- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർമാർക്കിടയിൽ വിവേചനം പാടില്ല; എല്ലാ വിഭാഗം ഡോക്ടർമാർക്കും തുല്യശമ്പളം നൽകണം; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി; കോടതിയുടെ പരാമർശം ഡൽഹിയിലെ ആയുഷ് വിഭാഗം വിഭാഗം ഡോക്ടർമാർ നൽകിയ ഹർജ്ജി പരിഗണിക്കവെ
ന്യൂഡൽഹി: രാജ്യത്തെ ഡോക്ടർമാർക്കിടയിൽ വിവേചനം പാടില്ലെന്നും എല്ലാ വിഭാഗത്തിനും തുല്യശമ്പളം നൽകണമെന്നും സുപ്രീംകോടതി.ഉത്തരഡൽഹിയിലെ ഒരു സംഘം ആയുഷ് ഡോക്ടർമാർ നടത്തിയ നിയമപോരാട്ടമാണ് സുപ്രീംകോടതി ഉത്തരവിന് കാരണമായത്. ആയുഷ് ആയാലും അലോപ്പതി ആയാലും ഡോക്ടർമാർ ചെയ്യുന്ന ജോലി ഒരേപോലെയാണെന്ന് കോടതി പറഞ്ഞു. ഭരണഘടനയുടെ 14-ാം അനുച്ഛേദം പ്രകാരം പൗരന്മാർക്കിടയിൽ ഒരു തരത്തിലുമുള്ള വിവേചനവും പാടില്ല. എന്നാൽ, ചില സാഹചര്യങ്ങളിൽ വിവേചനം അനിവാര്യമാണ്. ഈ കേസിൽ അത്തരത്തിലുള്ള വിവേചനം ആവശ്യമില്ലെന്നും വിധിയിൽ പറയുന്നു.വിധി വന്നതോടെ സർക്കാർ സർവീസിൽ ആയുർവേദം, ഹോമിയോ, യുനാനി, സിദ്ധ എന്നീ വിഭാഗങ്ങളിലെ(ആയുഷ് വിഭാഗം) ഡോക്ടർമാർക്ക് അലോപ്പതി ഡോക്ടർമാർക്ക് തുല്യമായ ശമ്പളം നൽകാൻ ഇനി സംസ്ഥാനങ്ങൾ നിർബന്ധിതരാകും.
ചില സംസ്ഥാനങ്ങളിൽ അന്തരം നിലനിൽക്കുമ്പോൾ മറ്റുചിലയിടങ്ങളിൽ തുല്യമായ ശമ്പളം നൽകിവരുന്നുണ്ട്.കേന്ദ്രസർവീസിൽ നിലവിൽ എല്ലാ ചികിത്സാപദ്ധതിയിലും ഒരേ കേഡറിലുള്ള ഡോക്ടർമാരുടെ ശമ്പളം തുല്യമാണ്. ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സുപ്രീംകോടതി വിധിക്കു മുമ്പുതന്നെ ശമ്പളതുല്യത നിലവിലുണ്ട്. വിധി വന്നശേഷം ബിഹാർ മന്ത്രിസഭ ഇതു നടപ്പാക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.തുല്യശമ്പളം നൽകുമ്പോൾ കേസിൽ കക്ഷികളായ ഡോക്ടർമാർക്ക് എട്ടാഴ്ചക്കകം കുടിശ്ശികത്തുക നൽകണമെന്നും ഉത്തരവുണ്ട്. ട്രിബ്യൂണൽ വിധി വന്ന ദിവസം മുതലുള്ള കുടിശ്ശികത്തുകയാണ് നൽകേണ്ടത്.
കേരളത്തിൽ ഒരു ആയുർവേദഡോക്ടർ 15 വർഷം ജോലി ചെയ്യുമ്പോഴാണ് അലോപ്പതി ഡോക്ടർമാരുടെ എൻട്രി കേഡറിലെ ശമ്പളത്തിനൊപ്പം എത്തുക. ശമ്പളക്കമ്മിഷനിലും അലോപ്പതിയെയും ആയുർവേദത്തെയും രണ്ടായിട്ടാണ് പരിഗണിക്കുന്നത്. തമിഴ്‌നാട്ടിലും കർണാടകത്തിലും കേരളത്തിലുള്ളയത്ര അന്തരം ഇരു വിഭാഗങ്ങളും തമ്മിലില്ല. 55,200-1,15,300 എന്നതാണ് ആയുർവേദ ഡോക്ടറുടെ തുടക്ക സ്‌കെയിൽ. അലോപ്പതിയിൽ ഇത് 63,700-1,23,700 ആണ്.ആയുർവേദത്തോട് വിവേചനം പാടില്ലെന്ന് ദേശീയ ആരോഗ്യനയത്തിലും പറഞ്ഞിട്ടുള്ളതാണ്. ശമ്പളത്തിൽ വലിയ വ്യത്യാസമുള്ള കേരളത്തിൽ തുല്യത നടപ്പാക്കണമെന്നാണ് ഈ മേഖലയിലെ ഡോക്ടർമാർ പറയുന്നത്.
ഡൽഹിയിലെ ആയുഷ് വിഭാഗം ഡോക്ടർമാർ ഹർജ്ജിയുമായി സമീപിച്ചപ്പോൾ ഇവരുടെ ആവശ്യം ആദ്യം ശരിവച്ചത് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലായിരുന്നു. എന്നാൽ ഈ വിധിക്കെതിരേ ഡൽഹി ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ പോയെങ്കിലും അത് തള്ളി. തുടർന്നാണ് സർക്കാർ സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസുമാരായ എൽ. നാഗേശ്വരറാവു, ഹൃഷികേശ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