- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈലന്റ് വാലി സമരം മുല്ലപ്പൂ വിപ്ലവം പോലെ പടർന്ന കാലത്ത് ആവേശം പകർന്നത് കവിതയും കവയത്രിയും; ഡൽഹി ജീവിതം ഉപേക്ഷിച്ചു കേരളത്തിലെത്തി സമരനായികയായി; 'മരക്കവികൾ' എന്ന പരിഹസിച്ചു നേരിട്ടത് പിന്നീട് വാഴ്ത്തിപ്പാടിയ രാഷ്ട്രീയക്കാർ; ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തിരുത്തിയ പ്രേരക ശക്തിയായതും സുഗതകുമാരി; ഐതിഹാസികമായ ആ ചരിത്ര ഏടിനെ കുറിച്ച്
'ശ്യാമയാം നിശ്ശബ്ദകാനനമേ, നിന്നെ-
യാനന്ദബാഷ്പം നിറഞ്ഞ മിഴികളാൽ
ഞാനൊന്നുഴിഞ്ഞുകൊള്ളട്ടേ, കരം കൂപ്പി
ഞാനൊന്നു കണ്ടു നിന്നോട്ടേ മതിവരെ? ' (സൈലന്റ് വാലി.)
കേരളത്തിന്റെ മനസ്സിൽ പ്രകൃതിസംരക്ഷണമെന്ന ആശയത്തെ കുടിയിരുത്തിയ സൈലന്റ് വാലി സമരം. സൈലന്റ് വാലിയെ സംരക്ഷിക്കാനുള്ള സമരത്തിന്റെ മുഖങ്ങളിലൊന്നായിരുന്നു സുഗതകുമാരി എന്ന കവയിത്രി. വനങ്ങൾ കൈയേറി മണ്ണ് പിടിച്ചെടുക്കാനുള്ള മനുഷ്യന്റെ ആർത്തിയെ ചോദ്യം ചെയ്തുകൊണ്ട് നടന്ന സമരം. മണ്ണിനും മരത്തിനും വേണ്ടി കണ്ണുരിലും ഉയർന്നുകേട്ട ശബ്ദം പരിസ്തിതി ദുർബല പ്രദേശങ്ങൾ നിലനിർത്തേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്നതായിരുന്നു.
ഭർത്താവ് ഡോ. കെ.വേലായുധൻ നായർക്കൊപ്പമുള്ള ഡൽഹി ജീവിതകാലത്താണ് പശ്ചിമഘട്ടം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളിയുടെ വ്യാപ്തി സുഗതകുമാരി തിരിച്ചറിഞ്ഞത്. ഡൽഹിയിലേക്കുള്ള യാത്രകൾക്കിടെ, പലപ്പോഴും മലനിരകളിലെ കാട് വെട്ടിവെളുപ്പിക്കുന്നതും തീയിട്ടുചുടുന്നതും കണ്ടു. കേരളത്തിലേക്കുള്ള മടക്കയാത്ര അതിജീവനത്തിനായുള്ള പോരാട്ടത്തിന്റേത് കൂടിയായി മാറി.
സൈലന്റ് വാലിയിലെ കുന്തിപ്പുഴയിൽ അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാൻ 1973-ൽ പ്ലാനിങ് കമ്മീഷൻ സംസ്ഥാനസർക്കാരിന് അനുമതി നൽകിയതോടെയാണ് ആ വനമേഖല ഭീഷണിയുടെ നിഴലിലായത്. ഇടുക്കി പദ്ധതി കമ്മിഷൻ ചെയ്തതിന് ശേഷം ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ സമ്മർദഫലമായാണ് സൈലന്റ് വാലി പദ്ധതി ഇലക്ട്രിസിറ്റി ബോർഡ് ഏറ്റെടുക്കുന്നത്. സൈലന്റ് വാലി എന്നൊരു പ്രദേശമുണ്ടെന്നു പോലും കേരളത്തിൽ അധികമാർക്കും അറിയില്ലായിരുന്നു. സംരക്ഷിക്കപ്പെടേണ്ട ഒരു സ്ഥലമാണ് സൈലന്റ് വാലിയെന്ന് ആളുകൾ മനസിലാക്കി തുടങ്ങുന്നത് പിന്നീടാണ്.
