷ്യനേയും കുറിച്ചുള്ള ഖേദസ്വരങ്ങളാണ് മുഴങ്ങികേട്ടത്. പിന്നീടൊരുഘട്ടത്തിൽ കാലത്തെക്കുറിച്ചുള്ള ആകുലതകളും വാർദ്ധക്യത്തെ പറ്റിയുള്ള ചിന്തകളും കവയിത്രിയെ അലട്ടുന്നു. വാർദ്ധക്യമെന്ന കവിതയിലും മരുഭൂമി ഉച്ച എന്ന കവിതയിലും ഈ വ്യാകുലസംഘർഷങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്.
സുഗതകുമാരിയുടെ ഒട്ടുമിക്ക കവിതകളിലും ഏതെങ്കിലുമൊരു വ്യസനം ഒളിഞ്ഞിരിപ്പുണ്ടാകും. കൃഷ്ണഭക്തയായ അവർ കൃഷ്ണഭക്തി തുളുമ്പുന്ന കവിതകളും രചിച്ചിട്ടുണ്ട്. കൃഷ്ണ കവിതകളിലാകട്ടെ ആഖ്യാതാവിനെയും കവിമനസ്സിനേയും ഭിന്നമാക്കി നിർത്തിയുള്ള ആഖ്യാനതന്ത്രമാണ് സുഗതകുമാരി നടത്തുന്നത്. 'തുള്ളിയായൂർന്നു വീഴുന്ന കൈപ്പാർന്ന മധു ' എന്ന് ആദ്യത്തെ കൃഷ്ണ കവിതയിൽ സുഗതകുമാരി നിർവ്വചിക്കുന്ന മാനസ വിഷാദത്തിന്റെ കാരണം ഭക്തിയുടേയോ ഉന്മാദത്തിന്റേതെന്നോ നിർവചിക്കാനാകാത്ത തലം. രാജ്യമൊട്ടാകെ നിറഞ്ഞു നിൽക്കുന്ന കൃഷ്ണ സങ്കൽപത്തെ തന്റെതായ ഭാവനയിൽ കവിതയിലൂടെ വരച്ചുകാട്ടുന്നു.
'കുനിഞ്ഞതില്ല പത്തികൾ കണ്ണാ കുലുങ്ങിയില്ലീ കരളിന്നും 'എന്ന് ആവർത്തിക്കുന്ന കവിതയിൽ ആഖ്യാതാവിന്റെ സ്ഥാനത്ത് ഉള്ള കാളിയൻ പുരുഷനാണെന്ന ഒരു നേർത്ത സൂചന മാത്രമേ പ്രകടതലത്തിലുള്ളൂ. ഇരുപത്തിയഞ്ചാം വയസ്സിലാണ് സുഗതകുമാരി 'കാളിയമർദ്ദനം' എഴുതുന്നത്. എന്നാൽ 'ഗജേന്ദ്രമോക്ഷം' അറുപത്തിയേഴാം വയസിൽ എഴുതുമ്പോൾ കൃഷ്ണസങ്കൽപ്പത്തെ കൂടുതൽ വ്യക്തതയോടെ വരച്ചിടുന്നു. 'ഒരു ദർശനം,' 'മറ്റൊരു രാധിക,' 'ഒരു വൃന്ദാവന രംഗം,' 'മഴത്തുള്ളി,' 'എവിടെ നീ,' 'എന്റെ മനസ്സിന്റെ പോന്നമ്പലത്തിലും ശ്യാമരാധ,' 'കൃഷ്ണാ നീയെന്നെയറിയില്ല,' തുടങ്ങിയ കവിതകളിൽ സുഗതകുമാരിയുടെ വ്യത്യസ്തമായ ആഖ്യാനരീതികൾ കാണാം. സുഗതകുമാരിയുടെ കൃഷ്ണ കവിതകളില ഏറ്റവും കൂടുതൽ വായിക്കപ്പെട്ടത് 'കൃഷ്ണാ, നീയെന്നെയറിയില്ല'' എന്ന കവിതയാണ്. ആത്മാവ് കൂടി അർച്ചിച്ചു കൊണ്ടുള്ള ഒരു തപസ്സിന്റെ ഭൗതികേതരമായ നിലയാണ് ആ കവിതയുടെ മർമ്മം.
കുട്ടികളോട് എന്നും സ്‌നേഹവും വാത്സല്യവും ഉള്ള സുഗതകുമാരി ബാലസാഹിത്യത്തിലും തന്റെ സംഭാവനകൾ നൽകി. വാഴത്തേൻ, ഒരു കുല പൂവും കൂടി തുടങ്ങിയ കൃതികൾ കുട്ടികൾക്കായ് സുഗതകുമാരി രചിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടേയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി ഇന്നും അശ്രാന്തം പരിശ്രമിക്കുന്നു.
സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്‌കാരം (2009), സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1980പാതിരപ്പൂക്കൾ), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1982രാത്രിമഴ), ഓടക്കുഴൽ പുരസ്‌കാരം (1984അമ്പലമണി), വയലാർ അവാർഡ്, ആശാൻ പ്രൈസ് (അമ്പലമണി), 2003ൽ ലളിതാംബിക അന്തർജ്ജനം അവാർഡ്, 2004ൽ വള്ളത്തോൾ അവാർഡ് എന്നിവ ലഭിച്ചു. കുടാതെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാർഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങൾക്കുള്ള ഇന്ത്യാഗവൺമെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സരസ്വതി സമ്മാൻ എന്നിവയ്ക്കും അർഹയായി. ഇവയ്ക്കുപുറമെ പത്മശ്രീ പുരസ്‌കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്
പ്രധാന കൃതികൾ
മുത്തുച്ചിപ്പി (1961), പാതിരാപ്പൂക്കൾ (1967) (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി), പാവം മാനവഹൃദയം (1968), പ്രണാമം (1969),ഇരുൾ ചിറകുകൾ (1969),രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്), അമ്പലമണി (1981) (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്‌കാരം), കുറിഞ്ഞിപ്പൂക്കൾ (1987) (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്), തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്),രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാർഡ്),കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്‌കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്), മേഘം വന്ന് തൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകള്ലിരിക്കെ, സൈലന്റ് വാലി (നിശബ്ദ വനം) വായാടിക്കിളി, കാടിനു കാവൽ എന്നിവയാണ് പ്രധാന കൃതികൾ
പുരസ്‌കാരങ്ങൾ
1968 - പാതിരപ്പൂക്കൾ - കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 1978 - രാത്രിമഴ - കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, 1982 - അമ്പലമണി ഓടക്കുഴൽ പുരസ്‌കാരം, 1984 - അമ്പലമണി വയലാർ അവാർഡ്, 2001 - ലളിതാംബിക അന്തർജ്ജനം അവാർഡ്, 2003 - വള്ളത്തോൾ അവാർഡ്, 2004 - കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2004 - ബാലാമണിയമ്മ അവാർഡ്, 2006 - പത്മശ്രീ പുരസ്‌കാരം, 2009 - എഴുത്തച്ഛൻ പുരസ്‌കാരം, 2013 - മണലെഴുത്ത് സരസ്വതി സമ്മാൻ, പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ് എ്ന്നീ പുരസ്‌കാരങ്ങൾ
മറുനാടന് മലയാളി ബ്യൂറോ