- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണത്തിന് സുപ്രീംകോടതി; വിദഗ്ധ സമിതി രൂപീകരിക്കും; ഉത്തരവ് അടുത്തയാഴ്ച്ച; സമിതി അംഗങ്ങളെ തീരുമാനിക്കാനാണ് കൂടുതൽ സമയമെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: കേന്ദ്രസർക്കാറിനെ കുരുക്കിയയ പെഗസ്സസ് ഫോൺചോർത്തൽ വിവാദത്തിൽ അന്വേഷണത്തിന് ഒരുങ്ങി സുപ്രീംകോടതി. ഫോൺ ചോർത്തൽ അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും. സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഇതുസംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കുമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതി സ്വന്തം നിലയിൽ വിദഗ്ധ സമിതി രൂപീകരിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പല വിദഗ്ധരെയും സമീപിച്ചിരുന്നു. ചിലർ വ്യക്തിപരമായി ബുദ്ധിമുട്ട് അറിയിച്ചതാണ് രൂപീകരണം വൈകാൻ കാരണമെന്നും കോടതി വ്യക്തമാക്കി.
സമിതി അംഗങ്ങൾ സംബന്ധിച്ച് അടുത്തയാഴ്ച ഉത്തരവ് പുറത്തിറക്കുമെന്നും കോടതി അറിയിച്ചു. ഫോൺ ചോർത്തലിന് പെഗസ്സസ് ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വ്യക്തമായ മറുപടി നൽകാതെ കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറി. പെഗസ്സസ് ഉപയോഗിച്ചോ എന്നത് സത്യവാങ്മൂലത്തിലൂടെ പറയാനാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. തുടർന്ന് സത്യവാങ്മൂലം നൽകിയില്ലെങ്കിൽ മറ്റ് കക്ഷികളുടെ വാദം കേട്ട് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകരായ ശശികുമാർ, എൻ റാം, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ തുടങ്ങി നിരവധി പേരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മറുനാടന് ഡെസ്ക്