- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീറ്റ്, ജെഇഇ പരീക്ഷകൾക്ക് മാറ്റമില്ല; നീട്ടിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി; നീണ്ടക്കാലത്തേയ്ക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് കോടതി; എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് കൊണ്ട് പരീക്ഷ നടത്താൻ നിർദ്ദേശം
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം തള്ളിക്കൊണ്ട് സുപ്രീംകോടതി. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്, എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവെയ്ക്കണമെന്ന ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് ഹർജി തള്ളിയത്.
സെപ്റ്റംബറിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടണമെന്ന് ആവശ്യപ്പെട്ട് 11 വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. നീണ്ടക്കാലത്തേയ്ക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് സുപ്രീംകോടതി വിദ്യാർത്ഥികളുടെ ഹർജി തള്ളിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസർക്കാർ അവസാനം തീരുമാനിച്ചത്. എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിൻ പരീക്ഷ സെപ്്റ്റംബർ ഒന്നുമുതൽ ആറുവരെ നടക്കുമെന്നും കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചിട്ടുണ്ട്. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ സെപ്റ്റംബർ 27ന് നടത്താനാണ് തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായി മാറ്റിവെച്ച ശേഷമാണ് നീറ്റ്, ജെഇഇ പരീക്ഷകളുടെ തീയതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത സുപ്രീംകോടതിയെ അറിയിച്ചു. കോവിഡിന്റെ കാലത്ത് എല്ലാം അടച്ചിടാൻ സാധിക്കില്ല. ജീവിതം മുന്നോട്ടുപോകേണ്ടതുണ്ട്. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് കൊണ്ട് മുന്നോട്ടുപോകേണ്ടത് അനിവാര്യമാണ്. ഒരു വർഷം മുഴുവൻ കളയാൻ തയ്യാറാണോ എന്ന് വിദ്യാർത്ഥികളോട് അരുൺമിശ്ര ചോദിച്ചു.