- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനപ്രതിനിധികൾക്കെതിരായ കേസ് പിൻവലിക്കാൻ വ്യവസ്ഥ വേണം; ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേസുകൾ പിൻവലിക്കാനാകില്ലെന്ന് സുപ്രീംകോടതി; കോടതിയുടെ നിർദ്ദേശം ക്രിമിനൽ നടപടിച്ചട്ടം 321ാം വകുപ്പ് ദുരുപയോഗം ചെയ്യുന്ന പശ്ചാത്തലത്തിൽ
ന്യൂഡൽഹി: ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാനാവില്ലെന്ന് സുപ്രീം കോടതി. നിയമസഭാ, പാർലമെന്റ് അംഗങ്ങൾ പ്രതികളായ ക്രിമിനൽ കേസുകൾ കേൾക്കുന്ന പ്രത്യേക കോടതി ജഡ്ജിമാർ ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ അതതു പദവികളിൽ തുടരണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ഹർജിയിൽ ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. കേസുകൾ പിൻവലിക്കുന്നതിനുള്ള ക്രിമിനൽ നടപടിച്ചട്ടം 321ാം വകുപ്പ് വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഇതു സംബന്ധിച്ച് അമിക്കസ് ക്യൂറി വിജയ് ഹൻസാരിയുടെ നിർദേശത്തോടു യോജിച്ചുകൊണ്ടാണ്, ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേസുകൾ പിൻവലിക്കാനാവില്ലെന്ന് ബെഞ്ച് ഉത്തരവിട്ടത്.
സാമാജികർ പ്രതികളായ കേസുകളിൽ വിചാരണ നടത്തുന്ന പ്രത്യേക കോടതി ജഡ്ജിമാരെ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ സ്ഥലംമാറ്റരുതെന്ന് ജസ്റ്റിസുമാരായ വിനീത് ശരൺ, സൂര്യകാന്ത് എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. പ്രത്യേക കോടതികളുടെ പരിഗണനയിലുള്ള കേസുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി രജിസ്ട്രാർമാർക്ക് കോടതി നിർദ്ദേശം നൽകി.
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട സാമാജികരെ ആജീവനാന്തം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.
മറുനാടന് മലയാളി ബ്യൂറോ