ന്യൂഡൽഹി: ഒഡീഷയുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഗ്രാമങ്ങളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനം ഇറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി ആന്ധ്ര സർക്കാരിന് നോട്ടീസയച്ചു. വിജ്ഞാപനം പുറത്തിറക്കുന്നത് തങ്ങളുടെ പ്രദേശം കൈയേറുന്നതിന് തുല്യമാണെന്ന് ഒഡിഷ സർക്കാർ വാദിച്ചതോടെയാണ് ഈ അന്തർസംസ്ഥാന ഭൂമി പ്രശ്‌നം നിലവിൽ വന്നത്.

കോടതി അലക്ഷ്യ ഹർജി അടിയന്തിരമായി പട്ടികയില്പ്ൽടുത്തണമെന്ന് ആവശ്യപ്പെട്ട ഒഡീഷ സർക്കാർ, നിലവിലെ സ്ഥിതി തുടരണമെന്ന കോടതി ഉത്തരവ് ആന്ധ്ര മനപ്പൂർവം ലംഘിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർക്കെതിരേ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നും ഒഡീഷ ആവശ്യപ്പെട്ടു.

വിസിനഗരം ജില്ലാകളക്ടർ മുഡെ ഹരി ജവഹർലാൽ, ആന്ധ്ര ചീഫ് സെക്രട്ടറി ആദിത്യനാഥ് ദാസ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.രമേശ് കുമാർ എന്നിവർക്കെതിരേ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഒഡീഷ ആവശ്യപ്പെട്ടത്.

അതേസമയം ഈ ഗ്രാമങ്ങളിൽ നേരത്തെയും തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെന്ന് ആന്ധ്ര വാദിച്ചിരുന്നു. ഹർജി പരിഗണിച്ച സുപ്രീം കോടതി മറുപടി സമർപ്പിക്കാൻ ആന്ധ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.

കൊട്ടിയ ഗ്രൂപ്പ് ഓഫ് വില്ലേജ് എന്നറിയപ്പെടുന്ന 21 ഗ്രാമങ്ങളുടെ അധികാരപരിധി സംബന്ധിച്ചാണ് ഇരു സംസ്ഥാനങ്ങളും തമ്മിൽ ദീർഘകാലമായി തർക്കമുള്ളത്. കേസിൽ വിധി വരുന്നത് വരെ നിലവിലെ സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി 1968ൽ ഉത്തരവിട്ടിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരം ഒഡീഷ സമർപ്പിച്ച കേസ് 2006 മാർച്ച് 30 ന് കോടതി തള്ളിയിരുന്നു.