കോഴിക്കോട്: സംസ്ഥാനത്ത് തരംഗമായി മാറിയ വൺഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആർഎസ്എസ് സൃഷ്ടിയാണെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. സുപ്രഭാതം ദിനപത്രമാണ് ഈ റിപ്പോർട്ട് ഉദ്ധരിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇല്ലാത്ത ശത്രുവിനെയും അയഥാർത്ഥ കാരണങ്ങളെയും ചൂണ്ടിക്കാട്ടി ജനങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ഈ മൂവ്‌മെന്റ് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതു സമൂഹത്തിൽ ആഎർഎസ്എസ് ലേബൽ ഇല്ലാത്തവരും എന്നാൽ ആർഎസ്എസിൽ ശക്തമായ സ്വാധീനമുള്ളവരുമാണ് ഈ സംഘത്തെ ഇപ്പോൾ നിയന്ത്രിക്കുന്നതും നിർദ്ദേശങ്ങൾ നൽകുന്നതുമെന്നുംസംസ്ഥാന ഇന്റലിജൻസ് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിനെ ഉദ്ധരിച്ചുള്ള വാർത്തയിൽ പറയുന്നു.

ആകർഷണീയവും വ്യക്തിപരമായി ഓരോരുത്തർക്കും നേട്ടമുണ്ടാകുന്നതാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന മുദ്രവാക്യങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് വഴി ഗ്രാമങ്ങളിൽ പോലും ഈ മൂവ്മെന്റിന് വലിയ സ്വാധീനമുണ്ടായിരിക്കുന്നു.ആർഎസ്എസിൽ തന്നെയുള്ള ഒരു പ്രത്യേക വിഭാഗമാണ് ഇവർക്ക് നിർദ്ദേശങ്ങൾ നൽകുന്നത്. ഏകീകൃത പെൻഷൻ എന്ന ആശയത്തിലെ ജനകീയതയെ മുതലെടുത്ത് തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാനുള്ള ആർഎസ്എസ് പദ്ധതിയാണ് ഇതിന് പിന്നിൽ.

പൊതുസമൂഹത്തിൽ ആർഎസ്എസ് മുഖമായി പ്രത്യക്ഷപ്പെടാത്തവരും എന്നാൽ ആർഎസ്എസിനുള്ളിൽ വ്യക്തമായ സ്വാധീനമുള്ളവരുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇവരുടെ നിയന്ത്രണത്തിലാണ് ഈ സംഘം പ്രവർത്തിക്കുന്നത്. ദീർഘനാളത്തേക്കുള്ളൊരു പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കടുത്ത സംഘപരിവാർ വിരോധികളെ പോലും ഈ മൂവെമന്റുമായി അടുപ്പിക്കാൻ ഇതിനോടകം ഇവർക്കായിട്ടുണ്ട്.

ഡൽഹിയിൽ എഎപി നടത്തിയതുപോലുള്ളൊരു രാഷ്ട്രീയ അട്ടിമറിയാണ് ഇവർ ലക്ഷ്യമിടുന്നത്. തുച്ഛമായ പെൻഷൻ കൈപറ്റുന്നവരെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഇവർ തങ്ങൾക്കൊപ്പം നിർത്തുകയാണ്. 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ നൽകണമെന്നും അതിനായുള്ള ഫണ്ടിലേക്കായി സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന പെൻഷൻ തുക പതിനായിരം രൂപയായി ചുരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

2018 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ശതകോടീശ്വരന്മാരായ 119 ആളുകളുടെ കൈകളിലാണ് ഇന്ത്യൻ ആസ്തിയുടെ 77 ശതമാനവും ഉള്ളത്. ഇവരുടെ വരുമാനത്തിന് 1 ശതമാനം സെസ്സ് ഏർപ്പെടുത്തിയാൽ രാജ്യത്തെ 60 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്കും 10000 രൂപയോ അതിൽ കൂടുതലോ പെൻഷൻ നൽകാനാകും. എന്നാൽ വൺഇന്ത്യ വൺപെൻഷൻ മൂവ്മെന്റ് ഈ ഒരു സാധ്യതയെ കുറിച്ച് സംസാരിക്കാത്തത് കോർപറേറ്റ് താത്പര്യങ്ങൾ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള ഒരു സംവാദവും ഉയർന്നു വരരുതെന്ന ജാഗ്രതയുള്ളതു കൊണ്ടാണ്.

2013ന് ശേഷം കേരളത്തിലെ സർക്കാർ സർവ്വീസിൽ പങ്കാളിത്ത പെൻഷനാണ് നടപ്പിലാക്കുന്നതെന്ന വസ്തുതയും ഇവർ മറച്ചുവെക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ വിമർശനങ്ങൾ വരാതിരിക്കാനും ഇവർ ഗ്രൂപ്പുകളിൽ ജാഗ്രതപുലർത്തുന്നതായും സംസ്ഥാന ഇന്റലിജൻസ് സർക്കാറിന് നൽകിയ റിപ്പോർട്ടിനെ ഉദ്ധരിച്ചുള്ള വാർ്ത്തയിൽ പറയുന്നു.