- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാവരോടും എനിക്ക് സ്നേഹം മാത്രം; പക്ഷേ അവൾ ഞങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുമ്പോൾ ആണ് പ്രശ്നം വരുന്നത്; എന്റെ തണ്ടാരുന്റെ കൈ അങ്ങനെ ആകാൻ കാരണം അവൾ ആണ് ': കൊച്ചി എടവനക്കാട് മക്കൾക്ക് വിഷം നൽകിയ ശേഷം വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ആത്മഹത്യാക്കുറിപ്പിലെ സൂചനകൾ
കൊച്ചി: അമ്മയും മൂന്ന് മക്കളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുവതി മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. എടവനക്കാട് അണിയിൽ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനലിന്റെ ഭാര്യ വിനീത (24), മക്കളായ സവിനയ്(4), ശ്രാവൺ(2), സാന്ദ്ര (നാലുമാസം) എന്നിവരാണു മരിച്ചത്. ഭർത്താവ് സനലിന് ഒരു യുവതിയുമായി ബന്ധമുണ്ടെന്നും ആ യുവതി സനലിനോട് അമിതമായ സ്നേഹം പ്രകടിപ്പിക്കുന്നു എന്ന കാരണം മൂലമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യം സൂചിപ്പിക്കുന്ന വാക്കുകൾ വിനീത തന്റെ കൈപ്പടയിൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.
തന്റെ ഭർത്താവിനോട് അമിതമായി ആ യുവതി കാണിക്കുന്ന അടുപ്പം ഇഷ്ടമല്ലെന്നും വിനീതയുടെയും സനിലിന്റെയും സ്വർഗ്ഗത്തിലെ കട്ടുറുമ്പാണ് യുവതിയെന്നും പേരുൾപ്പെടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. യുവതി മൂലമാണ് തനിക്ക് എപ്പോഴും ദേഷ്യം വരുന്നതെന്നും അവർ മൂലമാണ് തന്റെ ഭർത്താവിന്റെ കയ്യിൽ മുൻപ് പരിക്ക് പറ്റിയതെന്നും പറയുന്നു. മരണത്തിൽ ആർക്കും പങ്കില്ലെന്നും വിനീത പറയുന്നുണ്ട്.
ആത്മഹത്യാ കുറിപ്പ് ഇങ്ങനെയാണ് :
'എല്ലാവരോടും എനിക്ക് സ്നേഹം മാത്രമേയുള്ളൂ. ആരോടും ഒരു പരിഭവവും ഇല്ല . പിന്നെ എനിക്ക് ദേഷ്യം വരുന്നത് എന്റെ തണ്ടാരുവിന്റെ കാര്യത്തിൽ മറ്റൊരു പെണ്ണ് ഇടപെടുമ്പോൾ ആണ്. അത് .......(യുവതി) ആണ്. ഞാനും എന്റെ തണ്ടാരുവും തമ്മിൽ യാതൊരു പ്രശ്നവും ഇല്ല. പക്ഷേ അവൾ ഞങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുമ്പോൾ ആണ് പ്രശ്നം വരുന്നത്. എന്റെ തണ്ടാരുന്റെ കൈ അങ്ങനെ ആകാൻ കാരണം അവൾ ആണ്. കുഞ്ഞുമോൾ കരയുന്നു. ബാക്കി എഴുതാം .പിന്നെ എന്റെ മരണത്തിന് ഞാൻ മാത്രം ആണ് കാരണം. ഞങ്ങ.. പോണ് ടാ.. തണ്ടാരൂ...'
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് വിനീതയും കുട്ടികളും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ ഭർത്താവിന്റെ അനിയനും കുടുംബവും മാതാപിതാക്കളും മറ്റും ചേർന്ന് 11 കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയിൽ സന്തോഷത്തോടെയാണ് വിനീത എല്ലാവരോടും സംസാരിച്ചത്. പിന്നീട് രാത്രിയിൽ ഉറങ്ങാൻ നേരം ഭർത്താവ് സനിൽ ഹാളിലാണ് കിടന്നിരുന്നത്. സനിലിന്റെ ഒപ്പം മൂത്ത മകൻ സവിനയ് കിടന്നിരുന്നു. എന്നാൽ സനിലിന് പുലർച്ചെ കടലിൽ മീൻ പിടിക്കാൻ പോകണ്ടതല്ലേ എന്ന് പറഞ്ഞ് മകനെ എടുത്ത് വിനീത മുറിയിലേക്ക് പോയി. പിന്നീട് പുലർച്ചെ കടലിൽ പോകാനായി സനിൽ എഴുന്നേറ്റ് മുറി തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ബലമായി തള്ളിതുറന്നപ്പോൾ വിനീത ഫാൻ തൂക്കിയിരുന്ന കൊളുത്തിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. അപ്പോഴേക്കും കുട്ടികൾ ഉൾപ്പെടെ ജീവൻ പോയിരുന്നു.
5 വർഷം മുമ്പായിരുന്നു സനിലിന്റെയും വിനീതയുടെയും വിവാഹം. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായതിനാൽ വീട്ടുകാർ ആദ്യം എതിർപ്പായിരുന്നു. വിവാഹ ശേഷം സന്തോഷത്തോടെയാണ് ഇരുവരും കഴിഞ്ഞു പോന്നത്. കൂട്ടു കുടുംബമായതിനാൽ വീട്ടിൽ നിന്നും മാറി താമസിക്കാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരു യുവതിയുമായുള്ള ബന്ധം ആരോപിച്ച് ഇരുവരും തമ്മിൽ ഇടക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇത് പരിഹരിച്ച മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടയിലാണ് വിനീത കടുംകൈ ചെയ്തിരിക്കുന്നത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാ കുറിപ്പിൽ പറയുന്ന യുവതിയുമായി സനിലിന് മറ്റ് തരത്തിലുള്ള ബന്ധമില്ലെന്നാണ് പറയുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം ഗൗരവമായി എടുത്ത് അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
രാവിലെ 11 മണിയോടെ നാലു മൃതദേഹങ്ങളും ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹങ്ങൾ കോവിഡ് പരിശോധനയ്ക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റൂറൽ എസ്പി കെ കാർത്തിക് അറിയിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.