- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ത്രിപുര സംഘർഷ കേസ്: തിരഞ്ഞെടുപ്പ് മാറ്റിവെക്കാനാകില്ലെന്ന് സുപ്രീം കോടതി; കേന്ദ്ര സേനയെ വിന്യസിക്കണമെന്നും നിർദ്ദേശം
ന്യൂഡൽഹി: ത്രിപുര സംഘർഷത്തെ തുടർന്ന് മുൻസിപ്പൽ തിരഞ്ഞടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിർദ്ദേശിക്കുക എന്നത് ഒരു സാധാരണ തീരുമാനമല്ലെന്നും കോടതി വ്യക്തമാക്കി.
അക്രമങ്ങൾക്കിടയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചത്. നവംബർ 25 നാണ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ ത്രിപുര സർക്കാരിന് കോടതി നിർദ്ദേശം നൽകി.
മൂന്ന് കമ്പനി കേന്ദ്ര സേനയെ കൂടി സുരക്ഷക്കായി ത്രിപുരയിൽ വിന്യസിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാൻ ഐജിക്കും ഡിജിപിക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് മാറ്റിവെക്കുക എന്നത് ഏറ്റവും ഒടുവിലത്തെ മാർഗമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് പൊലീസും തിരഞ്ഞെടുപ്പ് കമ്മീഷനും ബുധനാഴ്ച യോഗം ചേർന്ന് വിലയിരുത്തണമെന്നും കോടതി വ്യക്തമാക്കി.
ത്രിപുരയിൽ തിരഞ്ഞെടുപ്പ് അടുത്തിട്ടും ഭരണകക്ഷിയുടെ നേതൃത്വത്തിൽ അക്രമം തുടരുകയാണെന്നും ക്രമസമാധാന നില സാധാരണ നിലയിലായിട്ടില്ലെന്നും പരാതിക്കാരായ തൃണമൂൽ കോൺഗ്രസ് കോടതിയിൽ വാദിച്ചു. കോടതി നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും തൃണമൂൽ അറിയിച്ചു.
ന്യൂസ് ഡെസ്ക്