വേൾഡ് വൈഡ് ലൈഫ് ഫണ്ടിന്റെ ട്രസ്റ്റികളിലൊരാളും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സഫർ ഫത്തേഹല്ലിയോട്, പശ്ചിമഘട്ടത്തിൽ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ അത് കണ്ടെത്തി റിപ്പോർട്ട് നൽകാൻ, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം 'നാഷണൽ കമ്മറ്റി ഫോർ എൻവിരോൺമെന്റ് പ്ലാനിങ് ആൻഡ് കൺസർവെഷൻ'(എൻ.സി.പി.സി.ഇ) ആവശ്യപ്പെടുന്നതോടെയാണത്.
1976 ൽ ഫത്തേഹല്ലിയും സംഘവും കർണാടകത്തിൽ നിന്നാണ് തുടങ്ങിയത്. ആദ്യം കുദ്രമുഖിൽ പോയി. നല്ല മഴക്കാടുകളുണ്ടായിരുന്ന അവിടം ഖനനം മൂലം നശിച്ചു കഴിഞ്ഞതായി മനസിലാക്കി. അങ്ങനെ അവർ തെക്കോട്ടു വന്നു, സൈലന്റ് വാലി കണ്ടു. സംരക്ഷിക്കപ്പെടേണ്ട കുറ്റമറ്റ പ്രദേശമാണ് അതെന്ന് ഫത്തേഹല്ലിയും സംഘവും മനസിലാക്കി. പർവതങ്ങളാൽ ചുറ്റപ്പെട്ട, ഒരു സ്ഥലത്തുകൂടി മാത്രം മനുഷ്യന് എത്തിപ്പെടാൻ കഴിയുന്ന വനപ്രദേശമാണ് സൈലന്റ് വാലി. മാത്രമല്ല, അവിടുള്ളത് കന്യാവനമാണ്, യഥാർഥ ഉഷ്ണമേഖലാ മഴക്കാട്. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും അവിടെ ഒരു ജലവൈദ്യുത പദ്ധതിക്ക് സംസ്ഥാനസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ആ പദ്ധതി വന്നാൽ, സൈലന്റ് വാലിയിലെ വനം സംരക്ഷിക്കാൻ ചില മുൻകരുതലുകൾ എടുക്കുന്നത് നന്നായിരിക്കും, മുൻകരുതലുകൾ എന്തൊക്കെ വേണം എന്നു കാണിച്ച് ഫത്തേഹല്ലിയും സംഘവും റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചു.
സൈലന്റ് വാലി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞതോടെ സമരം ചൂടുപിടിച്ചു. എം.കെ.പ്രസാദ്, പ്രഫ. ജോൺസി ജേക്കബ്, ഡോ. സതീഷ്ചന്ദ്രൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സൈലന്റ് വാലി സംരക്ഷണ സമിതി പ്രവർത്തനം തുടങ്ങിയതിന് പിന്നാലെ സുഗതകുമാരി, അയ്യപ്പപ്പണിക്കർ, ഒഎൻവി, വിഷ്ണുനാരായണൻ നമ്പൂതിരി എന്നീ സാഹിത്യകാരന്മാരുടെ ഒരു നിര തന്നെ സൈലന്റ് വാലിക്കായി രംഗത്തെത്തി. അവരെ 'മരക്കവികൾ' എന്ന പരിഹാസവുമായാണ് പദ്ധതി അനുകൂലികൾ നേരിട്ടത്. പക്ഷേ ഭൂമിക്ക് മനുഷ്യനെപ്പോലെ പ്രധാനമാണ് മരങ്ങളുമെന്ന തിരിച്ചറിവിൽ ആ വിളിയെ അംഗീകാരമായാണ് സുഗതകുമാരിയടക്കമുള്ള കവികൾ സ്വീകരിച്ചത്. ആ ഇച്ഛാശക്തിക്കു മുന്നിൽ അധികൃതർ മുട്ടുകുത്തി.
