തിരുവനന്തപുരം: ഫെയ്സ് ബുക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപ്പെട്ട് മരണമടഞ്ഞ പൊഴിയൂർ പുളിമൂട് വിളയിൽ പ്രവീണിന്റെ ഭാര്യ സുമിത്രാ പ്രവീൺ(34) എട്ടുമാസങ്ങൾക്ക് മുൻപ് വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്ന് ബന്ധുക്കൾ മറുനാടനോട് പറഞ്ഞു.

ഫെയ്സ് ബുക്ക് സുഹൃത്തായ അൻസിലിനെ ചൊല്ലി ഭർത്താവുമായി വഴക്കുണ്ടാകുകയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അൻസിലിനെ കഴക്കൂട്ടം എ.സി.പി വിളിച്ചു വരുത്തി താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെ 2020 ഡിസംബറിൽ സുമിത്ര ഭർതൃ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

തുമ്പയിൽ തന്നെയുള്ള ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി സുമിത്ര താമസിക്കുകയും ഈഞ്ചക്കലിലുള്ള മെഡിക്കൽ സ്റ്റോറിൽ ജോലിക്കും പോയിരുന്നു. ഈ വിവരം മാത്രമേ ഭർത്താവ് പ്രവീണിനറിയൂ. പിന്നീട് ഇന്ന് പുലർച്ചെ പന്തളം പൊലീസ് സ്റ്റേഷനിൽ നിന്നും വിവരം അറിയിക്കുമ്പോഴാണ് അൻസിലിനൊപ്പം സഞ്ചരിക്കവെ അപകടത്തിൽ സുമിത്ര മരിച്ചു എന്നറിയുന്നത്.

പ്രവീൺ സുമിത്രയെ വിവാഹം കഴിക്കുന്നത് 2007 ലാണ്. ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. സൗഹൃദം തെറ്റിദ്ധരിച്ച് നാട്ടുകാർ ഇരുവരും പ്രണയത്തിലാണെന്ന് നാട്ടിൽ പറഞ്ഞു പരത്തി. ഇതിനെ തുടർന്ന് വീട്ടുകാർ വലിയ പ്രശ്നമുണ്ടാക്കിയതോടെ സുമിത്ര ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി. ഈ അവസരത്തിൽ പ്രവീൺ സുമിത്രയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും രജിസ്റ്റർ വിവാഹം നടത്തുകയുമായിരുന്നു.

വിവാഹത്തിന് ശേഷം ഇവർക്ക് ഒരു മകൾ ജനിച്ചു. പിന്നീട് 2017 ൽ പ്രവീൺ ജോലിക്കായി വിദേശത്തേക്ക് പോയി. ഈ അവസരത്തിലാണ് അൻസിലിനെ ഫെയ്സ് ബുക്ക് വഴി സുമിത്ര പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലായതോടെ ഈ വിവരം അൻസിൽ തന്നെ പ്രവീണിനെ അറിയിച്ചു. ഇതറിഞ്ഞ പ്രവീൺ ആകെ തകർന്നു പോയി. സുമിത്രയെ വിളിച്ച് ഈ ബന്ധത്തിൽ നിന്നും പിന്മാറണമെന്നും മകളുടെ ഭാവി ഇല്ലാതാക്കരുതെന്നും അപേക്ഷിച്ചു.

ഇത് തുടർന്ന് ഇനി ബന്ധം മുന്നോട്ട് കൊണ്ടു പോകില്ലെന്ന് സുമിത്ര ഉറപ്പ് നൽകി. കൊറോണ വ്യാപിച്ചതോടെ വിദേശത്തെ തൊഴിൽ നഷ്ട്ട്ടപ്പെട്ട് പ്രവീൺ കഴിഞ്ഞ സെപ്റ്റംബറിൽ നാട്ടിലേക്ക് തിരികെ എത്തി. എല്ലാ മാസവും കൃത്യമായി 20,000 രൂപയ്ക്കടുത്ത് തുക സുമിത്രയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ഈ തുക കൂടി എടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി ഇനി നാട്ടിൽ നിൽക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു പ്രവീൺ.

എന്നാൽ ബാങ്കിൽ നിക്ഷേപിച്ച തുക താനെടുത്ത് ചെലവഴിച്ചു എന്ന് സുമിത്ര പറഞ്ഞു. ഇതോടെ പ്രവീണിന്റെ പിതാവ് ഓട്ടോ വാങ്ങാനുള്ള പണം നൽകുകയും ഈ പണം ഉപയോഗിച്ച് ഓട്ടോ വാങ്ങുകയും ചെയ്തു. ഇതിനിടയിൽ സുമിത്രയുടെ ഫോണിൽ അൻസിലിന്റെ സന്ദേശങ്ങൾ കണ്ടതോടെ വീണ്ടും പ്രശ്നങ്ങളുണ്ടായി. ഇരുവരും തമ്മിൽ ഇപ്പോഴും ബന്ധം തുടരുന്നുവെന്ന് മനസ്സിലാക്കിയതോടെ കഴക്കൂട്ടം എ.സി.പിക്ക് മുന്നിൽ പ്രവീൺ പരാതിയുമായെത്തി.

പരാതിയെ തുടർന്ന് അന്സിലിനെ വിളിച്ചു വരുത്തി താക്കീത് നൽകി പറഞ്ഞയക്കുകയും ചെയ്തു. എന്നാൽ പിന്നീട് സുമിത്ര വീട്ടിൽ നിൽക്കാതെ ഇറങ്ങിപ്പോകുകയും പെയിങ് ഗസ്റ്റായി താമസിക്കുകയുമായിരുന്നു. പേയിങ് ഗസ്റ്റായി താമസിക്കുമ്പോഴും ഭർത്താവ് പ്രവീണിനെ ഫോൺ വഴി ബന്ധപ്പെടുമായിരുന്നു. കുറച്ചു നാൾ ഇങ്ങനെ നിൽക്കുമ്പോൾ പഴയ ബന്ധം അവസാനിക്കുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു പ്രവീൺ. എന്നാൽ പ്രതീക്ഷകളൊക്കെ അസ്ഥാനത്താക്കുന്ന വാർത്തയായിരുന്നു പുറത്തു വന്നത്.

സുമിത്രയുടെ മൃതശരീരം തനിക്ക് കാണേണ്ട എന്നാണ് പ്രവീൺ പൊലീസിനോട് പറഞ്ഞത്. എന്നാൽ പതിനാലുകാരിയായ മകളെ അന്ത്യ കർമ്മം നടത്താൻ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭാര്യയുടെ ദുർവിധി ഓർത്ത് പരിതപിക്കുകയാണ് ഇയാൾ ഇപ്പോൾ. എംസി റോഡിൽ പന്തളം കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവിൽ ഇന്ന് പുലർച്ചെ അഞ്ചിനാണ് സുമിത്രയും സുഹൃത്ത് അൻസിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവിൽ വച്ച് റോഡിൽ തെന്നി മറിഞ്ഞ് അപകടമുണ്ടായത്.

റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന കൊറിയർ വണ്ടി കയറി ഇറങ്ങി. ഉടൻ തന്നെ മരണവും സംഭവിച്ചു. അൻസിലിന്റെ കാലൊടിഞ്ഞ് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.