തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യാനിരക്കിൽ വീണ്ടും വർധന. കഴിഞ്ഞ വർഷം 8,556 പേരാണ് ജീവനൊടുക്കിയത്. ഇതിൽ 6,668 പേർ പുരുഷന്മാരും 1,888 പേർ സ്ത്രീകളുമാണ്. ദേശീയ ക്രൈെ റെക്കോഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവുംകൂടിയ ആത്മഹത്യനിരക്കുള്ള നഗരം കൊല്ലമാണ് (41.2). കൊല്ലത്ത് 457 പേരാണ് 2019-ൽ ജീവനൊടുക്കിയത്. ഇതിൽ 363 പേർ പുരുഷന്മാരാണ്. സ്ത്രീകൾ- 94. 2018-ൽ 393 പേരാണ് ഇവിടെ ജീവനൊടുക്കിയത്.

നഗരങ്ങളിലെ ആത്മഹത്യാനിരക്കിന്റെ ദേശീയ ശരാശരി 13.9 ആണ്. 2019-ൽ സംസ്ഥാനത്ത് തൊഴിൽരഹിതരായ 1963 പേരാണ് ജീവനൊടുക്കിയത്. രാജ്യത്ത് ആത്മഹത്യാനിരക്ക് കൂടിയ സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനത്താണ് കേരളം. ലക്ഷത്തിൽ എത്രപേർ ആത്മഹത്യ ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് കണക്ക് എടുക്കുന്നത്. കുടുംബപ്രശ്നങ്ങളും കടബാധ്യതകളുമാണ് ഏറെപ്പേരും ആത്മഹത്യ ചെയ്യാൻ കാരണം.

സംസ്ഥാനത്തെ ആത്മഹത്യയിൽ കൂടുതലും തൂങ്ങിമരണമാണ്. 6,435 പേരാണ് തൂങ്ങിമരിച്ചത്. ഇതിൽ 5,225 പേർ പുരുഷന്മാരാണ്. 979 പേർ വിഷംകഴിച്ച് മരിച്ചു. തീവണ്ടിക്ക് തലവെച്ച് മരിച്ചത് 83 പേരാണ്. 2019-ൽ രാജ്യത്തെ ആകെ ആത്മഹത്യയുടെ എണ്ണം 1,39,123.

കേരളത്തിലെ ആത്മഹത്യാനിരക്ക്

2017- 22.6

2018- 23.5

2019- 24.3

ആത്മഹത്യകളുടെ എണ്ണം

2018- 8,237

2019- 8,556

കൊല്ലത്ത് 457 പേർ

കൊല്ലത്ത് 457 പേരാണ് 2019-ൽ ജീവനൊടുക്കിയത്.

മറ്റ് നഗരങ്ങളിൽ

(2018-ലെ കണക്ക് ബ്രാക്കറ്റിൽ)

തൃശ്ശൂർ- 405 (359)

തിരുവനന്തപുരം- 331 (319)

കോഴിക്കോട്- 258 (253)

കൊച്ചി- 222 (179)

കണ്ണൂർ- 156 (148)

മലപ്പുറം- 125 (101)

961 വീട്ടമ്മമാർ

2019-ൽ 961 വീട്ടമ്മമാർ കേരളത്തിൽ ആത്മഹത്യ ചെയ്തു. ഇതിന് പുറമേ, പ്രൊഫഷണലുകളും സർക്കാർ ജീവനക്കാരുമുൾപ്പെടെ 845 പേരും ജീവനൊടുക്കിയവരിലുൾപ്പെടുന്നു. ഇതിൽ 760 പേർ പുരുഷന്മാരാണ്. ആത്മഹത്യ ചെയ്തവരിൽ തൊഴിൽരഹിതരുടെ എണ്ണം 1,963. ഇതിൽ 1,559-ഉം പുരുഷന്മാർ.

418 വിദ്യാർത്ഥികൾ

വിദ്യാർത്ഥികളുടെ ആത്മഹത്യയും കൂടി. 418 പേരാണ് ജീവനൊടുക്കിയത്. 211 ആൺകുട്ടികളും 207 പെൺകുട്ടികളും. 2018-ൽ ഇത് 375 പേരായിരുന്നു.

550 വ്യാപാരികൾ

വ്യാപാരികളുടെ ആത്മഹത്യയിൽ മുൻകാലത്തേക്കാൾ നേരിയ കുറവുണ്ട്. 2018-ൽ ഇത് 646 ആയിരുന്നു.