- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർബന്ധിത കുമ്പസാരം വേണമെന്ന വ്യവസ്ഥ മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നു; ഓർത്തോഡോക്സ് - യാക്കോബായ തർക്കത്തിന് പുതു മാനം നൽകി കേരളത്തിൽ നിന്നുള്ള അഞ്ച് വിശ്വാസികളുടെ റിട്ട് ഹർജി; സഭാതർക്കത്തിനും ശബരിമലയ്ക്കും ഒപ്പം മറ്റൊരു വിശ്വാസ പ്രശനവും സുപ്രീംകോടതിയിൽ
ന്യൂഡൽഹി: നിർബന്ധിത കുമ്പസാരം വേണമെന്ന വ്യവസ്ഥ മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കേരളത്തിൽ നിന്നുള്ള ക്രൈസ്തവ സ്ത്രീകൾ സുപ്രീംകോടതിയിൽ. വിശ്വാസികളാണ് ഇവരെല്ലാം. എറണാകുളം സ്വദേശിനികൾ ആയ രണ്ടു പേരും കോലഞ്ചേരി സ്വദേശിനിയും കോട്ടയം സ്വദേശിനിയും തൊടുപുഴ സ്വദേശിനിയുമാണ് പരാതി നൽകിയത്. നിർബന്ധിത കുമ്പസാരത്തിനെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
ഹർജിയിലെ ആവശ്യങ്ങൾ ഭേദഗതി ചെയ്ത് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട ഈ ഹർജി ആദ്യം പരിഗണിക്കേണ്ടത് കേരള ഹൈക്കോടതി ആണെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചു. നിർബന്ധിത കുമ്പസാരം മത വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമാണോ എന്നും, സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആണോയെന്നും കോടതി പരിശോധിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യങ്ങൾ ആദ്യം ഹൈക്കോടതി അല്ലേ പരിഗണിക്കേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.
ശബരിമല ഉൾപ്പടെ ഉള്ള വിഷയങ്ങൾ സുപ്രീം കോടതിയുടെ ഒന്മ്പത് അംഗ ബെഞ്ച് പരിഗണിക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള ക്രൈസ്തവ വിശ്വാസികളായ വനിതകൾ നൽകിയ റിട്ട് ഹർജിയും കോടതിക്ക് പരിഗണിക്കാവുന്നതാണെന്ന് റോഹ്ത്തഗി വാദിച്ചു. മലങ്കര സഭാ ഭരണഘടനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ബി. പി. ജീവൻ റെഡ്ഡി ഉൾപ്പെട്ട ബെഞ്ച് 1995 ൽ പുറപ്പടിവിച്ച വിധിയും, 2017 ൽ ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് പുറപ്പെടുവിച്ച വിധിയിലും ചില വൈരുധ്യങ്ങൾ ഉണ്ട്. അതിനാൽ സുപ്രീം കോടതിയാണ് നിർബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ ചോദ്യം ചെയ്തുള്ള ഹർജി കേൾക്കേണ്ടതെന്നും റോഹ്ത്തഗി വാദിച്ചു.
ഓർത്തോഡോക്സ് -യാക്കോബായ തർക്കം ആണ് ഹർജിക്ക് പിന്നിൽ എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. മലങ്കര സഭാ തർക്കത്തെ കുറിച്ച് എല്ലാം അറിയുന്ന കേരള ഹൈക്കോടതി ആണ് ഈ ഹർജി പരിഗണിക്കേണ്ടതെന്നും അറ്റോർണി ജനറൽ കോടതിയിൽ അഭിപ്രായപ്പെട്ടു. നിർബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന വിഷയങ്ങൾ വ്യക്തിപരവും ഒറ്റപ്പെട്ടതും ആകാം എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. തുടർന്ന് ആണ് ഹർജി ഭേദഗതി ചെയ്ത് നൽകാൻ അനുവദിക്കണം എന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചത്.
ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934 ലെ സഭ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തോഡോക്സ് സഭാ അംഗങ്ങൾ ആയ മാത്യു ടി. മാത്തച്ചൻ, സി.വി. ജോസ് എന്നിവർ നൽകിയ ഹർജിയിൽ സുപ്രീം കോടതി കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു. മലങ്കര ഓർത്തഡോക്‌സ് സിറിയൻ പള്ളിയിലെ നിർബന്ധിത കുമ്പസാരത്തിന്റെ ഭരണഘടനാസാധുത പരിശോധിക്കണമെന്ന ഹർജിക്ക് പുതുമാനം നൽകുന്നതാണ് അഞ്ച് യുവതികളുടെ റിട്ടും.
കേരള മലങ്കര പള്ളിയുടെ 1934ലെ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകളും, ഇന്ത്യൻ ഭരണഘടനയുടെ 21, 25 വകുപ്പുകളും പ്രകാരം വിശ്വാസിയുടെ മേൽ കുമ്പസാരം നിർബന്ധമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു മത്തച്ചൻ, സി.വി ജോസ് എന്നിവർ സുപ്രീംകോടതിയെ സമീപിച്ചത്. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗിക്കുന്നുവെന്നും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും മറയാക്കുന്നുവെന്നുമാണ് ആരോപണം.
ഈ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരുടെ അഭിഭാഷകനോട് നിർദ്ദേശിച്ചെങ്കിലും കെ.എസ് വർഗീസ് കേസിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഈ വിഷയത്തിൽ സിവിൽകോടതികളെയോ കേരളാഹൈക്കോടതിയെ സമീപിക്കാൻ നിയമപരമായ തടസമുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
മറുനാടന് മലയാളി ബ്യൂറോ