ന്യൂഡൽഹി: ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം സംബന്ധിച്ച കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ന്യൂനപക്ഷ സ്‌കോളർഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ സ്റ്റേയില്ല. 80: 20 അനുപാതം ശരിയല്ലെന്നും സ്‌കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി നിലനിൽക്കും.

ഹർജി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച കോടതി കേസിലെ കക്ഷിക്കാർ നോട്ടീസ് അയച്ചു. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ചത്.

ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകളിലും സുപ്രീം കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു

സ്റ്റേ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും, മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റും നൽകിയ അപേക്ഷകളിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാല് ആഴ്‌ച്ചയ്ക്ക് ഉള്ളിൽ മറുപടി നൽകാൻ ആണ് കേസിലെ എതിർകക്ഷികളോട് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ നോട്ടീസ് അയക്കണം എന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി യു സിംഗും, സ്റ്റാന്റിങ് കോൺസൽ സി കെ ശശിയും ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു.

കഴിഞ്ഞ പതിമൂന്ന് വർഷമായി നിലനിൽക്കുന്ന സർക്കാർ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സംസ്ഥാന സർക്കാർ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യാൻ കഴിയില്ല എന്ന് ജസ്റ്റിസ്മാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.സ്റ്റേ ആവശ്യം സംബന്ധിച്ച വാദങ്ങൾ തുടരുകയാണെങ്കിൽ അപേക്ഷകൾ തള്ളുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകി.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിയാണ് കേരളം ചോദ്യം ചെയ്യുന്നത്. ജനസംഖ്യ ആനുപാതികമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്ഷിപ്പുകൾ വിതരണം ചെയ്താൽ അനർഹർക്ക് അത് ലഭിക്കും എന്നാണ് കേരളത്തിന്റെ വാദം. മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ സച്ചാർ, പാലോളി കമ്മിറ്റികൾ കണ്ടെത്തിയിരുന്നു. അതിനാലാണ് മുസ്ലിങ്ങൾക്ക് കൂടുതൽ സ്‌കോളർഷിപ്പ് അനുവദിച്ചത്.

എന്നാൽ ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സർക്കാരിന്റെ പക്കൽ ആധികാരിക രേഖകൾ ഇല്ല എന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്ക അവസ്ഥ സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ക്രിസ്ത്യാനികൾക്കും അർഹമായ സ്‌കോളർഷിപ്പ് നൽകും എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

80:20 അനുപാതം റദ്ദാക്കി ജനസംഖ്യാടിസ്ഥാനത്തിലാവണം സ്‌കോളർഷിപ്പ് നൽകണ്ടതെന്നായിരുന്നു കേരള ഹൈക്കോടതി വിധി. ന്യൂനപക്ഷ സ്‌കോളർഷിപ്പ് തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല. ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ നൽകുന്നത് വിവേചനം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിക്കാതെ സ്‌കോളർഷിപ്പ് നൽകിയാൽ അത് അനർഹർക്കായിരിക്കും ലഭിക്കുക എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം.

സ്‌കോളർഷിപ്പുകൾ മുസ്ലിം വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് 80 ശതമാനവും, 20 ശതമാനവും നീക്കിവച്ചത് ഭരണഘടനാ വിരുദ്ധം എന്ന് ചുണ്ടിക്കാട്ടിയായിരുന്നു കോടതി അനുപാതം റദ്ദാക്കിയത്. ഇതിനെതിരെ സംസ്ഥാന സർക്കാറിന് പുറമെ ഒരു സ്വകാര്യ മുസ്ലിം ട്രസ്റ്റും കോടതിയെ സമീപിച്ചിരുന്നു.

സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമായി വിതരം ചെയ്താൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളത്തിന്റെ വാദം. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു ഹർജിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമിതിച്ചു. എന്നാൽ കക്ഷികൾക്ക് നോട്ടീസ് അയച്ചു. സ്റ്റേ ചെയ്യണം എന്ന ആവശ്യത്തിൽ മേലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അതിനാൽ വിഷയം കക്ഷികളുടെ നിലപാടുകൾ കേട്ട ശേഷം വിശദമായി പിന്നീട് പരിഗണിക്കും.നിലവിൽ മുസ്ലിം വിഭാഗത്തിൽ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്കുകൾ മാത്രമാണ് സംസ്ഥാന സർക്കാരിന് പക്കലുള്ളത്. എന്നാൽ ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സർക്കാരിന്റെ പക്കൽ ആധികാരിക രേഖകൾ ഇല്ല.

സാഹചര്യം പഠിക്കാൻ കോശി സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം അനുപാതം പുനപ്പരിശോധിക്കാം. അല്ലാത്ത സാഹചര്യത്തിൽ ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്നുമാണ് സുപ്രീം കോടതിയിൽ കേരളത്തിന്റെ നിലപാട്.

80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ സിറോമലബാർ സഭ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നായിരുന്നു സഭാ നിലപാട്.

സർവകക്ഷിയോഗത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. ഇതിന് പിന്നിൽ ചില സമ്മർദ്ദമുണ്ടായെന്ന് ന്യായമായും അനുമാനിക്കണം. ഹൈക്കോടതി വിധി അംഗികരിച്ച് എല്ലാവർക്കും തുല്യനീതി നടപ്പിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നും സീറോമലബാർ സഭ വ്യക്തമാക്കിയിരുന്നു.