സൈലന്റ് വാലി പ്രശ്‌നം പഠിക്കാൻ കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ഒരു സമിതിയെ നിയമിക്കാൻ തീരുമാനിച്ചു. പ്രൊഫ. എം.ജി.കെ.മേനോനെ കമ്മറ്റിയുടെ ചെയർമാൻ ആക്കണമെന്ന് ആദ്യം നിർദ്ദേശിച്ചത് മുഖ്യമന്ത്രി നായനാരാണ്. പ്രൊഫ. എ. എബ്രഹാം, പ്രൊഫ. ടി.എൻ. അനന്തകൃഷ്ണൻ (സുവേളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ഡയറക്ടർ), പ്രൊഫ. മാധവ് ഗാഡ്ഗിൽ, ഡോ.എച്ച്.കെ.ജെയിൻ (ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ), പ്രൊഫ.എ.കെ.ശർമ (കൽക്കത്ത സർവകലാശാലയിലെ സൈറ്റോളജി പ്രൊഫസറും ലോകപ്രശസ്ത ശാസ്ത്രജ്ഞനും), ഡോ.കെ.രാഘവൻ നമ്പ്യാർ, എൻ. ചന്ദ്രശേഖരൻ നായർ, കെ. ത്രിവിക്രമൻ നായർ എന്നിവരായിരുന്ന കമ്മറ്റി അംഗങ്ങൾ. ഇതിൽ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് നിർദ്ദേശിക്കപ്പെട്ട പ്രൊഫ. അനന്തകൃഷ്ണൻ, പ്രൊഫ. മാധവ് ഗാഡ്ഗിൽ, ഡോ.ജെയിൻ എന്നിവരൊക്കെ സെലന്റ് വാലി സംരക്ഷിക്കണം എന്ന നിലപാടുകാരായിരുന്നു. ഈ കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ് സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കപ്പെടുന്നത്. 1983-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പദ്ധതി ഉപേക്ഷിക്കാനും സൈലന്റ് വാലി ദേശീയോദ്യാനം ആക്കാനും തീരുമാനിച്ചു. സൈലന്റ് വാലിക്കു വേണ്ടി നടന്ന ചെറുത്തുനിൽപ്പിന് പിന്നിൽ ഒട്ടേറെ സുമനസുകളുടെ അക്ഷീണപ്രയത്‌നമുണ്ട്, ത്യാഗമുണ്ട്. പരിഹാസങ്ങളും ഭീഷണികളും അവഗണിച്ച് മുന്നോട്ടുപോകാൻ അവർ കാണിച്ച തന്റേടമാണ് സൈലന്റ് വാലിയെ രക്ഷിച്ചത്.
ഇന്ത്യയിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കപ്പെട്ടതിന്റെ ചരിത്രത്തെക്കുറിച്ച് പറയാറുള്ളത്, രാജ്യത്ത് പൊതുജനങ്ങൾക്ക് പരിസ്ഥിതി വിദ്യാഭ്യാസം കിട്ടിയതിന്റെ തുടക്കം സൈലന്റ് വാലി വിവാദമായിരുന്നു എന്നാണ്. ചിപ്‌ക്കോ പോലുള്ള ചെറുത്തുനിൽപ്പുകൾ ഉത്തരേന്ത്യയിൽ നടന്നിട്ടുണ്ടെങ്കിലും, അതിന്റെ പോലും ശരിക്കുള്ള സന്ദേശം ജനങ്ങളിൽ എത്തുന്നത് സൈലന്റ് വാലി പ്രശ്‌നവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പ്രക്രിയ വഴിയാണ്.
പിന്നെ പ്രകൃതിക്കു മുറിവേറ്റിടത്തെല്ലാം കേരളം സുഗതകുമാരിയെക്കണ്ടു. പ്രകൃതിസ്നേഹിയായ ആക്ടിവിസ്റ്റ് എന്നതിനപ്പുറം ഒരമ്മയുടെ വേവലാതിയോടെയാണ് അവർ മുറിവേറ്റ മലകൾക്കും മുറിച്ചുനീക്കപ്പെട്ട മരങ്ങൾക്കും വേണ്ടി ഒച്ചയുയർത്തിയത്. പിന്നീട് അതിരപ്പിള്ളി പദ്ധതിക്കെതിരെയും അട്ടപ്പാടിയിലെ കഞ്ചാവ് കൃഷിക്കെതിരെയും പാലക്കാട്ട് ഒലിപ്പാറയിലെ മരംവെട്ടിനെതിരെയും ആറന്മുള വിമാനത്താവളത്തിനെതിരെയുമൊക്കെ സുഗതകുമാരിയും പ്രകൃതി സംരക്ഷണ സമിതിയും പ്രതിരോധമുയർത്തി.
