- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണം ആത്മഹത്യകളുടെ എണ്ണം പെരുകുന്നു: അഞ്ച് വർഷത്തിനിടെ രാജ്യത്ത് മുപ്പതിനായിരത്തിലധികം പേർ ആത്മഹത്യ ചെയ്തതിന് പിന്നിൽ ദാമ്പത്യ തകർച്ച
കൊച്ചി: വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണം രാജ്യത്ത് ആത്മഹത്യകളുടെ എണ്ണം പെരുകുന്നു. അഞ്ച് വർഷത്തിനിടെ രാജ്യത്ത് മുപ്പതിനായിരത്തിലധികം പേർ ആത്മഹത്യ ചെയ്തതിനു പിന്നിൽ ഇതാണ് കാരണമെന്നാണ് എൻ.സി.ആർ.ബി. റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ആക്സിഡന്റൽ ഡെത്ത് ആൻഡ് സൂയ്സൈഡ്സ് ഇൻ ഇന്ത്യ എന്ന പഠന റിപ്പോർട്ടിലാണ് വിവരം.
2016 മുതൽ 2020 വരെ 36,872 പേരാണ് വിവാഹ ജീവിതത്തിലെ പ്രശ്‌നം കാരണം ആത്മഹത്യ ചെയ്തത്. വിവാഹ ബന്ധം വേർപെടുത്തിയ 2,688 പേരാണ് ഈ കാലത്ത് ആത്മഹത്യ ചെയ്തത്. ഇതിൽ സ്ത്രീകളാണ് കൂടുതൽ. സ്ത്രീധനവും പങ്കാളിയുമായുള്ള അസ്വാരസ്യങ്ങളും വിവാഹേതര ബന്ധങ്ങളുമാണ് ജീവിതം അവസാനിപ്പിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളാൽ 2016 മുതൽ 2020 വരെ 21,750 സ്ത്രീകളും 16,021 പുരുഷന്മാരുമാണ് ആത്മഹത്യ ചെയ്തത്. 9,385 വനിതകൾ സ്ത്രീധന പ്രശ്‌നങ്ങൾ മൂലവും ആത്മഹത്യ ചെയ്തു. ഡിവോഴ്സ്, വിവാഹേതര ബന്ധങ്ങൾ എന്നിവയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നവരിൽ പുരുഷന്മാരാണ് കൂടുതൽ. 2020-ൽ മാത്രം 287 പുരുഷന്മാരാണ് ഇതിനെ തുടർന്ന് ജീവനൊടുക്കിയത്.
2020-ൽ മാത്രം രാജ്യത്ത് 1,53,052 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. 2019-നെക്കാൾ 8.7 ശതമാനം കൂടുതലാണിത്. ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തത്. 19,909 പേരാണ് അവിടെ ആത്മഹത്യ ചെയ്തത്. 2018, 2019, 2020 വർഷങ്ങളിൽ ആത്മഹത്യ നിരക്ക് ഉയർന്ന അഞ്ച് സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്. 2018-ൽ (23.5 ശതമാനം) നാലാം ഇടവും 2019 (24.3 ശതമാനം), 2020-ൽ (24 ശതമാനം) അഞ്ചാം ഇടവുമാണ് കേരളത്തിനുള്ളത്.
കുടുംബത്തിലെ അസ്വാരസ്യങ്ങൾ 33.6 ശതമാനവും ആരോഗ്യ പ്രശ്നങ്ങൾ 18 ശതമാനവും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ട്. ആറ് ശതമാനം ലഹരി മൂലവും അഞ്ച് ശതമാനം വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങൾ മൂലവുമാണ്.