ന്യൂഡൽഹി: കർഷക സമരക്കാർ റോഡ് തടഞ്ഞുള്ള പ്രതിഷേധം പാടില്ലെന്ന് സുപ്രീംകോടതി. സമരം നടത്താൻ കർഷകർക്ക് അവകാശമുണ്ട്. അതേസമയം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടരുതെന്ന് കോടതി അഭിപ്രായപ്പെട്ടു.

കർഷക സമരത്തെത്തുടർന്ന് ഗതാഗത തടസ്സം നേരിടുന്നത് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി മോണിക്ക അഗർവാൾ നൽകിയ റിട്ട് ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി പരാമർശം. ജസ്റ്റിസുമാരായ എസ് കെ കൗൾ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാർ, ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകൾ പോംവഴി കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. മാർക്കറ്റിങ് ജോലിയിലേർപ്പെടുന്ന തനിക്ക് ഗതാഗത തടസ്സം മൂലം 20 മിനുട്ടിന്റെ സ്ഥാനത്ത് രണ്ടു മണിക്കൂർ വേണ്ടി വരുന്നുവെന്നും, ഇതോടെ യാത്ര പേടിസ്വപ്നമായി മാറിയെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

പരിഹാരം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൈവശമാണ്. സമരത്തിന്റെ പേരിൽ ഗതാഗത തടസ്സം അനുവദിക്കാനാവില്ല. കർഷക സമരത്തിൽ ഇതുവരെ ഒരു പരിഹാരം കണ്ടെത്താനാവാത്തത് എന്തുകൊണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് കൗൾ ചോദിച്ചു.