പലപ്പോഴും വികസനവിരോധിയെന്ന് ആക്ഷേപിക്കപ്പെട്ടു. ഒലിപ്പാറയിൽ മരംവെട്ടു തടയാനെത്തിയപ്പോൾ മാരകായുധങ്ങളുമായി വളഞ്ഞ അക്രമികൾ സമരസംഘത്തിലുള്ളവരെ മർദിച്ചു. ഇതിനൊക്കെ കയ്യേറ്റക്കാർക്ക് ചില രാഷ്ട്രീയക്കാരുടെയടക്കം പിന്തുണയുമുണ്ടായി. എന്നിട്ടും സുഗതകുമാരി പിന്നോട്ടു പോയില്ല. അതേസമയം, അക്രമമരുതെന്ന് അവർ തനിക്കൊപ്പമുള്ളവരോടു കർശനമായിപ്പറഞ്ഞു. കാരണം അക്രമത്തെ അഹിംസ കൊണ്ടു നേരിട്ട ഗാന്ധിജിയായിരുന്നു അവരുടെ മാർഗദീപം.
സുഗതകുമാരി എന്ന കവയിത്രിയെ മലയാളം ഇരുകൈയും കൈനീട്ടിയാണ് സ്വീകരിച്ചെങ്കിൽ സാമൂഹിക പ്രവർത്തനത്തിന്റെ പേരിൽ നടത്തിയ പോരാട്ടങ്ങൾ ഒട്ടേറെ ശത്രുക്കളെ സ്ൃഷ്ടിച്ചു. മണ്ണിനെ മലിനമാക്കിയവർക്കും കാടിന്റെ അന്തകർക്കും പരിസ്ഥിതിയെ വിഷമയമാക്കിയവർക്കുമെതിരെ കവിതകളിലൂടെ മാത്രമല്ല സമരകാഹളം ഉയർത്തി പൊതുസമൂഹത്തിന്റെ ശ്രദ്ധ വിളിച്ചുണർത്തി.
സുഗതകുമാരിക്കെതിരായ അപവാദ പ്രചാരണങ്ങളായിരുന്നു ഇതിന്റെ മറുപുറം. എന്നാൽ കുളം വറ്റിച്ചു മണ്ണിട്ടുയർത്തി മണിമേടകൾ പണിയുന്നതിനെയും, കാട് വെട്ടിത്തെളിച്ച് മണ്ണ് പിടിച്ചടക്കാനുള്ള നീക്കങ്ങളെയും അരുതെന്ന് ശബ്ദമുയർത്തി സുഗതകുമാരി ചെറുത്തുകൊണ്ടിരുന്നു. അതിന്റെ പേരിലുള്ള വിമർശനങ്ങളെ പുരസ്‌കാരമായി കണ്ടു കവയിത്രി. അവരുടെകൂടി നിരന്തരവും നിർഭയവുമായ പ്രവർത്തനങ്ങളുടെ ഫലമായാണ് പാരിസ്ഥിതിക ജാഗ്രത മലയാളത്തിൽ വേരുറപ്പിച്ചത്.
ഹരിതാവബോധം സൃഷ്ടിക്കാൻ ശ്രമിച്ച കവികളെ പല പേരിൽ പലരും കളിയാക്കി. അങ്ങനെയാണ് സുഗതകുമാരിയും സൈലന്റ്വാലി കവി എന്നറിയപ്പെട്ടത്. പാരിസ്ഥിതികാവബോധത്തിനു വിത്തിട്ട താനുൾപ്പെട്ട കവികളുടെ തീവ്രയത്നത്തിന്റെ ധന്യതയെ ഇരുപതിറ്റാണ്ടുകൾക്കു ശേഷം അവസാന കവിതാ സമാഹാരത്തിൽ സുഗതകുമാരി ഓർമിക്കുന്നുണ്ട്: സൈലന്റ് വാലിയിൽ വീണ്ടും. കവി യാത്രയായാലും പ്രകൃതിയെ നെഞ്ചോടു ചേർത്ത ആ കവിതകൾ മലയാളത്തിന്റെ മണ്ണിൽനിന്നു വിടവാങ്ങുന്നില്ല. മരത്തിൽ, ചെടിയിൽ, പൂവിൽ, മൊട്ടിൽ, മഴയിൽ, ആകാശത്തും ഭൂമിയിലും ആ ശബ്ദം എന്നും ഉയർന്നുകേൾക്കും.
മറുനാടന് ഡെസ്ക്