ന്യൂഡൽഹി: ക്ഷേത്രത്തിലെ ദൈനംദിന പൂജകളുമായി ബന്ധപ്പെട്ട ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളുമായി ബന്ധപ്പെട്ട ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഇടപെടാൻ കോടതികൾക്ക് കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വ്യവസ്ഥാപിതമായ ആചാരങ്ങളിൽ ക്രമക്കേട് കണ്ടാൽ ഹർജിക്കാരന് കീഴ്ക്കോടതികളെ സമീപിക്കാവുന്നതാണ്.

അല്ലാതെ പൂജകൾ എങ്ങനെ നിർവഹിക്കണം, എങ്ങനെ തേങ്ങയുടയ്ക്കണം എന്നൊന്നും കോടതിക്ക് പറയാനാവില്ല. ഭരണപരമായ കാര്യങ്ങളിൽ ക്രമക്കേട് ഉണ്ടെങ്കിൽ കോടതികൾക്ക് ഇടപെടാവുന്നതാണ്. ക്ഷേത്രത്തിൽ ദർശനവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിലും കോടതികൾക്ക് നിർദ്ദേശം നൽകാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ആചാരം, പൂജ എന്നിവ സംബന്ധിച്ച് ഭക്തന് ഉള്ള സംശയങ്ങൾ നീക്കാൻ തിരുപ്പതി ദേവസ്വത്തിന് ബാധ്യത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് അപ്പുറം ക്ഷേത്രത്തിന്റെ ദൈനം ദിന കാര്യങ്ങളിൽ കോടതി ഇടപെടുന്നത് പ്രായോഗികം അല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.