കണ്ണുർ:പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പയ്യന്നൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കെ നായരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. അമ്മയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് വിജീഷും പിതാവും വീട്ടിൽ ക്വാറന്റീ നിലായിരുന്നു. ഇയാൾക്ക് നെഗറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് പൊലിസ് നൽകുന്ന സൂചന. വെള്ളൂർ ചേനോത്തെ വിജീഷിന്റെ ഭാര്യ കോറോത്തെ കെ വി സുനിഷ (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തു വന്ന ശബ്ദ സന്ദേശമാണ് മരിച്ച യുവതിയുടെ വീട്ടുകാരെ കേസ് നൽകാൻ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് ഭർതൃവീട്ടിലെ കുളിമുറിയിൽ സുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. ഭർത്താവും സഹോദരനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേസ്.

സുനിഷയുടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഇവരുടെ ഫോണും അന്വേഷക ഉദ്യോഗസ്ഥൻ എസ്എച്ച്ഒ മഹേഷ് കെ നായർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരണസമയത്ത് സുനിഷ കോവിഡ് ബാധിതയായിരുന്നു. ഇൻക്വസ്റ്റ് സമയത്ത് ഇത്തരം വോയ്സ് റെക്കോഡുകളെക്കുറിച്ച് ബന്ധുക്കൾ മൊഴി നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിന്റെ അമ്മ കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വിജീഷും അച്ഛനും അസുഖബാധിതനായ സഹോദരനും വീട്ടിൽ സമ്പർക്കവിലക്കിലുമായിരുന്നു അതിനാൽ മൊഴിയെടുക്കൽ വൈകിയത് സുനിഷയുടെ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങളും മറ്റും ശേഖരിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഡിവൈഎസ്‌പി കെ ഇ പ്രേമാനന്ദൻ പറഞ്ഞു.

ഇതിനിടെ സംഭവത്തിൽ തനിക്കും വീട്ടുകാർക്കുമെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നും വിശദ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് വിജീഷ് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

കോളേജ് പഠന കാലത്താണ് സുനിഷയുമായി പ്രണയത്തിലായത്. ആ സമയത്തുതന്നെ ചെറിയ കാര്യങ്ങൾക്കുപോലും അമിതമായി ക്ഷോഭിച്ചിരുന്നു. അവരുടെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. തങ്ങളെ അവഗണിച്ച് ഒളിച്ചോടിയവളെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ബന്ധുക്കൾ ഭീഷണി മുഴക്കിയിരുന്നു. വിവാഹശേഷം വീട്ടിലും ബന്ധുക്കൾക്കിടയിലും അകാരണമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെങ്കിലും താനും കുടുംബവും അവളെ സംരക്ഷിച്ചു.

അതിനിടെ വീട്ടുകാരെ ബന്ധപ്പെട്ട് ജോലി ആവശ്യത്തിന് സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. അത് സുനിഷക്ക് മാനസികാഘാതം ഉണ്ടാക്കിയിരുന്നു. ജൂൺ ഒന്നിന് അമ്മാവന്റെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോൾ മൃതദേഹം കാണാൻപോലും അനുവദിച്ചില്ല.

ഇതിനിടെ സുനിഷയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ വിളിപ്പിച്ചപ്പോഴും തന്നോടൊപ്പം ജീവിക്കാനാണ് തയ്യാറായത്. അവളെ ജീവിക്കാൻ അനുവദിക്കില്ലെന്ന നിലപാടെടുത്ത വീട്ടുകാർ ഇപ്പോൾ തനിക്കും കുടുംബത്തിനുമെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നും- വിജീഷ് ആരോപിച്ചിരുന്നു